നായകനൊപ്പം ആടാനും പാടാനും വേണ്ടി മാത്രം നായികമാരെ കാസ്റ്റ് ചെയ്യുന്ന ഇന്‍ഡസ്ട്രിയാണ് ടോളിവുഡ്. മറ്റ് ഇന്‍ഡസ്ട്രികള്‍ ഇക്കാര്യത്തില്‍ മാറ്റം വരുത്തിയെങ്കിലും തെലുങ്ക് സിനിമയില്‍ ഇപ്പോഴും 90കളില്‍ നിന്ന് വണ്ടികിട്ടാത്ത അവസ്ഥയാണ്. നായികമാരെ പാട്ടിനും ഡാന്‍സിനും കാസ്റ്റ് ചെയ്യുമ്പോള്‍ അതിനെ വള്‍ഗറാക്കിയാണ് പല സംവിധായകരും കാണിക്കുന്നത്.
ഈ വിഷയത്തിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തെലുങ്ക് ചിത്രം പെദ്ദി. റാം ചരണിനെ നായകനാക്കി ബുച്ചി ബാബു സന സംവിധാനം ചെയ്ത ചിത്രം ശരാശരി വിജയമാണ് നേടിയത്. 300 കോടി മുടക്കി 350 കോടി കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരുന്നു. ഒ.ടി.ടിയിലെത്തിയതുമുതല്‍ ചിത്രത്തെ സോഷ്യല്‍ മീഡിയയില്‍ കീറിമുറിക്കുകയാണ്.
സ്‌പോര്‍ട് ഴോണറിലൊരുങ്ങിയ ചിത്രത്തിലെ സ്‌പോര്‍ട്‌സ് സീനുകളെല്ലാം ട്രോളന്മാരുടെ ഇരയായി മാറി. എന്നാല്‍ റിലീസ് സമയം മുതല്‍ ഇപ്പോള്‍ വരെ പലരും വിമര്‍ശിക്കുന്ന ഒന്നാണ് സംവിധായകന്‍ നായികയെ അവതരിപ്പിച്ച രീതി. ബോളിവുഡ് താരം ജാന്‍വി കപൂറാണ് ആച്ചിയമ്മ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. സ്‌ക്രീനില്‍ വരുന്ന സമയത്തെല്ലാം ശരീര പ്രദര്‍ശനത്തിനപ്പുറം ഒന്നും തന്നെ ജാന്‍വിക്ക് ചെയ്യാനുണ്ടായിരുന്നില്ല.
മറ്റുള്ള ഇന്‍ഡസ്ട്രികള്‍ ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുമ്പോള്‍ ടോളിവുഡും ബോളിവുഡും നായികമാരുടെ മേനിയഴക് ഒപ്പിയെടുക്കുന്നതില്‍ മാറ്റം വരുത്തിയിട്ടില്ലെന്നാണ് വിമര്‍ശനം. നായികയോട് പ്രേമം തോന്നുന്ന നായകന്‍ പാതിരാത്രി അവളുടെ വീട്ടില്‍ കയറി ബലമായി കയറിപ്പിടിച്ച് ചുംബിച്ചുകൊണ്ടാണ് തന്റെ പ്രണയം അറിയിക്കുന്നത്. ഈ സീനിനെയും പലരും വിമര്‍ശിക്കുന്നു.
ഇതാദ്യമായല്ല ബുച്ചി ബാബു നായികമാരെ ഇത്തരത്തില്‍ ട്രീറ്റ് ചെയ്യുന്നത്. ആദ്യചിത്രമായ ഉപ്പെനയില്‍ നായികയായ കൃതി ഷെട്ടിയെയും പല സീനില്‍ ഇത്തരത്തില്‍ ശരീര പ്രദര്‍ശനത്തിന് വേണ്ടി ഉപയോഗിച്ചിരുന്നു. ആ സിനിമ ചെയ്യുമ്പോള്‍ വെറും 17 വയസ് മാത്രമായിരുന്നു കൃതിയുടെ പ്രായം. ഇപ്പോഴിതാ ജാന്‍വി കപൂറിനെയും സെക്ഷ്വല്‍ ഒബ്ജക്ടിഫിക്കേഷന് വേണ്ടി മാത്രം ബുച്ചി ബാബു ഉപയോഗിച്ചിരിക്കുകയാണ്.
തെലുങ്ക് സിനിമയില്‍ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സും ലോജിക്കും ചികയാന്‍ നില്‍ക്കരുതെന്ന് പറഞ്ഞാലും കലാകാരന് പൊളിറ്റിക്കല്‍ കമ്മിറ്റ്‌മെന്റ് എന്നൊന്ന് ഉണ്ടെന്ന കാര്യം ബുച്ചി ബാബുവിനെപ്പോലുള്ള സംവിധായകര്‍ മനസിലാക്കണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. പുഷ്പ, രംഗസ്ഥലം പോലുള്ള സിനിമകള്‍ ചെയ്ത സുകുമാറിന്റെ ശിഷ്യനാണ് ബുച്ചി ബാബുവെന്നും സ്ത്രീ കഥാപാത്രങ്ങളെ എങ്ങനെ അവതരിപ്പിക്കണമെന്ന് ഇക്കൂട്ടര്‍ ഒരുകാലത്തും മനസിലാക്കില്ലെന്നും വിമര്‍ശനമുണ്ട്.
Content Highlight: Buchi Babu Sana getting criticisms for casting heroines in his films
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ