ലഖ്‌നൗ: ബഹുജൻ സമാജ് പാർട്ടിയിൽ (ബി.എസ്.പി) കുടുംബ തർക്കങ്ങൾ മുറുകുന്നതിനിടെ, നിർണായക തീരുമാനവുമായി പാർട്ടി അധ്യക്ഷ മായാവതി. തന്റെ രണ്ട് മരുമക്കളായ ആകാശ് ആനന്ദിനെയും ഈഷാൻ ആനന്ദിനെയും എല്ലാ പാർട്ടി പദവികളിൽനിന്നും സജീവ രാഷ്ട്രീയത്തിൽനിന്നും മാറ്റിനിർത്തുകയാണെന്ന് മായാവതി അറിയിച്ചു.
ഇരുവരെയും ഇനി രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരില്ലെന്നത് തന്റെ അന്തിമ തീരുമാനമാണെന്നാണ് 70-കാരിയായ പാർട്ടി അധ്യക്ഷ വ്യക്തമാക്കിയതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ രാഷ്ട്രീയ പിൻഗാമിയായി ഉയർത്തിക്കാട്ടിയിരുന്ന ആകാശ് ആനന്ദിനെ ചുമതലകളിൽനിന്ന് പൂർണമായി ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ നീക്കം. ആകാശിനെ മാറ്റിയ ശേഷം സഹോദരൻ ഈഷാൻ ആനന്ദിനെ ചീഫ് സെക്ടർ കോർഡിനേറ്ററാക്കിയിരുന്നുവെങ്കിലും ആ പദവിയും റദ്ദാക്കി.
2027 ഫെബ്രുവരിയിൽ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാർട്ടിയിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നത്. 2022ലെ യു.പി നിയമസഭയിൽ ഒരു സീറ്റിലും 2024ലെ ലോക്സഭയിൽ പൂജ്യം സീറ്റിലും ഒതുങ്ങിയ പാർട്ടിയിൽ അധികാരം പൂർണമായും സ്വന്തം കൈകളിൽ കേന്ദ്രീകരിക്കാനാണ് മായാവതിയുടെ ശ്രമം.
ഈ സാഹചര്യത്തിൽ, ബി.എസ്.പിയുടെ ദൈനംദിന രാഷ്ട്രീയ-സംഘടനാ കാര്യങ്ങളിൽ മായാവതിയെ സഹായിക്കുന്ന പ്രധാന എട്ട് വിശ്വസ്ത നേതാക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പാർട്ടി നീങ്ങുന്നത്. മായാവതിയുടെ ഇളയ സഹോദരനും പാർട്ടി വൈസ് പ്രസിഡന്റുമായ ആനന്ദ് കുമാർ യു.പിയും ഉത്തരാഖണ്ഡും ഒഴികെയുള്ള സംസ്ഥാനങ്ങളിലെ സംഘടനാ ഏകോപനത്തിന് നേതൃത്വം നൽകുമ്പോൾ, മുതിർന്ന അഭിഭാഷകനും ദേശീയ ജനറൽ സെക്രട്ടറിയുമായ സതീഷ് ചന്ദ്ര മിശ്ര നിയമ-മാധ്യമ കാര്യങ്ങളും ബ്രാഹ്മണ-ദളിത് ‘ഭായ്‌ചാര’ സഖ്യ നീക്കങ്ങളും നിയന്ത്രിക്കുന്നു.
മായാവതിയുടെ മുൻ ഒ.എസ്.ഡിയും ദേശീയ ജനറൽ സെക്രട്ടറിയുമായ മെവാലാൽ ഗൗതം ഓഫീസ് ഏകോപനവും ഒ.ബി.സി വിഭാഗങ്ങളിലേക്കുള്ള പ്രചാരണങ്ങളും കൈകാര്യം ചെയ്യുന്നു.
ദൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജനറൽ സെക്രട്ടറി അരവിന്ദ് കുമാർ ഗൗതം ദേശീയതലത്തിലെ യോഗങ്ങളുടെയും സ്മാരക പരിപാടികളുടെയും ക്രമീകരണങ്ങൾ നിർവഹിക്കുമ്പോൾ, പാർട്ടി ട്രഷററായ തമിഴ്‌നാട് സ്വദേശി ശ്രീധർ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങളും സ്ഥാനാർഥികളുടെ വിവരശേഖരണവും നിയന്ത്രിക്കുന്നു.
നിലവിൽ പാർലമെന്റിലെ പാർട്ടിയുടെ ഏക സാന്നിധ്യമായ രാജ്യസഭാംഗം രാംജി ഗൗതം സഭയിലെ വിഷയങ്ങളിലും ദേശീയതല തന്ത്രങ്ങളിലും മായാവതിയുടെ പ്രധാന ഉപദേശകനായി പ്രവർത്തിക്കുന്നു.
പിന്നാക്ക വിഭാഗത്തിൽനിന്നുള്ള യു.പി സംസ്ഥാന അധ്യക്ഷൻ വിശ്വനാഥ് പാൽ 2027ലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കും താഴെത്തട്ടിലെ സംഘടനാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുമ്പോൾ, മുൻ എം.എൽ.സിയും ദേശീയ സെക്രട്ടറിയുമായ നൗഷാദ് അലി മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലെ പ്രചാരണ ചുമതലകളും ന്യൂനപക്ഷ ഏകോപനവും നിർവഹിക്കുന്നു. ഇവരെ മുൻനിർത്തിയാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി അടിത്തറ തിരിച്ചുപിടിക്കാൻ മായാവതി കരുക്കൾ നീക്കുന്നത്.
Content Highlight:BSP Succession Row Intensifies; Mayawati Keeps Nephews Out, Relies on Eight Key Loyalists to Lead the Party.