| Friday, 12th December 2025, 8:21 am

സൈന്യത്തെക്കുറിച്ചുള്ള പരാമര്‍ശം; അസം ഖാനെ കുറ്റവിമുക്തനാക്കി, ജയിലില്‍ തുടരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സൈന്യത്തെക്കുറിച്ചുള്ള പരാമര്‍ശത്തിലെ കേസില്‍ സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ അസം ഖാനെ കുറ്റവിമുക്തനാക്കി. എട്ടുവര്‍ഷം മുമ്പുള്ള കേസിലാണ് അദ്ദേഹത്തെ വെറുതെവിട്ടത്.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അസം ഖാന്‍ സൈന്യത്തെ അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് ആകാശ് സക്‌സേന നല്‍കിയ പരാതിയാണ് കേസിനാസ്പദമായ സംഭവം. കുറ്റക്കാരനാക്കാന്‍ മതിയായ തെളിവുകളില്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് യു.പിയിലെ പ്രത്യേക ജനപ്രതിനിധി കോടതിയുടെ വിധി.

എന്നാല്‍ ഈ വര്‍ഷം നവംബറിലും ഡിസംബറിലും രണ്ട് വ്യത്യസ്ത കേസുകളിലായി അസം ഖാനും മകന്‍ അബ്ദുള്ള അസമിനും ഏഴ് വര്‍ഷം വീതം തടവ് ശിക്ഷ ലഭിച്ചതിനാല്‍ ഖാന്‍ ജയിലില്‍ തന്നെ തുടരും.

വ്യത്യസ്ത ജനനത്തീയതികളുള്ള വ്യാജ രേഖകള്‍ ഉപയോഗിച്ച് അബ്ദുള്ള രണ്ട് പാന്‍ കാര്‍ഡുകള്‍ നേടിയതുമായി ബന്ധപ്പെട്ട 2019ലെ കേസില്‍ കഴിഞ്ഞ മാസം ജനപ്രതിനിധികളുടെ പ്രത്യേക കോടതി അസം ഖാനും അബ്ദുള്ളയ്ക്കും ഏഴ് വര്‍ഷം തടവും 50,000 രൂപ വീതം പിഴയും വിധിച്ചിരുന്നു.

യു.പിയില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഭൂമി കൈയേറ്റം, അഴിമതി, ഭീഷണിപ്പെടുത്തല്‍, ആട് മോഷണം, വഞ്ചന, പ്രകോപന പരമായ പ്രസംഗം എന്നിവയുള്‍പ്പെടെ മൊത്തം 84 കേസുകളാണ് അസം ഖാനെതിരെ രാംപൂര്‍ കോടതിയില്‍ രജിസ്റ്റര്‍ ചെയ്തത്.

ഇതില്‍ നാല് കേസുകളിലാണ് ഖാന്‍ ശിക്ഷിക്കപ്പെട്ടത്. നാല് കേസുകളില്‍ വെറുതെവിടുകയും ചെയ്തു. മറ്റുള്ള കേസുകള്‍ പരിഗണനയിലാണ്.

Content Highlight: Samajwadi Party leader and former minister Azam Khan acquitted in army remark case

We use cookies to give you the best possible experience. Learn more