| Tuesday, 13th October 2026, 9:02 pm

അവന് വെറും പതിനാല് വയസുള്ളപ്പോഴാണ് ആദ്യമായി ഞങ്ങള്‍ കണ്ടുമുട്ടുന്നത്; വൈകാരിക കുറിപ്പുമായി ബ്രയാന്‍ ക്രാന്‍സ്റ്റണ്‍

അശ്വിന്‍ രാജേന്ദ്രന്‍

ബ്രേക്കിങ് ബാഡ് എന്ന അമേരിക്കന്‍ ടെലിവിഷന്‍ സിരീസിലൂടെ ശ്രദ്ധേയനായ ആര്‍.ജെ മിറ്റിയുടെ വിയോഗം ഞെട്ടലോടെയായിരുന്നു സിനിമാ-സിരീസ് പ്രേക്ഷകര്‍ അറിഞ്ഞത്. സിരീസിലെ കേന്ദ്രകഥാപാത്രമായ വാള്‍ട്ടര്‍ വൈറ്റിന്റെ മകനായ വാള്‍ട്ടര്‍ വൈറ്റ് ജൂനിയറായി വേഷമിട്ട താരംദീര്‍ഘകാലം സിരീസിന്റെ ഭാഗമായിരുന്നു.

നടന് പുറമെ ജീവകാരുണ്യ പ്രവര്‍ത്തകനും ഭിന്നശേഷി അവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായി വാദിച്ചയാളുമായ ആര്‍.ജെ മിറ്റി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. താരത്തിന്റെ വിയോഗത്തിന് പിന്നാലെ സിരീസില്‍ വാള്‍ട്ടര്‍ വൈറ്റായി വേഷമിട്ട ബ്രയാന്‍ ക്രാന്‍സ്റ്റണ്‍ പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ആര്‍.ജെ മിറ്റി. Photo: Entertainment Weekly

‘ഇന്ന് രാത്രി ഈ വരികള്‍ എഴുതുമ്പോള്‍ ഞാന്‍ അഗാധമായ ദുഃഖത്തിലാണ്. ‘ബ്രേക്കിങ് ബാഡ്’ എന്ന പരമ്പരയില്‍ എന്റെ പ്രിയപ്പെട്ട മകനായി വേഷമിട്ട ആര്‍.ജെ മിറ്റി അന്തരിച്ചിരിക്കുന്നു. അവന് വെറും 14 വയസ്സുള്ളപ്പോഴാണ് ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടുന്നത്. ‘വാള്‍ട്ടര്‍ വൈറ്റ് ജൂനിയര്‍’ എന്ന കഥാപാത്രത്തെ അവന്‍ അങ്ങേയറ്റം സന്തോഷത്തോടും ആവേശത്തോടുമാണ് അവതരിപ്പിച്ചത്.

സെറിബ്രല്‍ പാള്‍സി ബാധിതനായി ജനിച്ചിട്ടും, ആ അവസ്ഥയെ ഒന്നിനും ഒരു ഒഴിവുകഴിവായി ഉപയോഗിക്കാന്‍ അവന്‍ ഒരിക്കലും അനുവദിച്ചില്ല. കഠിനമായ ഷൂട്ടിംഗ് ഷെഡ്യൂളുകളെ അവന്‍ നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടു. ടി.വിയിലെ തന്റെ മാതാപിതാക്കളായ ഞങ്ങളുടെ (അന്ന ഗണ്ണും ഞാനും) ഉപദേശങ്ങള്‍ അവന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു – എങ്കിലും കൗമാരക്കാരനായതുകൊണ്ട്, ചിലപ്പോഴൊക്കെ സ്വന്തം അനുഭവങ്ങളിലൂടെ കാര്യങ്ങള്‍ പഠിക്കാനായി ആ ഉപദേശങ്ങള്‍ കുസൃതിയോടെ അവഗണിക്കാറുമുണ്ടായിരുന്നു… ഒരു ഹിറ്റ് ടി.വി ഷോയിലെ താരമായിരുന്നിട്ടും, അവന്‍ അപ്പോഴും ഒരു കുട്ടിയായിരുന്നു.

2007 ഫെബ്രുവരിയില്‍ പൈലറ്റ് എപ്പിസോഡിന്റെ ചിത്രീകരണം തുടങ്ങിയപ്പോള്‍ അവന്‍ അഭിനയരംഗത്ത് തികച്ചും പുതുമുഖമായിരുന്നു. എന്നാല്‍ ക്രമേണ അവന്‍ മികച്ചൊരു നടനായി വളരുന്നത് ഞങ്ങള്‍ കണ്ടു. ആ ഷോയില്‍ നിന്നുള്ള അനുഭവസമ്പത്ത് ഉപയോഗിച്ച് ഭിന്നശേഷിക്കാരായ കലാകാരന്മാര്‍ക്ക് വേണ്ടി അവന്‍ ശക്തമായി വാദിച്ചു. ഭിന്നശേഷി വിഭാഗത്തെ സഹായിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു ജീവകാരുണ്യ സംഘടനയുടെ തലവനായും അവന്‍ പ്രവര്‍ത്തിച്ചു.

ബ്രയാന്‍ ആര്‍.ജെ മിറ്റിക്കൊപ്പം. Photo: Variety

അത്രയേറെ വാഗ്ദാനങ്ങളും സാധ്യതകളുമുള്ള ഒരാളുടെ വിയോഗം വലിയൊരു നഷ്ടമാണ്.
അവന്‍ സ്വയം ജീവനൊടുക്കി എന്ന വാര്‍ത്ത കേട്ടപ്പോള്‍ അതിയായ ദുഃഖം തോന്നുന്നു.
എന്തിന്?

കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് മാത്രം ഞങ്ങള്‍ പരസ്പരം സന്ദേശങ്ങള്‍ അയച്ചിരുന്നു – ഒരുമിച്ച് എപ്പോള്‍ കാണാം എന്ന് ആലോചിച്ചുകൊണ്ട്. ആ കൂടിക്കാഴ്ച അവന്റെ ഭാവിയില്‍ എന്തെങ്കിലും മാറ്റം വരുത്തുമായിരുന്നോ എന്ന് എനിക്കറിയില്ല… പക്ഷേ, എനിക്കൊരു കാര്യം ഉറപ്പാണ് – ഞാന്‍ അവനെ സ്‌നേഹിച്ചിരുന്നു. ആ പരമ്പരയുടെ കാലയളവിലും, ‘ബ്രേക്കിങ് ബാഡ്’ എന്ന പരമ്പരയുടെ പ്രശസ്തിയുടെ കാലം കഴിഞ്ഞ ശേഷവും അവനോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ ഞാന്‍ ആസ്വദിച്ചിരുന്നു.. മോനേ, നിന്നെ ഞാന്‍ വല്ലാതെ മിസ് ചെയ്യും,’ ബ്രയാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Content Highlight: Bryan cranston’s post about late R J Mitte

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more