| Wednesday, 11th November 2026, 1:31 pm

'ജയ് ശ്രീറാം' വിളികളോടെ അതിക്രമിച്ചു കയറി ക്രൂരമര്‍ദനം; ബംഗാളില്‍ പ്രാര്‍ത്ഥനായോഗത്തിന് നേരെ ഹിന്ദുത്വ ആക്രമണം

നിഷാന. വി.വി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ക്രൈസ്തവ പ്രാര്‍ത്ഥനാ യോഗത്തിന് നേരെ സംഘപരിവാര്‍ ആക്രമണം. പൂര്‍ബ ബര്‍ധമാന്‍ ജില്ലയിലെ റയാന്‍ ഗ്രാമത്തിലാണ് സംഭവം. നാല്‍പ്പതംഗ സംഘമാണ് പ്രാര്‍ത്ഥനാ യോഗത്തിന് നേരെ അതിക്രമം നടത്തിയത്. സംഭവത്തില്‍ പാസ്റ്റര്‍ക്കും നിരവധി വിശ്വാസികള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

പ്രാര്‍ത്ഥനാ യോഗങ്ങള്‍ വഴി ഹിന്ദുക്കളെ മതം മാറ്റുന്നുവെന്നും ഹണി ട്രാപ്പ് നടത്തുന്നുവെന്നും ആരോപിച്ചായിരുന്നു ആക്രമണം. ആക്രമികള്‍ തങ്ങളെ നിര്‍ബന്ധിച്ച് ജയ്ശ്രീരാം വിളിപ്പിച്ചതായും ഹിന്ദു പ്രദേശമാണെന്നും അതിനാല്‍ യേശുവിനെ ആരാധിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും വിശ്വാസികള്‍ പറഞ്ഞു.

പരിക്കേറ്റ വിശ്വാസികള്‍ ബര്‍ധമാന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും സ്റ്റേഷനുള്ളില്‍ അക്രമികളെത്തി ഭീഷണിപ്പെടുത്തിതോടെ പരാതി പിന്‍വലിക്കുകയായിരുന്നു. ആക്രമണത്തില്‍ 17 വയസുള്ള ഒരു ആണ്‍കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും രക്തം വാര്‍ന്നൊഴുകുകയും ചെയ്തു.

പ്രാണരക്ഷാര്‍ത്ഥം അടുക്കളയില്‍ കയറി വാതിലടച്ച പാസ്റ്റര്‍ ചൊട്ടു റുയിദാസിനെ, അക്രമികള്‍ വാതില്‍ തകര്‍ത്ത് പുറത്തേക്ക് വലിച്ചിഴച്ച് മര്‍ദിച്ചു. പാസ്റ്ററെ രക്ഷിക്കാന്‍ ശ്രമിച്ച അദ്ദേഹത്തിന്റെ മൂത്ത സഹോദരിയെ അക്രമികള്‍ ചവിട്ടിവീഴ്ത്തുകയും അവര്‍ ബോധരഹിതയാവുകയും ചെയ്തു. ഇവരെ പിന്നീട് അടുത്തുള്ള ഡിസ്‌പെന്‍സറിയില്‍ പ്രവേശിപ്പിച്ചു.

സാഗരി കൊനായി എന്ന വയോധികയായ വിശ്വാസിയുടെ വീട്ടിലെത്തിയ സംഘം അവരെയും മര്‍ദിക്കുകയും കയ്യിന് ഒടിവ് സംഭവിക്കുകയും ചെയ്തു. പരിക്കേറ്റ ഇവരെക്കൊണ്ട് ചെവിയില്‍ പിടിച്ച് ഏത്തമിടീപ്പിക്കുകയും സമീപത്തെ ക്ഷേത്രത്തില്‍ കൊണ്ടുപോയി ഹിന്ദു ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Content Highlight: Brutal assault following a forced entry amid chants of ‘Jai Shri Ram’; Hindutva attack on a prayer meeting in Bengal.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more