| Saturday, 15th August 2026, 4:28 pm

പെലെയെ മികച്ച താരമെന്ന് പറയാനാകില്ല, മികച്ചത് അദ്ദേഹമാണ്: ബ്രൂണോ ഫെര്‍ണാണ്ടസ്

സുദേവ് എ

ആധുനിക ഫുട്ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസി-ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോട്ട് ഡിബേറ്റില്‍ തന്റെ ഇഷ്ട താരത്തെക്കുറിച്ച് പലര്‍ക്കും പല അഭിപ്രായങ്ങളാണുള്ളത്. മെസിയാണോ റൊണാള്‍ഡോയാണോ മികച്ച കളിക്കാരനെന്നത് ഫുട്ബോള്‍ ആരാധകരെ പ്രതിസന്ധിയിലാക്കുന്ന ചോദ്യമാണ്. ഇരുവരും കരിയറില്‍ മത്സരിച്ചാണ് റെക്കോഡുകള്‍ വാരിക്കൂട്ടിയിട്ടുള്ളത്.

ഗോട്ട് ഡിബേറ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍താരം ബ്രൂണോ ഫെര്‍ണാണ്ടസ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഓരോരുത്തര്‍ക്കും തന്റെ രാജ്യത്തിന് വേണ്ടി കളിക്കുന്ന താരത്തെയാകും ഇഷ്ടമാവുകയെന്നും അതിനാല്‍ താനൊരു പോര്‍ച്ചുഗീസുകാരനായതിനാല്‍ റൊണാള്‍ഡോയെയാണ് കൂടുതല്‍ ഇഷ്ടമെന്നുമാണ് ബ്രൂണോ പറഞ്ഞത്. ബ്രസീലിയന്‍ ലെജന്‍ഡ് പെലെയെക്കുറിച്ചും ബ്രൂണോ സംസാരിച്ചു.

പലര്‍ക്കും പെലെയെയും മെസിയെയും ആയിരിക്കും കൂടുതല്‍ ഇഷ്ടമെന്നും എന്നാല്‍ പെലെയെ മികച്ച താരമായി തനിക്ക് കണക്കാക്കാന്‍ സാധിക്കില്ലെന്നും ബ്രൂണോ പറഞ്ഞു. സോക്കര്‍ ബൈബിളിന്റെ ദി ഡയല്‍ ആപ്പ് പോഡ്കാസ്റ്റിലൂടെയാണ് പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

‘നിങ്ങള്‍ക്ക് റൊണാള്‍ഡോയെക്കാള്‍ മെസിയെയാകും കൂടുതല്‍ ഇഷ്ടം. അല്ലെങ്കില്‍ പെലെയെയോ മറ്റേതെങ്കിലും താരത്തെയോ ആകും. എന്നാല്‍ എനിക്ക് പെലെയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് പറയാനാകില്ല. കാരണം അദ്ദേഹം കളിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.

ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച പ്രകടനം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെതാണ്. മെസിയും റൊണാള്‍ഡോയും മികച്ച താരങ്ങളാണ്. അവര്‍ മികച്ച താരങ്ങള്‍ അല്ലെന്ന് നിങ്ങള്‍ക്കൊരിക്കലും പറയാനാകില്ല. ഇറ്റാലിയന്‍ ജനങ്ങള്‍ക്ക് ചിലപ്പോള്‍ പിര്‍ലോയെ ആയിരിക്കും ഇഷ്ടമാവുക, ഇംഗ്ലണ്ടിലെ ആളുകള്‍ക്ക് ബെക്കാമിനെയും. ഞാനൊരു പോര്‍ച്ചുഗീസുകാരനായത് കൊണ്ട് എനിക്ക് റോണോയെയാണ് ഇഷ്ടം,’ ബ്രൂണോ ഫെര്‍ണാണ്ടസ് പറഞ്ഞു.

നിലവില്‍ 2026 ലോകകപ്പിന് ശേഷം ഇരു താരങ്ങളും ക്ലബ്ബ് ഫുട്ബോളില്‍ വീണ്ടും സജീവമായിരിക്കുകയാണ്. റൊണാള്‍ഡോക്ക് പ്രീക്വാര്‍ട്ടര്‍ വരെയാണ് ലോകകപ്പില്‍ മുന്നേറാന്‍ സാധിച്ചത്. ചാമ്പ്യന്മാരായ സ്പെയ്നിനോട് പരാജയപ്പെട്ടായിരുന്നു പോര്‍ച്ചുഗലിന്റെ മടക്കം. 41ാം വയസില്‍ തന്റെ ആറാം ലോകകപ്പിനിറങ്ങിയ റൊണാള്‍ഡോ ടൂര്‍ണമെന്റില്‍ മൂന്ന് ഗോളുകള്‍ നേടി ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഉസ്ബെക്കിസ്ഥാനെതിരെ ഇരട്ടഗോള്‍ നേടിയ റൊണാള്‍ഡോ പിന്നീട് ക്രൊയേഷ്യക്കെതിരെയും ലക്ഷ്യം കണ്ടു. ഈ ടൂര്‍ണമെന്റിലും ഗോള്‍ നേടിയതോടെ ലോകകപ്പ് ചരിത്രത്തില്‍ ആറ് വ്യത്യസ്ത പതിപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും പോര്‍ച്ചുഗലിന്റെ എക്കാലത്തെയും മികച്ച ലോകകപ്പ് ഗോള്‍ വേട്ടക്കാരനെന്ന റെക്കോഡും റൊണാള്‍ഡോ സ്വന്തമാക്കി.

Content Highlight: Bruno Fernandez talks about Cristiano Ronaldo

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more