| Tuesday, 28th April 2026, 4:44 pm

ഗോള്‍ അടിച്ചും അടിപ്പിച്ചും ക്യാപ്റ്റന്‍; മാഞ്ചസ്റ്ററിലെ റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പം ബ്രൂണോ

Sudev A

ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ബ്രെന്റ്ഫോര്‍ട്ടിനെതിരെ ആവേശകരമായ വിജയമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയത്. റെഡ് ഡെവിള്‍സിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രെന്റ്ഫോര്‍ട്ടിനെ യുണൈറ്റഡ് വീഴ്ത്തിയത്.

മത്സരം തുടങ്ങി 11ാം മിനിറ്റില്‍ തന്നെ ബ്രസീലിയന്‍ താരം കാസിമിറോയുടെ ഗോളില്‍ യുണൈറ്റഡ് ലീഡ് നേടി. 43ാം മിനിറ്റില്‍ ബെഞ്ചമിന്‍ സെസ്‌കോയുടെ ഗോളിലൂടെ യുണൈറ്റഡ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. ആദ്യ പകുതി പിന്നിടുമ്പോള്‍ തന്നെ റെഡ് ഡെവിള്‍സ് മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്നു.

മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മത്യാസ് ജെന്‍സണിലൂടെ ബ്രെന്റഫോര്‍ട്ട് ആശ്വാസ ഗോള്‍ കണ്ടെത്തി. ബെഞ്ചമിന്‍ സെസ്‌കോക്ക് അസിസ്റ്റ് നല്‍കി തിളങ്ങാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നായകന്‍ സാധിച്ചിരുന്നു. ഈ സീസണില്‍ മറ്റൊരു ഗോളിന് വഴിയൊരുക്കിയതോടെ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒരു നാഴികക്കല്ലിനൊപ്പമെത്താനും ബ്രൂണോക്ക് സാധിച്ചു.

ബ്രൂണോ ഫെർണാണ്ടസ്

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തിയ ഗോള്‍ ഇന്‍വോള്‍മെന്റിന്റെ റെക്കോഡിനൊപ്പമെത്താനാണ് ബ്രൂണോക്ക് സാധിച്ചത്. 140 ഗോള്‍ സംഭാവനകളാണ് ബ്രൂണോ ഇതുവരെ റെഡ് ഡെവിള്‍സിനായി നടത്തിയത്. 70 വീതം ഗോളുകളും അസിസ്റ്റുകളും നേടിയാണ് യുണൈറ്റഡ് നായകന്‍ കുതിക്കുന്നത്. രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളില്‍ റെഡ് ഡെവിള്‍സിനായി ബൂട്ട് കെട്ടിയ റൊണാള്‍ഡോ 103 ഗോളുകളും 37 അസിസ്റ്റുകളുമാണ് നേടിയത്.

മത്സരത്തില്‍ നേടിയ അസിസ്റ്റിന് പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന താരമെന്ന നേട്ടത്തിലേക്കും താരം അടുത്തിരിക്കുകയാണ്. 19 അസിസ്റ്റുകളുമായി ബ്രൂണോ ഈ നേട്ടത്തിന്റെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്.

19 അസിസ്റ്റുകള്‍ നേടിയ ജര്‍മന്‍ ഇതിഹാസം മെസ്യൂട് ഓസിലിനൊപ്പമാണ് ബ്രൂണോ. 2015-16 സീസണിലായിരുന്നു ഓസില്‍ 19 അസിസ്റ്റുകള്‍ ആഴ്സണലിന് വേണ്ടി സ്വന്തമാക്കിയത്. ഈ സീസണില്‍ വരാനിരിക്കുന്ന മത്സരങ്ങളില്‍ രണ്ട് അസിസ്റ്റുകള്‍ കൂടി നേടിയാല്‍ ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ബ്രൂണോക്ക് സാധിക്കും.

അതേസമയം നിലവില്‍ ഇംഗ്ലീഷ് പ്രിമീയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 34 മത്സരങ്ങളില്‍ നിന്നും 17 വിജയവും 10 സമനിലയും ഏഴ് തോല്‍വിയുമടക്കം 61 പോയിന്റാണ് റെഡ് ഡെവിള്‍സിനുള്ളത്.

Content Highlight: Bruno Fernandez Reached Cristiano Ronaldo Record in Manchester United

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more