| Monday, 31st August 2026, 11:35 am

റൊണാള്‍ഡൊക്കൊപ്പം ചരിത്രമെഴുതി ബ്രൂണോ ഫെര്‍ണാണ്ടസ്; മാഞ്ചസ്റ്ററില്‍ ഹാട്രിക് കൊടുങ്കാറ്റ്!

സുദേവ് എ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഇപ്സ്വിച് ടൗണിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുത്തിയത്.

സീസണിലെ ആദ്യ മത്സരത്തില്‍ പ്രമോഷന്‍ നേടിയെത്തിയ ഹള്‍ സിറ്റിയോട് പരാജയപ്പെട്ട റെഡ് ഡെവിള്‍സ് രണ്ടാം മത്സരത്തില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയാണ് കരുത്ത് കാട്ടിയത്.

ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഹാട്രിക് കരുത്തിലാണ് മാഞ്ചസ്റ്ററിന്റെ വമ്പന്‍ ജയം. മത്സരത്തിന്റെ 40, 61, 68 എന്നീ മിനിട്ടുകളിലായിരുന്നു ബ്രൂണോയുടെ ഹാട്രിക് പിറന്നത്. മത്സരത്തില്‍ ഒരു അസിസ്റ്റ് നേടി തിളങ്ങാനും ബ്രൂണോക്ക് സാധിച്ചു.

മാഞ്ചെസ്റ്ററിന് വേണ്ടി പോര്‍ച്ചുഗീസ് താരം നേടുന്ന മൂന്നാമത്തെ ഹാട്രിക് ആയിരുന്നു ഇത്. ഇതോടെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി നേടിയ ഹാട്രിക് റെക്കോഡിനൊപ്പമെത്താനും ബ്രൂണോക്ക് സാധിച്ചു.

2021ല്‍ ലീഡ്‌സ് യൂണൈറ്റഡിനെതിരെയായിരുന്നു ബ്രൂണോയുടെ മാഞ്ചസ്റ്റര്‍ ജേഴ്‌സിയിലുള്ള ആദ്യ ഹാട്രിക്. 2025ല്‍ യുവേഫ യൂറോപ്പ ലീഗില്‍ റയല്‍ സോസിഡാഡിനെതിരെയായിരുന്നു താരത്തിന്റെ രണ്ടാം ഹാട്രിക് നേട്ടം. ഇപ്പോള്‍ ഇപ്‌സ്വിച് ടൗണിനെതിരെയും ഹാട്രിക് നേടിയതോടെയാണ് ബ്രൂണോ റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പമെത്തിയത്.

മാഞ്ചസ്റ്ററില്‍ രണ്ട് കാലഘട്ടങ്ങളിലായി കളിച്ച റൊണാള്‍ഡോ 2008 സീസണിലാണ് ആദ്യ ഹാട്രിക് സ്വന്തമാക്കിയത്. ന്യൂകാസ്റ്റില്‍ യൂണൈറ്റഡിനെതിരെയായിരുന്നു റൊണാള്‍ഡോയുടെ ഹാട്രിക് നേട്ടം. പിന്നീട് രണ്ടാം വരവില്‍ 2022ല്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിനെതിരെയും നോര്‍വിച്ച് സിറ്റിക്കെതിരെയുമായിരുന്നു പോര്‍ച്ചുഗീസ് ഇതിഹാസത്തിന്റെ ഹാട്രിക് നേട്ടം.

അതേസമയം മത്സരത്തില്‍ ബ്രൂണോയുടെ ഹാട്രിക്കിന് പുറമെ ഇപ്സ്വിച് ടൗണ്‍ താരം ജേക്കബ് ഗ്രിബ്‌സിന്റെ ഓണ്‍ ഗോളും ബ്രയാന്‍ എംബ്യൂമോയുടെ ഗോളും റെഡ് ഡെവിള്‍സിന് വമ്പന്‍ വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി. ലീഫ് ഡേവിസ്, ചൂബ അക്പോം എന്നിവരാണ് ഇപ്സ്വിച് ടൗണിനായി ഗോളുകള്‍ നേടിയത്.

ഈ സീസണിലെ ആദ്യ വിജയത്തോടെ മൂന്ന് പോയിന്റുമായി ഇംഗ്ലീഷ് പ്രിമീയര്‍ ലീഗിന്റെ പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് ബ്രൂണോ ഫെര്‍ണാണ്ടസും സംഘവും. പ്രിമീയര്‍ ലീഗില്‍ സെപ്റ്റംബര്‍ ആറിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടുത്ത മത്സരത്തിനിറങ്ങുന്നത്. എവര്‍ട്ടണ്‍ ആണ് ടീമിന്റെ എതിരാളികള്‍.

Content Highlight: Bruno Fernandez matches Cristiano Ronaldo hatric record 8in Manchester United

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more