ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡിയുടെ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള സാമ്പത്തിക, കോര്‍പ്പറേറ്റ് ബന്ധങ്ങളെക്കുറിച്ച് കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് ഭാരത് രാഷ്ട്ര സമിതി (ബി.ആര്‍.എസ്.). തെലങ്കാന ഭരണകൂടത്തെ വെല്ലുവിളിച്ചുകൊണ്ട് ബി.ആര്‍.എസ് മുന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ മന്നെ കൃഷാങ്ക് ശനിയാഴ്ച പത്രസമ്മേളനം നടത്തി.
മെഡിക്കോവര്‍ ആശുപത്രി ഇടപാടിലൂടെ 13,000 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം നിയമാനുസൃത ഫണ്ടാക്കി മാറ്റാന്‍ മുഖ്യമന്ത്രി സൗകര്യമൊരുക്കി എന്നതാണ് പ്രധാന ആരോപണം.
ആരോപണങ്ങള്‍ക്ക് കൃത്യമായ തെളിവുകളുണ്ടെന്നും പൊതുജനങ്ങളുടെയും അന്വേഷണ ഏജന്‍സികളുടെയും മുമ്പാകെ വിശദാംശങ്ങള്‍ സമര്‍പ്പിക്കുമെന്നും കൃഷാങ്ക് പറഞ്ഞു.
മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട് കമ്പനികള്‍ ഉള്‍പ്പെടുന്ന ബിസിനസ് താത്പര്യങ്ങള്‍, സ്വത്തുക്കള്‍, നിക്ഷേപങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച് സ്വതന്ത്രമായ ഇ.ഡി അന്വേഷണം നടത്തണമെന്ന് കൃഷാങ്ക് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക് മെഡിക്കോവര്‍ ഹോസ്പിറ്റല്‍സ്, മാക്‌സ്ബിയന്‍ ഫാര്‍മ, സഹൃദ. ഹെല്‍ത്ത് കെയര്‍ , ഗീത ഓട്ടോമോട്ടിവ്, ചില കോര്‍പ്പറേറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധമുണ്ടന്നും ഈ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം, ഓഹരി പങ്കാളിത്തം, ഫണ്ടുകളുടെ ഉറവിടം, ഇടപാടുകള്‍ എന്നിവ സംബന്ധിച്ച് കൃഷാങ്ക് ചോദ്യമുന്നയിച്ചു.
കുടുംബത്തിന്റെ സ്വത്തുകളിലും ബിസിനസ് താത്പര്യങ്ങളിലും ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ടെന്നും അവരുടെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ പരസ്യമാക്കണമെന്നും ആവശ്യമുണ്ട്.
‘നിയമം എല്ലാവര്‍ക്കും ഒരു പോലെയാകണം. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അഴിമതിയും കള്ളപ്പണവും തടയുന്നതില്‍ ഗൗരവമുള്ളവരാണെങ്കില്‍ ഈ ആരോപണങ്ങളില്‍ നിഷ്പക്ഷമായ ഇ.ഡി അന്വേഷണത്തിന് ഉത്തരവിടണം’, കൃഷാങ്ക് പറഞ്ഞു.
പത്രസമ്മേളനത്തിന് പിന്നാലെ മെഡിക്കോവര്‍ ആശുപത്രികളുടെ മുന്നില്‍ രേവന്ത് റെഡ്ഡിയ്‌ക്കെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Content Highlight: BRS demands ED probe into Telangana CM Revanth Reddy’s family assets, business dealings.