| Sunday, 16th February 2025, 8:40 am

ബ്രോങ്കൈറ്റിസ് ബാധ; ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റോം: ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി. പരിശോധന ഫലങ്ങളില്‍ അപകടകരമായ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മെഡിക്കല്‍ പരിശോധനകള്‍ തുടരുമെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റോമിലെ ജെമെല്ലിയിലാണ് മാര്‍പാപ്പ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ശ്വാസംമുട്ടല്‍ നേരിട്ടിരുന്നു.

തുടര്‍ന്ന് ആരോഗ്യനില മോശമായതോടെയാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അധിക കഫം മൂലമാണ് ശ്വാസതടസം ഉണ്ടായത്. വെള്ളിയാഴ്ച്ച രാവിലെയാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.

ചികിത്സയിലിരിക്കെ ബാധിച്ച പനിയില്‍ കുറവുണ്ടെന്നും ആശുപത്രി അറിയിച്ചു. കാല്‍മുട്ട്, ഇടുപ്പ് വേദന, വന്‍കുടല്‍ വീക്കം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും പോപ്പ് നേരിടുന്നുണ്ട്. ഇതിനുള്ള ചികിത്സകള്‍ തുടരുന്നതായും അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജോര്‍ജ് മാരിയോ ബെര്‍ഗോഗ്ലിയോ എന്നാണ് മാര്‍പാപ്പയുടെ യഥാര്‍ത്ഥ പേര്. ലത്തീന്‍ അമേരിക്കയില്‍ നിന്നും ആദ്യമായി പാപ്പ അകുന്നത് ഇദ്ദേഹമാണ്. അര്‍ജന്റീനക്കാരനായ ബെര്‍ഗോഗ്ലിയോ മുമ്പ് ബ്യൂണസ് അയേഴ്‌സ് രൂപതയുടെ തലവനായിരുന്നു.

ബ്യൂണസ് അയേഴ്‌സില്‍ നിന്ന് കുടിയേറിയ റെയില്‍വേ ജീവനക്കാരന്‍ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും അഞ്ച് മക്കളില്‍ ഒരാളായാണ് 1936ല്‍ ഡിസംബര്‍ 17ന് ഫ്രാന്‍സിസ് മാര്‍പാപ്പ ജനിച്ചത്.

Content Highlight: Bronchitis Improvement in the health condition of the Pope who was admitted to the hospital

We use cookies to give you the best possible experience. Learn more