| Wednesday, 4th November 2026, 6:25 pm

ഗ്യാനേഷിനെ എനിക്ക് വേണം, ഗ്യാനേഷിനെ ഞാന്‍ എടുക്കുവാ: യു.എസ് മിഡ് ടേം തെരഞ്ഞെടുപ്പിന് ശേഷം വൈറലായി മീമുകള്

റെന്വര്‍ പി

ന്യൂദല്‍ഹി: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയെയും വോട്ട് മോഷണത്തെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള മീമുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. യു.എസില്‍ ഒരു ഗ്യാനേഷ് ഉണ്ടായിരുന്നെങ്കില്‍ ട്രംപിന് ഇങ്ങനെയൊരു അനുഭവുമുണ്ടാവില്ലെന്ന് പറയുന്ന തരത്തിലുള്ള മീമുകളാണ് ഇന്ത്യയിലെ സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ പങ്കുവെക്കുന്നത്.

തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പരിഹാസരൂപേണയുള്ള കമന്റുകളും വ്യാപകമായി പ്രത്യക്ഷപ്പെടുകയായിരുന്നു. വോട്ട് മോഷണ വിവാദത്തിന്റെ കേന്ദ്രബിന്ദുവായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജ്ഞാനേഷ് കുമാറിനെ ലക്ഷ്യമിട്ടായിരുന്നു പലരും സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.

‘ബ്രോ, ഗ്യാനേഷ് കുമാറിനെ എനിക്ക് തരൂ’ എന്ന് ട്രംപ് മോദിയോട് പറയുന്നതാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വൈറലായ മീമുകളിലൊന്ന്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പരഞ്‌ജോയ് ഗുഹ താകുര്‍ത അടക്കമുള്ളവര്‍ ഈ മീം സമൂഹമാധ്യമങ്ങളളില്‍ പങ്കുവെച്ചിട്ടുണ്ട്.

‘ട്രംപിന് ഇങ്ങനെയൊരനുഭവം ഉണ്ടാകാന്‍ ഗ്യാനേഷ് കുമാര്‍ ഒരിക്കലും അനുവദിക്കുമായിരുന്നില്ല.’ എന്നാണ് മറ്റൊരു മീമില്‍ പറയുന്നത്. ഈ മീമും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അതേസമയം, കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) സ്ഥാപകന്‍ അഭിജീത് ദിപ്‌കെ, സാമൂഹ്യ പ്രവര്‍ത്തകനായ പ്രശാന്ത് ഭൂഷണ്‍ തുടങ്ങി നിരവധിയവരും യു.എസ് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധിപ്പിച്ച് ഗ്യാനേഷ് കുമാറിനെ പരിഹസിച്ചു. ‘ട്രംപിന് ഇങ്ങനെയൊരനുഭവം ഉണ്ടാകാന്‍ ഗ്യാനേഷ് കുമാര്‍ ഒരിക്കലും അനുവദിക്കുമായിരുന്നില്ല,’ എന്ന് അഭിജീത് ദിപ്‌കെ ‘എക്‌സില്‍ കുറിച്ചു.

യു.എസ് തെരഞ്ഞെടുപ്പില്‍ സഹായിക്കാനായി ഗ്യാനേഷ് കുമാറിനെ അയക്കാന്‍ പറ്റാത്തതിന് മോദി ട്രംപിനോട് ക്ഷമ പറയുന്നതായുള്ള ഒരു സാങ്കല്‍പിക ഡയലോഗാണ് പ്രശാന്ത് ഭൂഷണ്‍ എക്‌സില്‍ കുറിച്ചത്. ‘മോദി: ‘ക്ഷമിക്കണം സുഹൃത്തേ, എനിക്ക് ജ്ഞാനേഷിനെ നിങ്ങളുടെ അടുത്തേക്ക് അയക്കാന്‍ കഴിഞ്ഞില്ല! ആദ്യം എനിക്ക് എന്നെത്തന്നെ രക്ഷിക്കേണ്ടി വന്നു. എന്നാല്‍ ഇപ്പോള്‍ ഇവിടുത്തെ ജനങ്ങള്‍ അദ്ദേഹത്തെ വീടിനുള്ളില്‍ പൂട്ടിയിട്ടിരിക്കുകയാണ്! ഇപ്പോള്‍ എനിക്ക് പോലും അദ്ദേഹത്തിന്റെ സഹായം ലഭിക്കുന്നില്ല!’ എന്നാണ് പ്രശാന്ത് ഭൂഷണ്‍ കുറിച്ചത്.

‘ട്രംപിന് തീര്‍ച്ചയായും ഒരു ഗ്യാനേഷിനെ ആവശ്യമുണ്ട്,’ എന്നത് പോലുള്ള പോസ്റ്റുകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ‘ഇനി അമേരിക്കയിലെ തിരഞ്ഞെടുപ്പ് നടത്താന്‍ ട്രംപിന് ഗ്യാാനേഷ് കുമാറിനെ വേണം,’ എന്നാണ് മറ്റൊരു എക്‌സ് പോസ്റ്റ്.

വാര്‍ത്താ തലക്കെട്ടുകളുടെ രൂപത്തിലുള്ള പരിഹാസ പോസ്റ്റുകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ‘തെരഞ്ഞെടുപ്പുകള്‍ നിഷ്പക്ഷമായി നടത്തുന്നതെങ്ങനെയെന്ന് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാന്‍, ഡൊണാള്‍ഡ് ട്രംപിന്റെ അഭ്യര്‍ത്ഥന പ്രകാരം ഗ്യാനേഷ് കുമാര്‍ അമേരിക്കയിലേക്ക് പോകുന്നു’ എന്നാണ് ഇത്തരത്തിലുള്ള ഒരു പോസ്റ്റില്‍ പറയുന്നത്. ‘യു.എസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ ട്രംപ് പരാജയത്തിലേക്ക് നീങ്ങുന്നതിനിടെ, ഗ്യാാനേഷ് കുമാര്‍ അമേരിക്കയിലേക്ക് തിരിക്കുന്നു’ എന്നായിരുന്നു മറ്റൊരു പരിഹാസ വാര്‍ത്താ പോസ്റ്റ്.

ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിയെ പിന്നിലാക്കി പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി മുന്നേറ്റമുണ്ടാക്കിയതിന് പിന്നാലെയായിരുന്നു ഈ മീമുകള്‍ പ്രചരിച്ചത്. ടെക്‌സസ്, ജോര്‍ജിയ, അയോവ തുടങ്ങിയ തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ പോലും ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത പരാജയം നേരിടേണ്ടി വന്നു. ഇവിടെയെല്ലാം ഗവര്‍ണര്‍ സ്ഥാനങ്ങള്‍ ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തു.

ടെക്‌സാസ്, മെയ്ന്‍, സൗത്ത് കരോലിന, നോര്‍ത്ത് കരോലിന, കന്‍സാസ്, അയോവ എന്നിവിടങ്ങളിലെ സെനറ്റ് തിരഞ്ഞെടുപ്പുകളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടു. താന്‍ കൂടി മത്സരരംഗത്തുണ്ടെന്ന് സങ്കല്‍പ്പിച്ച് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ലളിതമായ ഒരു സന്ദേശവുമായാണ് ട്രംപ് ഇവിടെ പ്രചാരണം നടത്തിയത്. എന്നാല്‍ തനിക്കെതിരെയല്ലോ ആ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയല്ലേ ജനം വോട്ട് ചെയ്തത് എന്നായിരുന്നു ട്രംപ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പറഞ്ഞത്.

Content Highlight: Bro, Give Me Gyanesh Kumar- Memes Releted to US Elections Critisizing Gyanesh Kumar and BJP

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more