തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിച്ചതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ തലത്തിലേക്ക്.
വന്ദേമാതരത്തെ നെഹ്റു എതിര്‍ത്തിരുന്നുവെന്ന ഇടതുപക്ഷ അനുഭാവിയുടെ വാദത്തിന്, ‘തെളിവ് കാണിക്ക്’ എന്ന് വെല്ലുവിളിച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറി ബി.ആര്‍.എം ഷഫീറിന് ചരിത്രരേഖകള്‍ നിരത്തി മറുപടി നല്‍കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
1937-ല്‍ ജവഹര്‍ലാല്‍ നെഹ്റു സുഭാഷ് ചന്ദ്രബോസിന് എഴുതിയ കത്തിന്റെ പകര്‍പ്പ് പങ്കുവെച്ചാണ് ഇടതുപക്ഷ അനുഭാവി ശരത് പുതുക്കുടി ഷഫീറിന് മറുപടി നല്‍കിയത്.
വി.ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയില്‍ വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വന്ദേമാതരത്തെ പിന്തുണച്ചും അതിന്റെ പ്രാധാന്യം പറഞ്ഞുകൊണ്ടും ബി.ആര്‍.എം ഷഫീര്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചത്.
ദേശീയഗാനത്തെപ്പോലെ തന്നെ പ്രധാനപ്പെട്ടതാണ് രാജ്യത്തിന്റെ ദേശീയ ഗീതമെന്നും, 1896-ലെ കൊല്‍ക്കത്ത കോണ്‍ഗ്രസ് സമ്മേളനത്തില്‍ രവീന്ദ്രനാഥ ടാഗോര്‍ ഇത് പൂര്‍ണ്ണമായി ആലപിച്ചാണ് ചടങ്ങുകള്‍ തുടങ്ങിയതെന്നുമായിരുന്നു ഷെഫീറിന്റെ വാദം.
എന്നാല്‍ ഷഫീറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുമായി ശരത് പുതുക്കുടി എത്തി. വന്ദേമാതരത്തെ ആദ്യം എതിര്‍ത്തത് നെഹ്റു തന്നെയായിരുന്നില്ലേ എന്നായിരുന്നു ശരത്തിന്റെ ചോദ്യം.
1937-ല്‍ സുഭാഷ് ചന്ദ്രബോസിന് എഴുതിയ കത്തില്‍, വന്ദേമാതരം മുഴുവനായി പാടുന്നത് മുസ്‌ലിം സമുദായത്തെ പ്രകോപിപ്പിച്ചേക്കാമെന്നും, അതിനാല്‍ ഇതിന്റെ ചില വരികള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നും നെഹ്റു അഭിപ്രായപ്പെട്ടിരുന്നു എന്ന് ശരത് കുറിച്ചു.
ഈ വാദത്തെ പ്രതിരോധിച്ചുകൊണ്ട് ‘ആ രേഖ ഒന്ന് കാണിക്ക്’ എന്നായിരുന്നു ബി.ആര്‍.എം ഷഫീറിന്റെ വെല്ലുവിളി. മിനിറ്റുകള്‍ക്കകം തന്നെ, നെഹ്റു അയച്ച ചരിത്രപ്രസിദ്ധമായ കത്ത് കമന്റില്‍ അദ്ദേഹം പോസ്റ്റ് ചെയ്യുകയും ചെയ്തു.
1905-ല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ പ്രധാന രാഷ്ട്രീയ മുദ്രാവാക്യമായി കോണ്‍ഗ്രസ് വന്ദേമാതരത്തെ തെരഞ്ഞെടുത്തുവെന്നും വന്ദേമാതരവും ദേശീയഗാനവും ദേശീയ പതാകയും, എന്തിന് ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ എന്നതടക്കം കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്നുമായിരുന്നു ഷഫീറിന്റെ വാദം.
ഭാരതഭൂമി ദൈവത്തെപ്പോലെ മഹത്തരവും ശോഭനവും പ്രൗഢവുമാണ് എന്നതാണ് ഇതിന്റെ അര്‍ത്ഥവും ഉള്ളടക്കവും. അതില്‍ അപരമത വിദ്വേഷമില്ല. ആലാപന സൗകര്യത്തിനായി ആദ്യ ഖണ്ഡം മാത്രം പാടിയിരുന്നുവെന്ന് മാത്രം. ഇനിയും ഇത് ആലപിക്കും, കാരണം വന്ദേമാതരം കോണ്‍ഗ്രസിന് കൂടി വേണ്ടി രചിക്കപ്പെട്ടതാണ്,’ എന്നും ഷഫീര്‍ പോസ്റ്റില്‍ എഴുതിയിരുന്നു.
യു.ഡി.എഫ് സര്‍ക്കാരിന്റെ ഈ നടപടിയെ പ്രശംസിച്ച് ആര്‍.എസ്.എസ് മുഖപത്രമായ ‘ഓര്‍ഗനൈസര്‍’ രംഗത്തെത്തുകയും ചെയ്തിരുന്നു.
വന്ദേമാതരം പൂര്‍ണ്ണരൂപത്തില്‍ പാടിയതിനെതിരെ മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ള ഇടതുപക്ഷ നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിലെ ഈ നടപടി വലിയ ആശങ്ക ഉയര്‍ത്തുന്നുണ്ടെന്നായിരുന്നു റിയാസിന്റെ പ്രതികരണം.
വന്ദേമാതരത്തിലെ ചില വരികള്‍ മുന്‍കാലങ്ങളില്‍ തന്നെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുള്ളതാണെന്നും, ഇത് ആലപിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് ഒരു അഡൈ്വസറി മാത്രമാണെന്നും അത് നിര്‍ബന്ധമല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നേരത്തെ തമിഴ്നാട്ടില്‍ വിജയ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയിലും വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട് സമാനമായ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു.
Content Highlight: BRM Shafeer’s Challenge Backfires as Nehru’s Letter Sparking Vande Mataram Controversy Surfaces Online