| Thursday, 13th March 2025, 10:56 am

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ബ്രിട്ടീഷ് യുവതിയെ ദല്‍ഹി സ്വദേശിയായ സുഹൃത്ത് ബലാത്സംഗത്തിനിരയാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിദേശ യുവതിയെ ബലാത്സംഗം ചെയ്ത  സുഹൃത്ത് അറസ്റ്റില്‍. ദല്‍ഹിയിലെ മഹിപാല്‍പൂരിലെ ഒരു ഹോട്ടലില്‍ വെച്ചാണ് ബ്രിട്ടീഷ് യുവതിയെ സുഹൃത്തും മറ്റൊരു യുവാവും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

ആക്രമണത്തില്‍ ദല്‍ഹി പൊലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും ബ്രിട്ടീഷ് ഹൈക്കമ്മീഷനെ സംഭവത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തിട്ടുണ്ട്. പ്രതികളില്‍ ഒരാളായ കൈലാഷ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ബ്രിട്ടീഷ് പൗരയായ യുവതിയുമായി സൗഹൃദത്തിലായത്.

‘സോഷ്യല്‍ മീഡിയ വഴി യുവാവുമായി സൗഹൃദത്തിലായ യുവതി ഇയാളെ കാണാനാണ് യു.കെയില്‍ നിന്ന് ദല്‍ഹിയിലെത്തിയത്.

കിഴക്കന്‍ ദല്‍ഹിയിലെ മയൂര്‍ വിഹാറിലെ വസുന്ധരയില്‍ താമസിക്കുന്ന കൈലാഷ് റീലുകള്‍ നിര്‍മിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാറുണ്ടായിരുന്നു. അങ്ങനെയാണ് ലണ്ടന്‍ നിവാസിയായ യുവതി സോഷ്യല്‍ മീഡിയ വഴി പ്രതിയെ പരിചയപ്പെടുന്നത്.

പിന്നീട് മഹാരാഷ്ട്രയിലും ഗോവയിലും സന്ദര്‍ശനത്തിനെത്തിയ യുവതി കൈലാഷിനെ ബന്ധപ്പെടുകയും തന്നെ കാണാന്‍ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ യാത്ര ചെയ്യാന്‍ അസൗകര്യം പ്രകടിപ്പിച്ച ഇയാള്‍ തന്നെ കാണാന്‍ ദല്‍ഹിയിലേക്ക് വരാന്‍ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് ദല്‍ഹിയിലെത്തിയ യുവതി ചൊവ്വാഴ്ച വൈകുന്നേരം മഹിപാല്‍പൂരിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. തുടര്‍ന്ന് കൈലാഷ് തന്റെ സുഹൃത്ത് വസീമിനൊപ്പം ഹോട്ടലില്‍ യുവതിയെ സന്ദര്‍ശിക്കുകയും മുറിയിലെത്തി ഇരുവരും ചേര്‍ന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

Content Highlight: British woman met on Instagram raped by Delhi-based friend

We use cookies to give you the best possible experience. Learn more