| Saturday, 8th August 2026, 11:05 am

ഇറാനെതിരായ യുദ്ധത്തെ എതിര്‍ക്കണം; അമേരിക്കന്‍ പിന്തുണ അവസാനിപ്പിക്കണമെന്ന് ബ്രിട്ടീഷ് ട്രേഡ് യൂണിയനുകള്‍

അഞ്ജു ചന്ദ്രന്‍

ലണ്ടന്‍: ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക-ഇസ്രഈല്‍ സൈനിക നടപടികള്‍ക്ക് ബ്രിട്ടന്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന് യു.കെ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിനോട് ആവശ്യപ്പെട്ട് ബ്രിട്ടീഷ് ട്രേഡ് യൂണിയന്‍.

യു.കെയിലെ സൈനികത്താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിച്ചുള്ള തീരുമാനം പിന്‍വലിക്കണമെന്നും യൂണിയന്‍ നിര്‍ദേശിച്ചു. 23 ലക്ഷത്തിലധികം തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന പത്ത് ബ്രിട്ടീഷ് യൂണിയനുകളുടെ നേതാക്കള്‍ വെള്ളിയാഴ്ച മാധ്യമങ്ങളിലൂടെ പ്രധാമനമന്ത്രിക്കയച്ച തുറന്ന കത്തിലാണ് ആവശ്യം വ്യക്തമാക്കിയത്.

ഇറാനെതിരായുള്ള യുദ്ധം അവസാനിപ്പിക്കാനും പകരം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും യൂണിയന്‍ പറഞ്ഞു.

‘ഇറാനെതിരെ അമേരിക്കയും ഇസ്രഈലും നടത്തുന്ന വിനാശകരവും നിയവിരുദ്ധവുമായ യുദ്ധം നമ്മുടെ അംഗരാജ്യങ്ങളും ബ്രിട്ടീഷ് പൊതുജനങ്ങളും നേരിടുന്ന ജീവിതചെലവ് പ്രതിസന്ധിയെ കൂടുതല്‍ ആഴത്തിലാക്കുന്നു,’ എന്ന് പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞതായി പ്രസ്സ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ലോകത്തിലെ ഭക്ഷ്യ-ഊര്‍ജ വിതരണത്തിലെ തടസം ബ്രിട്ടനിലെ സമൂഹങ്ങളെ ബാധിക്കുകയും ആഗോളതലത്തില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ജീവിതചെലവ് മൂലമുള്ള പ്രതിസന്ധിയില്‍ പുതിയ ലേബര്‍ സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതില്‍ യൂണിയന് പ്രതീക്ഷയുള്ളതായും എന്നാല്‍ ഇറാനെതിരായ നീക്കങ്ങള്‍ക്കായ് തങ്ങളുടെ താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കുന്നതിലുള്ള കടുത്ത ആശങ്കയും അവര്‍ കത്തിലൂടെ പ്രകടിപ്പിച്ചു.

ഇറാനെതിരെ അമേരിക്കയും ഇസ്രഈലും നടത്തുന്ന യുദ്ധം വേഗം അവസാനിപ്പിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞമാസം അധികാരമേറ്റയുടനെ ബേണ്‍ഹാം ഇറാനെതിരായ ആക്രമണത്തില്‍ യു.എസിനെ സഹായിക്കുന്നതിനായി ഗൗസെസ്റ്റര്‍ഷെയറിലെ ആര്‍.എ.എഫ് ഫെയര്‍ഫോര്‍ഡിനെയും ഇന്ത്യന്‍ മഹാസമുദ്ര പ്രദേശമായ ഡീഗോ ഗാര്‍സിയയെയും ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നു.

ജൂലൈ 21ന് ശേഷവും ഇറാനെതിരായ ആക്രമണത്തിനായി ബ്രിട്ടീഷ് സൈനികതാവളങ്ങള്‍ ഉപയോഗിക്കാന്‍ ബേണ്‍ഹാം അമേരിക്കയ്ക്ക് തുടര്‍ന്നും അനുമതി നല്‍കി. ഐ.ആര്‍.ജി.സിയെ ശത്രുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെയാണ് ബ്രീട്ടീഷ് സര്‍ക്കാറിന്റെ ഈ നീക്കം.

ഇറാനെതിരെ യുദ്ധം ചെയ്യുന്ന ആക്രമണകാരികള്‍ക്ക് പിന്തുണ നല്‍കുന്നതിനെതിരെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞ മാസം അവസാനത്തോടെ യു.കെക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജൂലൈ 31-ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി എഡ് മിലിബാന്‍ഡുമായുള്ള നേരിട്ടുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇറാനിലെ ഉന്നത നയതന്ത്രജ്ഞന്‍ ഈ മുന്നറിയിപ്പ് നല്‍കിയത്.

Content Highlights: British trade unions call for opposition to war with Iran and an end to American support

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more