ലണ്ടൻ: ഗുജറാത്തിലെ അഹമ്മദാബാദിൽ ഉണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി, ബ്രിട്ടീഷ് രാജകുടുംബം വാർഷിക ട്രൂപ്പിങ് ദി കളർ പരേഡിൽ കറുത്ത ബാൻഡ് ധരിച്ച് ഒരു മിനിറ്റ് മൗനം ആചരിക്കും.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ബോയിങ് 787-8 ഡ്രീംലൈനർ വിമാനം പറന്നുയർന്ന ഉടൻ തന്നെ തകർന്ന് വീഴുകയായിരുന്നു. ലണ്ടനിലേക്ക് പോയ വിമാനത്തിൽ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും യാത്ര ചെയ്തിരുന്നു.
നിലവില്‍ വിമാനാപകടത്തിലെ മരണസംഖ്യ 274 കടന്നതായാണ് വിവരം. 265 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. വിമാനയാത്രക്കാരായ 241 പേരും പ്രദേശവാസികളായ 24 പേരുമാണ് മരിച്ചത്. മരിച്ചവരില്‍ വിമാനം ഇടിച്ചിറങ്ങിയ ബി.ജെ കോളേജ് ഹോസ്റ്റലിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഉണ്ട്.
ചാൾസ് രാജാവിന്റെ ജന്മദിനത്തോടനുബന്ധിച്ച് 1,350ലധികം സൈനികർ പങ്കെടുക്കുന്ന വാർഷിക പരേഡിൽ അഹമ്മദാബാദ് വിമാന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായി കറുത്ത ബാൻഡ് ധരിച്ച് ഒരു മിനിറ്റ് മൗനം ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു. നഷ്ടപ്പെട്ട ജീവനുകൾക്കും, ദുഖത്തിലായ കുടുംബങ്ങൾക്കും, ഈ ദുരന്തം ബാധിച്ച എല്ലാവർക്കും ആദരസൂചകമായി രാജാവ് തന്റെ ജന്മദിന പരേഡിൽ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിച്ചുവെന്ന് കൊട്ടാരം വക്താവ് പറഞ്ഞു.
വ്യാഴാഴ്ച നേരത്തെ പുറത്തിറക്കിയ പ്രസ്താവനയിൽ, ദാരുണമായ വിമാനാപകടത്തിൽ ചാൾസ് രാജാവ് ഞെട്ടൽ പ്രകടിപ്പിച്ചിരുന്നു.
‘അഹമ്മദാബാദിൽ നടന്ന ഭീകരമായ സംഭവങ്ങളിൽ ഞാനും ഭാര്യയും ഞെട്ടിപ്പോയി. ഈ ദാരുണമായ സംഭവത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവരുടെയും കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഞങ്ങൾ പ്രാർത്ഥിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. എല്ലാവർക്കും ഞങ്ങൾ ആദരാജ്ഞലികൾ അർപ്പിക്കുന്നു,’ പ്രസ്‍താവനയിൽ പറയുന്നു.
അതേസമയം അഹമ്മദാബാദ് വിമാനപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് എയര്‍ ഇന്ത്യ ഇന്‍ഷുറന്‍സ് തുക പ്രഖ്യാപിച്ചു. ഒരു കുടുംബത്തിന് 1.5 കോടി രൂപയാണ് എയര്‍ ഇന്ത്യ നല്‍കുക. 360 കോടിയാണ് ഇന്‍ഷുറന്‍സ് തുക. എയര്‍ ഇന്ത്യയ്ക്ക് പുറമെ ടാറ്റ ഗ്രൂപ്പും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കോടി രൂപയാണ് ടാറ്റ ഗ്രൂപ്പ് നല്‍കുക.
Content Highlight: British royal family to wear black bands in memory of Ahmedabad plane crash victims