വാഷിങ്ടണ്‍: ഇസ്രഈലിനെ വിമര്‍ശിച്ച ബ്രിട്ടീഷ് മുസ്ലിം മാധ്യമപ്രവര്‍ത്തകന്‍ സമി ഹംദിയെ അറസ്റ്റ് ചെയ്ത് യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐ.സി.ഇ). ഒക്ടോബര്‍ 25ന് സാന്‍ ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ വെച്ചാണ് ഹംദിയെ ഐ.സി.ഇ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം.
തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ആരോപിച്ചാണ് ഹംദിയെ ഐ.സി.ഇ കസ്റ്റഡിയിലെടുത്തത്. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് (സി.എ.ഐ.ആര്‍) നടത്തുന്ന ഗാലയില്‍ പങ്കെടുക്കാനാണ് ഹംദി യു.എസില്‍ എത്തിയത്.
ഹംദിയുടെ വിസ റദ്ദാക്കിയിട്ടുണ്ടെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ (ഡി.എച്ച്.എസ്) വക്താവ് ട്രീഷ്യ മക്ലോഫ്‌ലിന്‍ എക്സിലൂടെ അറിയിച്ചു. ഹംദി ഇപ്പോഴും ഐ.സി.ഇയുടെ കസ്റ്റഡിയില്‍ തുടരുകയാണ്.
‘തീവ്രവാദത്തെ പിന്തുണയ്ക്കുകയും അമേരിക്കന്‍ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്ന വിദേശികളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ല. ഇത് ഞങ്ങള്‍ മുമ്പും പറഞ്ഞിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകളുടെ വിസ റദ്ദാക്കുന്ന നടപടി തുടര്‍ന്നുമുണ്ടാവും,’ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പറഞ്ഞു.
അതേസമയം, ഹംദിയുടെ അറസ്റ്റിനെ സി.എ.ഐ.ആര്‍ പ്രസ്താവനയിലൂടെ അപലപിച്ചു. ഹംദിയുടെ അറസ്റ്റ് സ്വാതന്ത്ര്യത്തിനെതിരായ നഗ്‌നമായ അപമാനമെന്നാണ് സി.എ.ഐ.ആര്‍ പറഞ്ഞു.
ഗസയിലെ ഇസ്രഈലിന്റെ വംശഹത്യയെ വിമര്‍ശിച്ചതിനാണ് ഈ അറസ്റ്റെന്നും സംഘടന ആരോപിച്ചു. ഇസ്രഈലിന്റെ വിമര്‍ശകരെ തട്ടിക്കൊണ്ടുപോകുന്നത് യു.എസ് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും സി.എ.ഐ.ആര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
‘ഇസ്രഈല്‍ വിമര്‍ശകരെ തട്ടിക്കൊണ്ടുപോകുന്നത് നമ്മുടെ രാജ്യം അവസാനിപ്പിക്കണം. അത് നമ്മുടേതല്ല, ഇസ്രഈലിന്റെ ഒന്നാം നയമാണ്. ഇത് അവസാനിപ്പിക്കണം,’ സി.എ.ഐ.ആര്‍ പറഞ്ഞു.
ഹംദിയുടെ അറസ്റ്റ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വിദേശത്തുള്ള ബ്രിട്ടീഷ് പൗരന്മാരുടെ സുരക്ഷയ്ക്കും വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്ന ഒരു കീഴ്വഴക്കമാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പ്രസ്താവനയിലൂടെ പറഞ്ഞുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. പ്രസ്താവനയില്‍ യു.എസിനോട് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസില്‍ അടിയന്തര വിശദീകരണം തേടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlight: British journalist Sami Hamdi detained by US authorities for criticizing Isreal