ലണ്ടന്‍: ഇസ്രഈലിലേക്കുള്ള യു.കെയുടെ ആയുധ കയറ്റുമതി 2025 ജൂണില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയതായി കസ്റ്റംസ് ഡാറ്റ.
യു.കെ സര്‍ക്കാര്‍ ചില കയറ്റുമതി ലൈസന്‍സുകള്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ടെങ്കിലും ജൂണ്‍, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആയുധ വില്‍പന നടന്നതെന്ന് അനഡോലു റിപ്പോര്‍ട്ട് ചെയ്തു.
ജൂലൈയിലെ കണക്കനുസരിച്ച്, ഭരണകക്ഷിയായ ലേബര്‍ ഗവണ്‍മെന്റ് ഇപ്പോഴും ഇസ്രഈലുമായി 300-ലധികം ആയുധ കയറ്റുമതി ലൈസന്‍സുകള്‍ നിലനിര്‍ത്തുന്നുണ്ടെന്ന് ചാനല്‍ 4 എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
യു.കെയുടെ ആയുധ കയറ്റുമതി ലൈസന്‍സിങ്ങുമായി ബന്ധപ്പെട്ട് ഭരണകൂടത്തിന്റെ സൂക്ഷ്മപരിശോധന നടക്കുന്നതിനിടയിലാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്.
നിയന്ത്രിത സൈനിക വസ്തുക്കള്‍ക്കും ആയുധങ്ങള്‍ക്കുമുള്ള കയറ്റുമതി ലൈസന്‍സ് ചില മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് നല്‍കേണ്ടത്.
അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിക്കാന്‍ ആയുധങ്ങള്‍ ഉപയോഗിച്ചേക്കാവുന്ന അപകടസാധ്യത ഉള്‍പ്പെടെ വിലയിരുത്തി വേണം ലൈസന്‍സ് നല്‍കാന്‍.
യു.കെ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് തുടരുകയാണെന്നാണ് ഇസ്രഈല്‍ കസ്റ്റംസ് കണക്കുകള്‍ കാണിക്കുന്നത്
ഓഗസ്റ്റില്‍, 100,000 ത്തിലധികം വെടിയുണ്ടകള്‍ ബ്രിട്ടണില്‍ നിന്ന് ഇസ്രഈലിലേക്ക് അയച്ചതായി കസ്റ്റംസ് രേഖകള്‍ വെളിപ്പെടുത്തുന്നു. ആ മാസത്തെ യു.കെ ആയുധ കയറ്റുമതിയുടെ ആകെ മൂല്യം ഏകദേശം രണ്ടുലക്ഷം ഡോളറാണ്.
ജൂണില്‍ മാത്രം, ഇസ്രഈലിന് യു.കെയില്‍ നിന്ന് £408,000 (ഏകദേശം $547,000) മൂല്യമുള്ള ആയുധങ്ങള്‍ ലഭിച്ചു, 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
ഇസ്രഈലിനെതിരെ പൂര്‍ണ്ണ ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നതിന്റെ പശ്ചാത്തലതില്‍ 2024 സെപ്റ്റംബറില്‍ യു.കെ സര്‍ക്കാര്‍ 350 ആയുധ കയറ്റുമതി ലൈസന്‍സുകളില്‍ 29 എണ്ണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
2023 ഒക്ടോബര്‍ 7 മുതല്‍ 2024 മെയ് വരെ 108 ഓളം ലൈസന്‍സുകള്‍ക്ക് യു.കെ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ 2024 സെപ്റ്റംബറില്‍ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി, 350 കയറ്റുമതി ലൈസന്‍സുകളില്‍ 30 എണ്ണത്തിന്റെ ലൈസന്‍സുകള്‍ താത്ക്കാലികമായി റദ്ദാക്കിയിരുന്നു.
റഡാര്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍, ടാര്‍ഗെറ്റിംഗ്, എയര്‍ക്രാഫ്റ്റ് സിസ്റ്റങ്ങള്‍, അനുബന്ധ സൈനിക സാങ്കേതികവിദ്യകള്‍ എന്നിവയുടെ നിര്‍മാണത്തിന് ആവശ്യമായ ഉപകരണങ്ങള്‍ യു.കെ ഇസ്രഈലിന് വിതരണം ചെയ്യുന്നുവെന്ന് കാമ്പെയ്ന്‍ എഗെയിന്‍സ്റ്റ് ആംസ് ട്രേഡ് (CAAT) ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു.
എന്നാല്‍ എല്ലാ ലൈസന്‍സുകളും പുനഃപരിശോധിക്കുന്നത് തുടരുമെന്നും സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇസ്രഈലിന് ഉണ്ടെന്നുമാണ് യു.കെ സര്‍ക്കാരിന്റെ വാദം.
Content Highlight: British arms exports to Israel ‘hit record high’ in recent months