| Friday, 13th February 2026, 5:49 pm

മിഡില്‍ ഈസ്റ്റില്‍ ഇസ്‌ലാമിനെ മറയാക്കി ബ്രിട്ടണിന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം; രഹസ്യരേഖകള്‍

ആദര്‍ശ് എം.കെ.

ശീതയുദ്ധകാലത്ത് മിഡില്‍ ഈസ്റ്റില്‍ കമ്മ്യൂണിസത്തിന്റെ സ്വാധീനം തടയുന്നതിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ ഇസ്‌ലാം മതത്തെ ഒരു ആയുധമാക്കി ഉപയോഗിച്ചതായുള്ള രഹസ്യരേഖകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. പ്രമുഖ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും എഴുത്തുകാരനുമായ ഇയാന്‍ കോബെയ്ന്‍ (Ian Cobain) 2020ല്‍ മിഡില്‍ ഈസ്റ്റ് ഐയില്‍ ‘Religious Operations’; How British Propagandists Used Islam To Wage Cultural Cold War‘ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലെ ഉള്ളടക്കങ്ങളാണ് വീണ്ടും ചര്‍ച്ചയിലേക്കുയര്‍ന്നിരിക്കുന്നത്.

ബ്രിട്ടീഷ് വിദേശകാര്യമന്ത്രായലത്തിന്റെ അന്നത്തെ രഹസ്യ വിഭാഗമായിരുന്ന ഇന്‍ഫര്‍മേഷന്‍ റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റി (ഐ.ആര്‍.ഡി)ന്റെ നേതൃത്വത്തിലാണ് ഈ പ്രവൃത്തികള്‍ നടന്നതെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കാന്‍ വിവിധ രീതികള്‍ അവര്‍ ഉപയോഗിച്ചുവെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

കമ്മ്യൂണിസ്റ്റ് വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി വെള്ളിയാഴ്ചകളിലെ ജുമാ നമസ്‌കാരത്തിന് ശേഷം പ്രത്യേകം തയ്യാറാക്കിയ പ്രസംഗങ്ങള്‍ അവര്‍ മിഡില്‍ ഈസ്റ്റില്‍ വിതരണം ചെയ്തിരുന്നു. ഒപ്പം തന്നെ സമാന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന റൊമാന്റിക്, ഡിക്ടറ്റീവ് നോവലുകളും അറബി ഭാഷയില്‍ അച്ചടിച്ച് വിതരണം ചെയ്തുകൊണ്ടിരുന്നു.

വിദ്യാര്‍ത്ഥികള്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് ആകൃഷ്ടരാകാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധ വെച്ചുപുലര്‍ത്തിയിരുന്നു. കെയ്‌റോയിലെ അല്‍-അഹ്‌സര്‍ സര്‍വകലാശാലയിലെ മാസികകളില്‍ കമ്യൂണിസ്റ്റ് വിരുദ്ധ ലേഖനങ്ങള്‍ തിരുകിക്കയറ്റുകയായിരുന്നു ഇതിന്റെ ഭാഗമായി ഐ.ആര്‍.ഡി ചെയ്തത്. സര്‍വകലാശാലയില്‍ പഠിച്ചിറങ്ങുന്ന ഓരോ വിദ്യാര്‍ത്ഥിയും കമ്യൂണിസത്തിന്റെ ശത്രുവാകുന്നു എന്നുറപ്പാക്കുകയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് കൊബെയ്ന്‍ തന്റെ ലേഖനത്തില്‍ വിശദീകരിക്കുന്നു.

മാധ്യമങ്ങളെയും വാര്‍ത്താ ഏജന്‍സികളെയും വിലയ്‌ക്കെടുത്തുള്ള പ്രചാരങ്ങളും ഐ.ആര്‍.ഡിയുടെ ഭാഗത്ത് നിന്നും ഉണ്ടായി. 1940കള്‍ മുതല്‍ 60കളുടെ അവസാനം വരെ മിഡില്‍ ഈസ്റ്റിലെ നിരവധി വാര്‍ത്താ ഏജന്‍സികളെയും റേഡിയോ സ്‌റ്റേഷനുകളെയും ബ്രിട്ടണ്‍ രഹസ്യമായി നിയന്ത്രിക്കുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടുണ്ട്.

അറബ് വാര്‍ത്താ ഏജന്‍സിയായി എ.എന്‍.എ ഏജന്‍സിയായ MI6-ന്റെ മറയായാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് റോയിട്ടേഴ്സിനെ സ്വാധീനിക്കാനും ബി.ബി.സി വഴി ഫണ്ട് നല്‍കാനും ബ്രിട്ടണ്‍ ശ്രമിച്ചതായും പുറത്തുവന്ന രഹസ്യ രേഖകളുടെ അടിസ്ഥാനത്തില്‍ ലേഖനം ചൂണ്ടിക്കാട്ടുന്നു.

ഇത്തരം രഹസ്യ പ്രചാരണങ്ങള്‍ക്കായി ബ്രിട്ടീഷ് ഇന്റലിജന്‍സ് ബജറ്റിന് പുറമെ പ്രമുഖ എണ്ണക്കമ്പനികളില്‍ നിന്നും പണം കൈപ്പറ്റിയിരുന്നതായി 1954-ലെ ഒരു രഹസ്യ രേഖ വ്യക്തമാക്കുന്നു.

മതപണ്ഡിതന്‍മാരെയും ബ്രിട്ടണ്‍ തങ്ങളുടെ ഈ തന്ത്രത്തിന് മറയാക്കിയിരുന്നു. ലെബനനിലെ ശൈദ് സാദ് അല്‍ ദിന്‍ താരാബുള്‍സിയെ പോലുള്ള മതപണ്ഡിതന്‍മാരെ ഉപയോഗിച്ച് മാസം തോറും പ്രസംഗങ്ങളും ലഖുലേഖകളും തയ്യാറാക്കി ഇവര്‍ വിതരണം ചെയ്തിരുന്നു. ഇറാഖിലെ ഷിയാ പള്ളികളിലടക്കം ഇത്തരം പ്രചരണം നടന്നിരുന്നു.

1959-ല്‍ ഇറാഖ് പ്രധാനമന്ത്രി അബ്ദുല്‍ കരീം ഖാസിമിന് നേരെയുണ്ടായ വധശ്രമത്തിന് ശേഷമുണ്ടായ മത-രാഷ്ട്രീയ സാഹചര്യങ്ങളെയും ഐ.ആര്‍.ഡി തങ്ങള്‍ക്കനുകൂലമാക്കാനുള്ള ശ്രമങ്ങള്‍ നടത്തി.

ഈ വിഷയങ്ങളില്‍ ബ്രിട്ടണിന്റെ നേരിട്ടുള്ള ഇടപെടലുകളുണ്ടെന്ന് പുറത്തറിഞ്ഞാല്‍ അറബ് ജനത അതിനെ പൂര്‍ണമായും തള്ളിക്കളഞ്ഞേക്കുമെന്ന ഭയത്താല്‍ പ്രാദേശിക അറബ് ഇടനിലക്കാര്‍ വഴിയായിരുന്നു പ്രവര്‍ത്തനം. പത്രങ്ങളില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് അവര്‍ക്ക് കൈക്കൂലി നല്‍കുന്ന രീതിയും നിലവിലുണ്ടായിരുന്നു.

സൂയസ് കനാലിന്റെ ദേശസാല്‍സ്‌കരണം ബ്രിട്ടീഷ് തന്ത്രങ്ങള്‍ക്ക് തിരിച്ചടിയായി. ഇതോടെ തങ്ങളുടെ പ്രചാരണം ഈജിപ്ഷ്യന്‍ പ്രസിഡന്റ് ജമാല്‍ അബ്ദുല്‍ നാസറിന്റെ നേര്‍ക്കായി. നാസറിനെ വധിക്കുവാന്‍ പോലും ഐ.ആര്‍.ഡിയും MI6ഉം പദ്ധതിയിട്ടിരുന്നു.

1977ല്‍ ഐ.ആര്‍.ഡിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കപ്പെട്ടു. എങ്കിലും, ജോര്‍ദാനിലെ ഇന്‍ഫര്‍മേഷന്‍ വിഭാഗം മന്ത്രിയായിരുന്ന അദ്നാന്‍ അബു-ഔദയെപ്പോലുള്ള പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് ഐ.ആര്‍.ഡി പരിശീലനം നല്‍കിയിരുന്നു. ഈ ബ്രിട്ടീഷ് പ്രചാരണങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ ബ്രിട്ടന്റെ വിശ്വാസ്യത തകരുന്നതിലേക്കെത്തിച്ചെന്നും ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു.

Content Highlight: Britain’s anti-communist propaganda in the Middle East using Islam as a cover; secret documents

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more