| Wednesday, 3rd June 2026, 9:10 am

ഫലസ്തീന്‍ അനുകൂല യു.എസ് പോഡ്കാസ്റ്റര്‍മാരെ വിലക്കി ബ്രിട്ടണ്‍; പാശ്ചാത്യ സര്‍ക്കാരുകള്‍ ലിബറല്‍ മൂല്യങ്ങളെ വഞ്ചിക്കുന്നുവെന്ന് പോഡ്കാസ്റ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്ന തുര്‍ക്കിഷ് അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകരും പോഡ്കാസ്റ്റര്‍മാരുമായ സെങ്ക് ഉയ്ഗുറും ഹസന്‍ പൈക്കറും രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കി യു.കെ. തങ്ങള്‍ ഇസ്രഈലിനെ വിമര്‍ശിക്കുന്നതിലാണ് വിലക്കെന്ന് സെങ്ക് ഉയ്ഗുറും ഹസന്‍ പൈക്കറും അഭിപ്രായപ്പെട്ടു. സാമൂഹ്യ മാധ്യമമായ എക്‌സിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.

എസ്.എക്‌സ്.എസ്.ഡബ്ല്യു (സൗത്ത് ബൈ സൗത്ത് വെസ്റ്റ്) മൂവി-മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കാനും ഓക്‌സ്‌ഫോര്‍ഡ് യൂണിയനില്‍ സംസാരിക്കുനന്നതിനുമായാണ് ഉയ്ഗുര്‍ യു.കെയിലെത്തേണ്ടിയിരുന്നത്. ഹസന്‍ പൈക്കറും എസ്.എക്‌സ്.എസ്.ഡബ്ല്യു ഫെസ്റ്റിവലില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ ഇരുവരുടെയും പ്രവേശന അനുമതി ബ്രിട്ടിഷ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.

‘എന്നെ യു.കെയില്‍ നിന്ന് വിലക്കി. ഞാന്‍ എസ്.എക്‌സ്.എസ്.ഡബ്ല്യു ലണ്ടനില്‍ പങ്കെടുക്കാനും ഓക്‌സ്‌ഫോര്‍ഡില്‍ പ്രസംഗിക്കാനും ലണ്ടനിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇസ്രഈലിനെ വിമര്‍ശിക്കുന്നത് കാരണം എന്നെ വിലക്കി,’ ഉയ്ഗുര്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചു.

‘നമ്മള്‍ ഇപ്പോള്‍ സ്വതന്ത്രരാണോ. ഇതാണ് പാശ്ചാത്യ രാജ്യങ്ങളിലെ പൗരര്‍ക്ക് നേര്‍ക്ക് നമ്മുടെ തന്നെ സര്‍ക്കാരുകള്‍ മറ്റൊരു രാജ്യത്തിന് വേണ്ടി നടത്തുന്ന അടിച്ചമര്‍ത്തല്‍,’ എന്നും അദ്ദേഹം എക്്‌സ് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.

ഈ പോസ്റ്റ് ഹസന്‍ പൈക്കര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വംശഹത്യ നടത്തുന്ന ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിന് വേണ്ടി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ‘ലിബറല്‍ മൂല്യങ്ങളെ’ ബലി വഞ്ചിക്കുന്നുവെന്ന് ഹസ്സന്‍ വിമര്‍ശിച്ചു.

‘യു.കെ എന്റെ വിസയും റദ്ദാക്കിയിട്ടുണ്ട്. വംശഹത്യ നടത്തുന്ന ഒരു വിദേശ ഫാഷിസ്റ്റ് ഭരണകൂടത്തിന് വേണ്ടി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ‘ലിബറല്‍ മൂല്യങ്ങളെ’ വഞ്ചിക്കുകയാണ്. വൈകാതെ ഇവിടെ എല്ലാം ഇസ്രഈല്‍ ആയി മാറും,’ ഹസ്സന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നു.

ഉയ്ഗുറിന്റെ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇ.ടി.എ) യു.കെ ഹോം സെക്രട്ടറി റദ്ദാക്കുകയായിരുന്നെന്ന് ദ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സാഹചര്യങ്ങള്‍ നല്ലതായിരിക്കില്ല എന്ന് അഭിപ്രായപ്പൈട്ടാണ് മന്ത്രാലയം ഇവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാനുള്ള അനുമതി റദ്ദാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉയ്ഗുറിന്റെ ഇസ്രഈല്‍ വിരുദ്ധ വാദങ്ങള്‍ രാജ്യത്ത് സെമിറ്റിക് വിരുദ്ധതയ്ക്കും സാമുദായിക സംഘര്‍ഷങ്ങള്‍ക്കും കാരണമാവുമെന്നും ആശങ്കപ്പെട്ടാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെന്നും ടൈംസ് റിപ്പോര്‍ട്ടിലുണ്ട്.

ബ്രിട്ടിഷ് സര്‍ക്കാരിന്റെ നടപടിയെ ഓക്‌സ്‌ഫോര്‍ഡ് യൂണിയന്‍ വിമര്‍ശിച്ചിട്ടുണ്ട്. ഈ പരിപാടി നിര്‍ത്തിവയ്പ്പിക്കാനുള്ള ശ്രമം തങ്ങള്‍ അനുവദിക്കില്ലെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിയന്‍ പ്രസിഡന്റ് അര്‍വ എല്‍റായീസ് പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

മാസങ്ങള്‍ക്ക് മുമ്പേ പ്രഖ്യാപിച്ച ഈ പരിപാടിയുമായി ബന്ധപ്പെട്ട് അവസാന നിമിഷത്തില്‍ ഈ നടപടിയെടുത്തത് കൂടുതല്‍ പ്രശ്‌നമാവുന്നുവെന്നും എല്‍റായീസ് പറഞ്ഞു. ഉയ്ഗുറിനെ ഓണ്‍ലൈനായി ഹോസ്റ്റ് ചെയ്യുന്നതടക്കമുള്ള മറ്റ് വഴികള്‍ തേടുകയാണെന്നും അവര്‍ വ്യക്തമാക്കി.

ഡിജിറ്റല്‍ മാധ്യമ ശൃംഖലയായ ദ യങ് ടര്‍ക്ക്‌സിന്റെ (ടി.വൈ.ടി) സ്ഥാപകനാണ് ഉയ്ഗുര്‍. ഉയ്ഗുറിന്റെ മരുമകന്‍ കൂടിയായ ഹസന്‍ പൈക്കര്‍ രാഷ്ട്രീയ നിരീക്ഷകനും ട്വിച്ച് സ്ട്രീമറുമാണ്.

അതേസമയം, ബ്രിട്ടണിലെത്തിയാല്‍ ഗ്രീന്‍ പാര്‍ട്ടി നേതാവ് സാക് പൊളന്‍സ്‌കിയെയും മുന്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിനെയും സന്ദര്‍ശിക്കാന്‍ പൈക്കര്‍ തീരുമാനിച്ചിരുന്നതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. പൊളാന്‍സ്‌കിയുടെ ‘ബോള്‍ഡ് പൊളിറ്റിക്‌സ്’ എന്ന പോഡ്കാസ്റ്റില്‍ പൈക്കര്‍ പങ്കെടുക്കേണ്ടതായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉയ്ഗുറിനവെയും പൈക്കറെയും വിലക്കിയ നടപടിയെ പൊളാന്‍സ്‌കി അപലപിച്ചിരുന്നു. ഇസ്രഈലിനെതിരായ വിമര്‍ശനങ്ങളുടെ വായടപ്പിക്കാന്‍ ഒരു ലേബര്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

വിലക്കിനെ കോര്‍ബിനും വിമര്‍ശിച്ചിട്ടുണ്ട്. ഉയ്ഗുറിനെയും പൈക്കറെയും വിലക്കിയത് സ്വേച്ഛാധിപത്യ സ്വഭാവം വര്‍ധിച്ചുവരുന്ന ഒരു സര്‍ക്കാരിന്റെ ഭീരുത്വം നിറഞ്ഞ തീരുമാനമാണെന്ന് കോര്‍ബിന്‍ അഭിപ്രായപ്പെട്ടു.

Content Highlight: Britain blocks entry for podcasters Cenk Uygur and Hasan Piker over ‘criticising Israel’

We use cookies to give you the best possible experience. Learn more