| Wednesday, 15th July 2026, 12:43 pm

മടങ്ങിവരുമ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച അഭിഭാഷകരെയും കൂടെ കൂട്ടിക്കോളൂ; ഷെയ്ഖ് ഹസീന മടങ്ങിവരുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ ബംഗ്ലാദേശ്

നിഷാന. വി.വി

ധാക്ക: രാജ്യത്തേക്ക് മടങ്ങാനുള്ള മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഹസീന രാജ്യത്തേക്ക് മടങ്ങുകയാണെങ്കില്‍ ലോകത്തെ ഏറ്റവും വലിയ അഭിഭാഷകരെ വേണമെങ്കില്‍ കൂടെ കൊണ്ടുവരാമെന്നും സര്‍ക്കാര്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഉപദേശകനായ സാഹിദുറഹ്‌മാന്റെതാണ് പരാമര്‍ശം. ഈ വര്‍ഷാവസനത്തോടെ താന്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘നീതി ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഹസീന തിരിച്ചെത്തിയാല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരും,’ സാഹിദുറഹ്‌മാന്‍ പറഞ്ഞു. ഹസീനയുടെ തിരിച്ചുവരവില്‍ സര്‍ക്കാരിന് യാതൊരുവിധത്തിലുള്ള സമ്മര്‍ദവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘രാജ്യത്തെ ജനങ്ങള്‍ അവരുടെ വധശിക്ഷ നടപ്പാക്കണമെന്ന് ആഗ്രഹിക്കുന്നു. അങ്ങനെയെങ്കില്‍ അവരുടെ വധശിക്ഷ നടപ്പാക്കും. അതേസമയം ഹസീനയ്‌ക്കെതിരായ വിധി പുനപരിശോധിക്കുകയോ അവരെ കുറ്റവിമുക്തയാക്കുകയോ ചെയ്യാം, ചിലപ്പോള്‍ അതും സംഭവിക്കാം,’ അദ്ദേഹം പറഞ്ഞു.

2024ലെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടത്തിയ അടിച്ചമര്‍ത്തലുകളുമായി ബന്ധപ്പെട്ട് ‘മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം’ ആരോപിച്ച് ധാക്കയിലെ പ്രത്യേക ട്രിബ്യൂണല്‍ കഴിഞ്ഞ വര്‍ഷമാണ് ഹസീനക്ക് വധശിക്ഷ വിധിച്ചിച്ചത്. തന്റെ സര്‍ക്കാരിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് രാജ്യം വിട്ട ഹസീന നിലവില്‍ ഇന്ത്യയിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ഹസീനക്കൊപ്പം ഇന്ത്യയിലേക്ക് പാലായനം ചെയ്ത അവാമി ലീഗ് നേതാക്കളും ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: “Bring the world’s best lawyers along when you return”—Bangladesh reacts to news of Sheikh Hasina’s return.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more