| Monday, 28th July 2025, 12:31 pm

ആ നടിയുടെ നൃത്തത്തിന് മുന്നില്‍ ഞാന്‍ ഒന്നുമല്ലെന്ന് മനസിലായി: ബൃന്ദ മാസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

230ല്‍ അധികം സിനിമകളില്‍ അഭിനയിച്ച് തന്റെ സിനിമായാത്ര തുടരുന്ന നടിയാണ് ശോഭന. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ശ്രദ്ധേയമായ വേഷം ശോഭന അവതരിപ്പിച്ചിട്ടുണ്ട്. തന്റെ പതിമൂന്നാം വയസിലാണ് അവര്‍ നായികയായി അരങ്ങേറുന്നത്. 1984ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘ഏപ്രില്‍ 18’ എന്ന ചിത്രമായിരുന്നു അത്.

അഭിനയത്തിന് പുറമെ നര്‍ത്തകി എന്ന നിലയിലും ലോകശ്രദ്ധ ആകര്‍ഷിക്കാന്‍ ശോഭനക്ക് കഴിഞ്ഞിട്ടുണ്ട്. ശോഭനയുടെ നൃത്ത പാടവത്തെ വാഴ്ത്താത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇപ്പോഴിതാ ശോഭനയുടെ നൃത്തം കണ്ട് അത്ഭുതപ്പെട്ട് നിന്നിട്ടുണ്ടെന്ന് പറയുകയാണ് ഡാന്‍സ് മാസ്റ്റര്‍ ബൃന്ദ. ജെ.എഫ്. ഡബ്ല്യു അവാര്‍ഡ് വേദിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘കഴിഞ്ഞ ദിവസം ഞാന്‍ ശോഭന നടത്തുന്ന ഒരു ഷോ കാണാന്‍ വേണ്ടി പോയി. ഒരു സ്റ്റേജില്‍ തന്നെ യാതൊരുവിധ ബ്രേയ്ക്കും ഇല്ലാതെ ആറ് ലുക്കില്‍ രണ്ടര മണിക്കൂറോളമാണ് ശോഭന നൃത്തം ചെയ്തത്. അത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. അവരുടെ മുന്നില്‍ ഞാന്‍ ഒന്നുമല്ലെന്ന് അപ്പോള്‍ മനസിലായി. ഡാന്‍സ് കഴിഞ്ഞ് ശോഭന എന്റെ അടുത്തേക്ക് വന്നപ്പോള്‍ ഞാന്‍ കരഞ്ഞുപോയി. ആ ഡാന്‍സിന് ഒരു പവറുണ്ട്,’ ബൃന്ദ മാസ്റ്റര്‍ പറയുന്നു.

ബൃന്ദ മാസ്റ്ററെ കുറിച്ച് ശോഭനയും സംസാരിച്ചിരുന്നു. ഡാന്‍സ് അസിസ്റ്റന്റായും കൊറിയോ?ഗ്രാഫറായും പതിനഞ്ച് വയസ് മുതല്‍ ഡാന്‍സ് ചെയ്യുന്ന ആളാണ് ബൃന്ദ മാസ്റ്റര്‍ എന്ന് ശോഭന പറയുന്നു.

‘ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരേ പ്രായമാണ്. ആദ്യമായി കണ്ടത് മുതല്‍ ഇന്ന് വരെയും ബൃന്ദ എന്റെ സുഹൃത്താണ്. ഇത്രയും വര്‍ഷങ്ങള്‍ പാടുപെട്ട് ഡാന്‍സ് ചെയ്ത് ഇവര്‍ക്ക് ഇപ്പോള്‍ കാലിന് ചെറിയ പ്രശ്‌നമുണ്ട്. കുറേകാലം കഴിയുമ്പോള്‍ ഡാന്‍സേഴ്‌സിന് ആ പ്രശ്‌നം വരും,’ ശോഭന പറഞ്ഞു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തഞ്ചാവൂര്‍ ക്ഷേത്രത്തെക്കുറിച്ച് ഡോക്യുമെന്റേഷന്‍ എടുക്കുന്നുണ്ടെന്ന് താന്‍ ബ്രിന്ദ മാസ്റ്ററോട് പറഞ്ഞുവെന്നും അപ്പോള്‍ തന്നെ താന്‍ വന്ന് ഷൂട്ട് ചെയ്ത് തരാമെന്ന് ബൃന്ദ മാസ്റ്റര്‍ പറഞ്ഞുവെന്നും ശോഭന കൂട്ടിച്ചേര്‍ത്തു. അത്രയും ലെജന്റായ ബൃന്ദ ഒന്ന് ആലോചിക്കുക കൂടി ചെയ്യാതെയാണ് തന്നെ സഹായിക്കാന്‍ തയ്യാറായതെന്നും ശോഭന വ്യക്തമാക്കി.

Content Highlight: Brinda Master Talks About Shobana

We use cookies to give you the best possible experience. Learn more