ത്രില്ലര്‍, ട്വിസ്റ്റ് എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസില്‍ ആദ്യം ഓടിവരുന്ന മുഖമാണ് സംവിധായകന്‍ ജീത്തു ജോസഫിന്റേത്. ആദ്യ ചിത്രമായ ഡിറ്റക്ടീവ് മുതല്‍ ജീത്തു എന്ന സംവിധായകന്‍ കഥപറച്ചില്‍ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. ത്രില്ലര്‍ സിനിമകളുടെ തലതൊട്ടപ്പനായി മലയാളികള്‍ കരുതുന്ന മെമ്മറീസും ദൃശ്യവും ജീത്തു ജോസഫ് എന്ന കഥപറച്ചിലുകാരന്റെ മികവ് എടുത്തറിയിക്കുന്നതാണ്.
ദൃശ്യത്തിന്റെ ഒപ്പം നില്‍ക്കുന്ന തരത്തില്‍ ഒരുക്കിയ രണ്ടാം ഭാഗവും ജീത്തു ജോസഫ് എന്ന തിരക്കഥാകൃത്തിന്റെ വൈഭവം തെളിയിക്കുന്നതാണ്. കൂമന്‍, 12th മാന്‍, നേര് എന്നീ ചിത്രങ്ങളും മികച്ച രീതിയില്‍ ജീത്തു കഥ പറഞ്ഞ ചിത്രങ്ങളാണ്. മികച്ച തിരക്കഥാകൃത്തെന്ന പ്രശംസ ലഭിക്കുമ്പോഴും അദ്ദേഹത്തിന്റെ എല്ലാ സിനിമകളും സ്ഥിരമായി കേള്‍ക്കുന്ന ഒരു വിമര്‍ശനമുണ്ട്.
യാതൊരു ശ്രദ്ധയുമില്ലാത്ത മേക്കിങ്ങാണ് ജീത്തു ജോസഫിന്റെ സിനിമകളിലെന്നാണ് പലരും വിമര്‍ശിക്കുന്നത്. മെമ്മറീസ്, ദൃശ്യം 2, കൂമന്‍ തുടങ്ങി അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും ഈ വിമര്‍ശനം കേള്‍ക്കാനാകും. പാന്‍ ഇന്ത്യന്‍ ശ്രദ്ധ സ്വന്തമാക്കിയ ദൃശ്യം 2വിനെതിരെ പലരും വിമര്‍ശനമുന്നയിച്ചിരുന്നു. മോശം ഗ്രാഫിക്‌സും ചെറിയ വേഷങ്ങളില്‍ വന്ന ആര്‍ട്ടിസ്റ്റുകളുടെ അമച്വര്‍ പ്രകടനവും ദൃശ്യം 2വിനെ കുറച്ച് പിന്നോട്ടുവലിച്ചെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
എന്നാല്‍ ഈ കുറവുകളില്ലാതെ ബോളിവുഡില്‍ ദൃശ്യം 2 ഒരുക്കിയതും പലരും ചൂണ്ടിക്കാണിച്ചിരുന്നു. ജീത്തുവിന്റെ ഏറ്റവും പുതിയ ചിത്രമായ മിറാഷിലും ഇതേ കുറവ് കാണാനാകുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട സീനുകള്‍ പോലും അലക്ഷ്യമായി ഷൂട്ട് ചെയ്തതുപോലെയാണ് അനുഭവപ്പെട്ടത്. ഇപ്പോഴത്തെ സീരിയലുകളെപ്പോലെയാണ് ജീത്തു ജോസഫ് തന്റെ സിനിമകള്‍ ഒരുക്കുകയെന്നാണ് മിറാഷിന് ശേഷം വരുന്ന പ്രതികരണങ്ങള്‍.
തിരക്കഥാകൃത്തെന്ന നിലയില്‍ പലപ്പോഴും ജീത്തു ജോസഫ് അത്ഭുതപ്പെടുത്തിയിട്ടുണ്ടെങ്കിലും മേക്കിങ്ങില്‍ അദ്ദേഹം ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് അഭിപ്രായം. ഇതേ രീതിയിലാണ് ദൃശ്യം 3യെ ജീത്തു ജോസഫ് സമീപിക്കുന്നതെങ്കില്‍ ആരാധകര്‍ നിരാശപ്പെടേണ്ടി വരുമെന്നാണ് പലരും പറയുന്നത്. എല്ലാ സിനിമയും വളരെ വേഗത്തില്‍ ഷൂട്ട് പൂര്‍ത്തിയാക്കുന്ന ജീത്തു ജോസഫ് മേക്കിങ്ങില്‍ കൂടി മെച്ചപ്പെട്ടാല്‍ ഇന്‍ഡസ്ട്രിയുടെ ലെവല്‍ മാറുമെന്നാണ് സിനിമാപ്രേമികള്‍ പ്രതീക്ഷിക്കുന്നത്.
തന്റെ സിനിമകളിലെ ഗ്രാഫിക്‌സ് സീനുകളിലും ജീത്തു ജോസഫ് അശ്രദ്ധ കാണിക്കാറുണ്ടെന്നും ആക്ഷേപമുണ്ട്. മെമ്മറീസില്‍ ഒറ്റ ഷോട്ടില്‍ കാണിക്കുന്ന ഗ്രാഫിക്‌സ് രംഗവും വിമര്‍ശനത്തിന് വിധേയമായിരുന്നു. ദൃശ്യം 2വിലും ഇത്തരത്തില്‍ മോശം വി.എഫ്.എക്‌സ് ഉപയോഗിച്ചത് വിമര്‍ശനത്തിന് വിധേയമായിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം മാറ്റം ഉള്‍ക്കൊണ്ട് ജീത്തു മുന്നേറുമെന്നാണ് സിനിമാപ്രേമികള്‍ വിശ്വസിക്കുന്നത്.
Content Highlight: Brilliant script and Amateur making in Jeethu Joseph’s movies