ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയമേറ്റുവാങ്ങി മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി. ആദ്യ മത്സരത്തില്‍ വോള്‍വര്‍ഹാംടണെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തിയ സിറ്റി അടുത്ത രണ്ട് മത്സരത്തിലും പരാജയപ്പെട്ടു.
രണ്ടാം മത്സരത്തില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിനോടാണ് സിറ്റിസണ്‍സ് പരാജയപ്പെട്ടത്. സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്പര്‍സ് സിറ്റിയെ തോല്‍പ്പിച്ചത്. ടോട്ടന്‍ഹാമിനായി ബ്രെണ്ണന്‍ ജോണ്‍സണും ജാവോ പലിന്‍ഹയുമാണ് ഗോള്‍ കണ്ടെത്തിയത്.
ഞായറാഴ്ച നടന്ന മൂന്നാം മത്സരത്തില്‍ ബ്രൈറ്റണിനെതിരെയാണ് സിറ്റി പരാജയപ്പെട്ടത്. അമേരിക്കന്‍ എക്‌സ്പ്രസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഹോം ടീം വിജയിച്ചത്.
സീഗള്‍സിനായി ജെയിംസ് മില്‍നെറും ബ്രയാന്‍ ഗ്രുഡയും സ്‌കോര്‍ ചെയ്തപ്പോള്‍ എര്‍ലിങ് ഹാലണ്ടാണ് സിറ്റിക്കായി ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്.
മത്സരത്തില്‍ 4-3-3 ഫോര്‍മേഷനിലാണ് പെപ് ഗ്വാര്‍ഡിയോള സിറ്റിസണ്‍സിനെ കളത്തിലിറക്കിയത്. മറുവശത്ത് 4-2-3-1 എന്ന രീതിയിലാണ് ബ്രൈറ്റണ്‍ പരിശീലകന്‍ തന്റെ കുട്ടികളെ കളത്തിലിറങ്ങിയത്.
മത്സരത്തിന്റെ 34ാം മിനിട്ടില്‍ ഹാലണ്ട് നേടിയ ഗോളിന്റെ കരുത്തില്‍ സിറ്റിസണ്‍സ് ഒരു ഗോളിന്റെ ലീഡില്‍ ആദ്യ പകുതി അവസാനിപ്പിച്ചു. ആദ്യ പകുതിയില്‍ പലവുരു മാഞ്ചസ്റ്റര്‍ സിറ്റി ബ്രൈറ്റണ്‍ ഗോള്‍ മുഖം വിറപ്പിച്ചെങ്കിലും ഒരിക്കല്‍ മാത്രമാണ് ലക്ഷ്യം കാണാനായത്.
മത്സരത്തിന്റെ 67ാം മിനിട്ടില്‍ ബ്രൈറ്റണ്‍ ഈക്വലൈസര്‍ ഗോള്‍ കണ്ടെത്തി. പെനാല്‍ട്ടിയിലൂടെ ജെയിംസ് മില്ലറാണ് ഗോള്‍ സ്വന്തമാക്കിയത്.
ഈക്വലൈസര്‍ ഗോള്‍ സ്വന്തമാക്കിയതിന് പിന്നാലെ ആക്രമണം കൂടുതല്‍ ശക്തമാക്കിയ ബ്രൈറ്റണെയാണ് ആരാധകര്‍ കണ്ടത്. മികച്ച മുന്നേറ്റങ്ങളുമായി സീഗള്‍സ് ലീഡ് കണ്ടെത്താന്‍ ശ്രമം തുടങ്ങി. 88ാം മിനിട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്നുള്ള കൂട്ടപ്പൊരിച്ചില്‍ ബ്രൈറ്റണ്‍ ഗോളാക്കി മാറ്റുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഗോള്‍ കീപ്പര്‍ അപകടമൊഴിവാക്കി.
എന്നാല്‍ ആ ആശ്വാസത്തിന് അധികം ആയുസുണ്ടായിരുന്നില്ല. തൊട്ടടുത്ത മിനിട്ടില്‍ ബ്രൈറ്റണ്‍ ഗ്രുഡയിലൂടെ മുമ്പിലെത്തി. തുടര്‍ന്ന് ഫൈനല്‍ വിസില്‍ വരെ ആ ലീഡ് നിലനിര്‍ത്തിയപ്പോള്‍ ഹോം ടീം സീസണിലെ ആദ്യ ജയം സ്വന്തമാക്കി.
മൂന്ന് മത്സരത്തില്‍ നിന്നും ഒരോ ജയവും സമനിലയും തോല്‍വിയുമായി നാല് പോയിന്റാണ് ബ്രൈറ്റണുള്ളത്. പോയിന്റ് പട്ടികയില്‍ നിലവില്‍ പത്താം സ്ഥാനത്താണ് സീഗള്‍സ്.
മൂന്ന് മത്സരത്തില്‍ നിന്നും മൂന്ന് പോയിന്റുമായി 12ാം സ്ഥാനത്താണ് സിറ്റി.
സെപ്റ്റംബര്‍ 14നാണ് മാഞ്ചസ്റ്റര്‍ സിറ്റി അടുത്ത മത്സരത്തിനിറങ്ങുന്നത്. മാഞ്ചസ്റ്റര്‍ നാട്ടങ്കത്തില്‍ ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് എതിരാളികള്‍. മൂന്ന് മത്സരത്തില്‍ നിന്നും ഓരോ ജയവും സമനിലയും തോല്‍ലിയുമായി നാല് പോയിന്റോടെ എട്ടാം സ്ഥാനത്താണ് റെഡ് ഡെവിള്‍സ്.
Content Highlight: Brighton defeated Manchester City