| Saturday, 12th September 2026, 7:43 pm

ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണം; ഇസ്രഈല്‍ അധിനിവേശത്തെയും ആക്രമണങ്ങളെയും അപലപിച്ച് ബ്രിക്‌സ് പ്രമേയം

റെന്വര്‍ പി

ന്യൂദല്‍ഹി: ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ ആവശ്യപ്പെട്ടും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം നിലവില്‍ വന്നാലേ മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ കഴിയൂവെന്ന് ചൂണ്ടിക്കാട്ടിയും ബ്രിക്‌സ് രാജ്യങ്ങളുടെ സംയുക്ത പ്രമേയം. ഫലസ്തീന്‍ മേഖലകളില്‍ ഇസ്രഈല്‍ നടത്തുന്ന അധിനിവേശത്തെയും സാധാരണക്കാരെയും ആശുപത്രികളെയും അടക്കം ലക്ഷ്യംവച്ചുള്ള ആക്രമണങ്ങളെയും ബ്രിക്‌സ് ഉച്ചകോടി അപലപിച്ചു.

ഐക്യരാഷ്ട്രസഭയില്‍ ഫലസ്തീന്‍ രാഷ്ട്രത്തിന് പൂര്‍ണ അംഗത്വം ലഭിക്കുന്നതിനുള്ള പിന്തുണ ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും അറബ് പീസ് ഇനിഷ്യേറ്റീവിനും അനുസരിച്ച് ദ്വിരാഷ്ട്ര പരിഹാരം കണ്ടെത്തുന്നതിനുള്ള പ്രതിബന്ധത ബ്രിക്‌സ് കൂട്ടായ്മ പ്രകടിപ്പിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

ഗസ മുനമ്പും വെസ്റ്റ് ബാങ്കും ഉള്‍പ്പെടുന്നതും കിഴക്കന്‍ ജറുസലേം തലസ്ഥാനമായുള്ളതുമായ, അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട 1967-ലെ അതിര്‍ത്തികള്‍ക്കുള്ളില്‍ പരമാധികാരമുള്ളതുമായ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണം. ആ രാഷ്ട്രം സ്വതന്ത്രവും നിലനില്‍പ്പിന് ശേഷിയുള്ളതുമായിരിക്കണം. അതിലൂടെ സമാധാനത്തിലും സുരക്ഷയിലും പരസ്പരം സഹവര്‍ത്തിക്കുന്ന രണ്ട് രാഷ്ട്രങ്ങള്‍ എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കണമെന്നും ബ്രിക് രാജ്യങ്ങളുടെ പ്രസ്താവനയില്‍ പറയുന്നു.

അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളിലെ, പ്രത്യേകിച്ച് ഗസയിലെ മാനുഷിക സാഹചര്യത്തെക്കുറിച്ചുള്ള ഞങ്ങളുടെ അതീവ ആശങ്കകള്‍ ഞങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍, പ്രത്യേകിച്ച് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളും പാലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

യുദ്ധമുറയെന്ന നിലയില്‍ മനുഷ്യരെ പട്ടിണിക്കിടുന്നതടക്കമുള്ള അതിക്രമങ്ങള്‍ ഫലസ്തീന്‍ ജനതക്ക് നേരെ നടക്കുകയാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണക്കാരെയും ആരോഗ്യ കേന്ദ്രങ്ങളെയും ലക്ഷ്യമിച്ച് ആക്രമണം നടത്തുന്നു. മാനുഷിക സഹായം എത്തിക്കുന്നതിനെ നിയമവിരുദ്ധമായ തടസ്സപ്പെടുത്തുന്നു. ഇവയടക്കമുള്ള എല്ലാ നിയമലംഘനങ്ങളെയും ഞങ്ങള്‍ അപലപിക്കുന്നുവെന്നും ബ്രിക്‌സ് വ്യക്തമാക്കി.

മാനുഷിക സഹായത്തെ രാഷ്ട്രീയവല്‍ക്കരിക്കാനോ സൈനികവല്‍ക്കരിക്കാനോ ഉള്ള ശ്രമങ്ങളെയും ഞങ്ങള്‍ അപലപിക്കുന്നു. ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യുവിനുള്ള ഉറച്ച പിന്തുണ ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് അടിസ്ഥാന സേവനങ്ങള്‍ നല്‍കുന്നതിനായി യുഎന്‍ പൊതുസഭ ഈ ഏജന്‍സിക്ക് നല്‍കിയിട്ടുള്ള ഉത്തരവാദിത്തത്തെ പൂര്‍ണമായി മാനിക്കപ്പെടണം.

കുടിയൊഴിപ്പിക്കുന്നതിനെ എതിര്‍ക്കുന്നു

ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിന്ന് ഫലസ്തീന്‍ ജനതയെ ഏതെങ്കിലും കാരണത്താല്‍ നിര്‍ബന്ധപൂര്‍വ്വം കുടിയൊഴിപ്പിക്കുന്നതിനെ എതിര്‍ക്കുന്നുവെന്നും ബ്രിക്‌സ് രാജ്യങ്ങള്‍ വ്യക്തമാക്കി. ഗസ മുനമ്പിന്റെ ഭൂപരിധികളിലോ ജനസംഖ്യാ ഘടനയിലോ മാറ്റങ്ങള്‍ വരുത്തുന്നതിനോട് ഞങ്ങള്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുന്നുവെന്നും ബ്രിക്‌സ് സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ഫലസ്തീന്‍ മേഖലകളിലെ നിയമവിരുദ്ധമായ അധിനിവേശം അവസാനിപ്പിക്കണം. നിയമപരമായ മാനദണ്ഡങ്ങളെ ദുര്‍ബലപ്പെടുത്തുകയും നീതിപൂര്‍വ്വവും ശാശ്വതവുമായ സമാധാനത്തിന് തടസ്സം നില്‍ക്കുകയും ചെയ്യുന്ന എല്ലാ നടപടികളും ഉടന്‍ നിര്‍ത്തിവെക്കണം. അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര നീതിന്യായ സംവിധാനങ്ങളും ഇക്കാര്യം ആവശ്യപ്പെടുന്നുണ്ടെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.

ഗസ വിഷയത്തില്‍ ഐക്യരാഷ്ട്രസഭാ രക്ഷാ സമിതിയുടെയും പൊതുസഭയുടെയും പ്രസക്തമായ എല്ലാ പ്രമേയങ്ങളും നടപ്പാക്കണം. ഗസയില്‍ എല്ലാ കക്ഷികളും വെടിനിര്‍ത്തല്‍ നിലനിര്‍ത്താനും ഗസ മുനമ്പില്‍ പൂര്‍ണ്ണവും തടസ്സമില്ലാത്തതുമായ മാനുഷിക പ്രവേശനം ഉറപ്പാക്കണമെന്നും ബ്രിക്‌സ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.

ആക്രമണങ്ങള്‍ തുടരുന്നതില്‍ ആശങ്ക

2025 ഒക്ടോബറിലെ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടായിരുന്നിട്ടും ഗസയില്‍ തുടരുന്ന അക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുന്നതായും ബ്രിക്‌സ് രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ഗസയില്‍ നിന്ന് ഫലസ്തീന്‍ ജനതയെ നിര്‍ബന്ധിതമായി കുടിയിറക്കാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു നയവും നിര്‍ത്തിവെക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

അധിനിവേശം നിയമാനുസൃതമാക്കുകയോ നീട്ടുകയോ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആശങ്കാ കരമാണ്. പലസ്തീന്‍ ജനതയുടെ അനിഷേധ്യമായ അവകാശങ്ങളെക്കുറിച്ച് തനിക്ക് ആശങ്കകളുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന് നീതിയുക്തവും ശാശ്വതവുമായ ഒരു പരിഹാരം സമാധാനപരമായ മാര്‍ഗങ്ങളിലൂടെ മാത്രമേ സാധ്യമാകൂ. അത് ഫലസ്തീന്‍ ജനതയുടെ എല്ലാ അവകാശങ്ങളും നിറവേറ്റപ്പെട്ടാലാണ് സാധ്യമാവുക. അതില്‍ അവരുടെ സ്വയം നിര്‍ണ്ണയാവകാശവും തിരിച്ചുവരാനുള്ള അവകാശവും ഉള്‍പ്പെടുന്നു. എല്ലാ പ്രസക്തമായ അന്താരാഷ്ട്ര സംഘടനകളിലും ഫലസ്തീന് മതിയായ പ്രാതിനിധ്യം ലഭിക്കണം. അവയുടെ വിഭവങ്ങള്‍ ഫലസ്തീന് ലഭ്യമാകണമെന്നും ബ്രിക്‌സ് ആവശ്യപ്പെട്ടു.

അധിനിവേശ ജെറുസലേമിന്റെ നിയമപരവും ചരിത്രപരവുമായ പദവി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു ഏകപക്ഷീയ നടപടിയെയും ഞങ്ങള്‍ തള്ളിക്കളയുന്നു. നഗരത്തിലെ എല്ലാ മതപരമായ കേന്ദ്രങ്ങളുടെയും പുണ്യസ്ഥലങ്ങളുടെയും പവിത്രത പൂര്‍ണ്ണമായി മാനിക്കണം. തടസ്സങ്ങളില്ലാതെ അവിടെ പ്രവേശിക്കാനും മതപരമായ ആചാരങ്ങള്‍ അനുഷ്ഠിക്കാനുമുള്ള എല്ലാവരുടെയും അവകാശങ്ങളെ മാനിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

ബ്രിക്‌സ് രാജ്യങ്ങള്‍ സംയുക്തമായി ഇന്ന് പുറത്തിറക്കിയ ന്യൂദല്‍ഹി പ്രഖ്യാപനത്തിലാണ് ഫലസ്തീന്‍ വിഷയം അടക്കമുള്ള ആഗോള വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ന്യൂദല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഇന്ത്യ, ചൈന, ബ്രസീല്‍, റഷ്യ, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇറാന്‍, യു.എ.ഇ, ഇന്തോനേഷ്യ, സൗദി അറേബ്യ എന്നിവയാണ് ബ്രിക്‌സ് അംഗരാജ്യങ്ങള്‍.

Content Highlight: BRICS Summit Joint Statement: Remarks About Palestine, Gaza, and Israel Occupation

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more