ന്യൂദൽഹി: ഇറാനിലും പശ്ചിമേഷ്യയിലും തുടരുന്ന യുദ്ധം ജനങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടാക്കിയെന്നും ഇത് അന്താരാഷ്ട്ര സമൂഹത്തിന്റെ പൊതുതാത്പര്യങ്ങൾക്ക് ചേർന്നതല്ലെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ സംഘർഷം കുറയ്ക്കാനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനും ബ്രിക്സ് രാജ്യങ്ങൾ കൂടുതൽ ശക്തമായി ഇടപെടണമെന്നും ‘ചരിത്രത്തിന്റെ ശരിയായ പക്ഷത്ത്’ നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂദൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധ്യപൂർവേഷ്യയിലും ഗൾഫ് മേഖലയിലും സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിൽ ശരിയായ പങ്ക് വഹിക്കാൻ ചൈന മറ്റ് ബ്രിക്സ് അംഗരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.
‘മധ്യപൂർവേഷ്യയിലും ഗൾഫ് മേഖലയിലും സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിൽ ശരിയായ പങ്ക് വഹിക്കാൻ ചൈന മറ്റ് ബ്രിക്സ് അംഗരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണ്. യുദ്ധം മേഖലയിലെ ജനങ്ങൾക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ഇത് അന്താരാഷ്ട്ര സമൂഹത്തിന്റെ പൊതുതാത്പര്യങ്ങൾക്ക് ഗുണകരമല്ല,’ അദ്ദേഹം പറഞ്ഞു.
മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഷി ജിൻപിങ്ങിന്റെ ഈ പ്രസ്താവന. ഇറാനെതിരായ അമേരിക്ക–ഇസ്രായേൽ യുദ്ധം മേഖലയിലെ ഊർജ വിതരണം, വ്യാപാരം, ഗതാഗതം എന്നിവയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
ഏഴ് വർഷത്തിന് ശേഷം ഇന്ത്യയിലെത്തിയ ഷി ജിൻപിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) രംഗത്ത് ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കണമെന്നും ആഗോള സമാധാനത്തെയും വികസനത്തെയും ബാധിക്കുന്ന വിഷയങ്ങളിൽ കൂടുതൽ ഏകോപനം നടത്തണമെന്നും ആവശ്യപ്പെട്ടു.
അടുത്ത വർഷം ബ്രിക്സ് അധ്യക്ഷസ്ഥാനം ചൈന ഏറ്റെടുക്കുമെന്നും 19-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ചൈന ആതിഥേയത്വം വഹിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
2020-ലെ ഗൽവാൻ താഴ്‌വര സംഘർഷത്തിന് ശേഷം ഇന്ത്യൻ മണ്ണിൽ ഇരു നേതാക്കളും തമ്മിൽ നടക്കുന്ന ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചയാണിത്. ഇന്ത്യയും ചൈനയും തമ്മിൽ വ്യക്തമായി അതിർത്തി നിർണയിക്കപ്പെടാത്തതിനാൽ, ലഡാക്കിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ (LAC) ഏത് പ്രദേശം ആരുടെ നിയന്ത്രണത്തിലാണെന്ന തർക്കം പതിവായിരുന്നു. ഈ തർക്കമാണ് 2020 ജൂൺ 15-ന് ഗൽവാൻ താഴ്‌വരയിൽ വലിയ സൈനിക ഏറ്റുമുട്ടലായി മാറിയത്.
തോക്കുകൾ ഉപയോഗിക്കാതെ, കല്ലുകളും ഇരുമ്പ് ദണ്ഡുകളും മുള്ളുള്ള വടികളും ഉപയോഗിച്ചായിരുന്നു അന്ന് സൈനികർ ഏറ്റുമുട്ടിയത്. സംഭവത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടതായി ചൈന പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് അതിർത്തിയിൽ കൂടുതൽ സൈനികരെയും ആയുധങ്ങളും വിന്യസിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വലിയ രീതിയിൽ വഷളായി.
ഏകദേശം ഏഴ് വർഷത്തെ നയതന്ത്ര ശ്രമങ്ങൾക്ക് ശേഷമാണ് ഇന്ത്യയും ചൈനയും ബന്ധം സാധാരണ നിലയിലാക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയത്. ഈ കാലയളവിൽ സൈനിക കമാൻഡർമാർ മുതൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വരെയുള്ള വിവിധ തലങ്ങളിൽ ഇരുരാജ്യങ്ങളും നിരന്തരം ചർച്ചകൾ നടത്തി.
ഇരു രാജ്യങ്ങൾക്കുമിടയിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ഈ വർഷം പുനരാരംഭിച്ചു കഴിഞ്ഞു. ഈ മാസം അവസാനം മറ്റൊരു വിമാന സർവീസ് കൂടി ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് ഉഭയകക്ഷി ബന്ധങ്ങളിൽ ക്രമേണ മഞ്ഞുരുകുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
എങ്കിലും തന്ത്രപ്രധാനമായ ആശങ്കകൾ ഇപ്പോഴും പൂർണമായി ഒഴിഞ്ഞിട്ടില്ല. ‘ഓപ്പറേഷൻ സിന്ദൂറി’ന് ശേഷം ഒരു വർഷം പിന്നിടുമ്പോഴാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. ആ സമയത്ത് ഉപഗ്രഹ നിരീക്ഷണം ഉൾപ്പെടെയുള്ള നിർണായക സഹായങ്ങൾ നൽകി ചൈന പാകിസ്ഥാനെ പരോക്ഷമായി പിന്തുണച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ, അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, എത്യോപ്യൻ പ്രധാനമന്ത്രി അബിയി അഹമ്മദ് അലി, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി, വിയറ്റ്നാം പ്രധാനമന്ത്രി ലെ മിൻ ഹുങ് എന്നിവരും ന്യൂദൽഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
Content Highlight:BRICS Must Take the Lead in Restoring Peace in West Asia: Xi Jinping at BRICS Summit.