| Thursday, 13th August 2026, 9:36 pm

ഒറ്റ ഗോള്‍ തകര്‍ത്തത് 30 വര്‍ഷത്തെ ചരിത്രം; തോല്‍വിയിലും തലയുയര്‍ത്തി വില്ല താരം

സുദേവ് എ

യുവേഫ സൂപ്പര്‍ കപ്പ് നിലനിര്‍ത്തിയിരിക്കുകയാണ് നിലവിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പാരീസ് സെന്റ് ജെര്‍മെയ്ന്‍. സാല്‍സ്‌ബെര്‍ഗിലെ റെഡ് ബുള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ യുവേഫ യൂറോപ്പ ചാമ്പ്യന്‍മാരായ ആസ്റ്റണ്‍ വില്ലയെ വീഴ്ത്തിയാണ് പി.എസ്.ജി കിരീടം ചൂടിയത്. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഫ്രഞ്ച് ക്ലബ്ബിന്റെ വിജയം.

മത്സരത്തില്‍ വമ്പന്‍ ആധിപത്യം പുലര്‍ത്തിക്കൊണ്ടാണ് പി.എസ്.ജി കിരീടം വീണ്ടും കൈപ്പിടിയിലാക്കിയത്. പി.എസ്.ജിക്കായി ക്വിച്ച ക്വാരത്‌ഷെലിയയും ഡിസൈര്‍ ഡുവോയും ഗോള്‍ നേടിയപ്പോള്‍ ബ്രയന്‍ മാഡ്‌ജോയാണ് വില്ലന്‍സിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

മത്സരം പരാജയപ്പെട്ടെങ്കിലും ഒറ്റ ഗോളോടെ ഒരു ചരിത്ര നേട്ടമാണ് ആസ്റ്റണ്‍ വില്ല താരം ബ്രയന്‍ മാഡ്‌ജോ സ്വന്തമാക്കിയത്. യുവേഫ സൂപ്പര്‍ കപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് ബ്രയന്‍ മാഡ്‌ജോ മാറിയത്. 17 വയസും 21 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു താരത്തിന്റെ നേട്ടം.

മുന്‍ നെതര്‍ലാന്‍ഡ്സ് താരം പാട്രിക് ക്‌ളിവേര്‍ഡിനെ മറികടന്നാണ് 17കാരന്‍ ഈ നേട്ടം സ്വന്തമാക്കിയത്. 1996ല്‍ 19 വയസും 220 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു താരം സൂപ്പര്‍ കപ്പില്‍ ഗോള്‍ നേടിയത്.

അതേസമയം ജര്‍മന്‍ ക്ലബ്ബ് ഫ്രെയ്ബര്‍ഗിനെ വീഴ്ത്തിയായിരുന്നു ആസ്റ്റണ്‍ വില്ല യൂറോപ്പ ലീഗ് ചാമ്പ്യന്മാരായത്. ജര്‍മന്‍ ക്ലബ്ബിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ആസ്റ്റണ്‍ വില്ല തകര്‍ത്തത്. ക്ലബ്ബിന്റെ ആദ്യ യുവേഫ യൂറോപ്പ ലീഗ് കിരീടനേടമാണിത്.

നീണ്ട 44 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആസ്റ്റണ്‍ വില്ല യൂറോപ്പിലെ ഒരു മേജര്‍ കിരീടം സ്വന്തമാക്കുന്നത്. 1982ലായിരുന്നു ആസ്റ്റണ്‍ വില്ല ഇതിന് മുമ്പ് യൂറോപ്യന്‍ കിരീടം സ്വന്തമാക്കിയിരുന്നത്. ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ വീഴ്ത്തിയായിരുന്നു 44 വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ലബ്ബിന്റെ നേട്ടം.

അതേസമയം ഈ കിരീടത്തോടെ ഒരു സീസണില്‍ ആറ് കിരീടങ്ങളെന്ന സെക്സ്റ്റപ്പിള്‍ നേട്ടത്തിലും പി.എസ്.ജിയെത്തി. ലീഗ് വണ്ണിന് പുറമെ ഫ്രഞ്ച് കപ്പും ഫ്രഞ്ച് സൂപ്പര്‍ കപ്പും നേടി ഡൊമസ്റ്റിക് ട്രബിള്‍ പൂര്‍ത്തിയാക്കിയ പി.എസ്.ജി, യുവേഫ ചാമ്പ്യന്‍സ് ലീഗ്, ഫിഫ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് എന്നിവയും നേരത്തെ സ്വന്തമാക്കിയിരുന്നു.

Content Highlight: Brian Mad create a historical record in UEFA super cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more