| Monday, 7th July 2025, 8:20 pm

മുള്‍ഡറിന്റെ പ്രകടനത്തില്‍ ചര്‍ച്ചയാകുന്ന സാക്ഷാല്‍ ബ്രയാന്‍ ലാറ; ചരിത്രത്തിലെ ഓരേയൊരു ക്വാഡ്രാപ്പിള്‍ സെഞ്ച്വറിയുടെ കഥ

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ സിംബാബ്‌വേ പര്യടനത്തിന്റെ രണ്ടാം മത്സരത്തില്‍ പ്രോട്ടിയാസ് നായകന്‍ വിയാന്‍ മുള്‍ഡറിന്റെ പ്രകടനമാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. 334 പന്തില്‍ പുറത്താകാതെ 367 റണ്‍സ് നേടിയാണ് മുള്‍ഡര്‍ തലക്കെട്ടുകളില്‍ ഇടം പിടിച്ചത്. 400 റണ്‍സിന് വെറും 27 റണ്‍സ് മാത്രം അകലെ നില്‍ക്കവെ ക്യാപ്റ്റന്‍ കൂടിയായ മുള്‍ഡര്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

അവസരമുണ്ടായിട്ടും 400 റണ്‍സ് എന്ന ചരിത്ര നേട്ടം മറികടക്കാന്‍ ശ്രമിക്കാതെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു എന്നതാണ് മുള്‍ഡറിന്റെ പ്രകടനത്തേക്കാളേറെ ചര്‍ച്ചയാകുന്നത്. മികച്ച ഫോമില്‍ തുടരുന്ന താരം അഞ്ച് ഓവര്‍ കൂടി ക്രീസില്‍ നിന്നിരുന്നെങ്കില്‍ ടെസ്റ്റ് ചരിത്രത്തിലെ രണ്ടാമത് ക്വാഡ്രാപ്പിള്‍ സെഞ്ച്വറിയും അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും പിറവിയെടുത്തേനെ എന്നതില്‍ സംശയമില്ല.

ഈ റെക്കോഡ് നേടിയ ഒരേയൊരു താരം ആരാണ് എന്ന ചോദ്യത്തിന് പോലും ആരാധകര്‍ക്കിടയില്‍ പ്രസക്തിയില്ല, കാരണം ആ പേര് അവരുടെ മനസില്‍ അത്ര കണ്ട് ആഴത്തില്‍ ഇടം പിടിച്ചതാണ്. കരീബിയന്‍ കരുത്തിന്റെ പര്യായമായ ബ്രയാന്‍ ചാള്‍സ് ലാറ, ആരാധകരുടെ സ്വന്തം പ്രിന്‍സി.

2004ലാണ് ടെസ്റ്റ് ഫോര്‍മാറ്റിന്റെ ചരിത്രം തിരുത്തിക്കുറിച്ച് ബ്രയാന്‍ ലാറ ക്വാഡ്രാപ്പിള്‍ സെഞ്ച്വറി നേടിയത്. ഏപ്രില്‍ പത്തിന്, സെന്റ് ജോണ്‍സില്‍ നടന്ന പരമ്പരയിലെ നാലാം മത്സരത്തിലായിരുന്നു ബ്രയാന്‍ ലാറ 400 റണ്‍സ് എന്ന ചരിത്ര നാഴികക്കല്ല് പിന്നിട്ടത്.

ടീം സ്‌കോര്‍ 33ല്‍ നില്‍ക്കവെ ഓപ്പണര്‍ ഡാരെന്‍ ഗംഗ പുറത്തായതിന് പിന്നാലെയാണ് ലാറ ക്രീസിലെത്തുന്നത്. മത്സരത്തിന്റെ 14ാം ഓവറില്‍ കളത്തിലിറങ്ങിയ താരം ഇന്നിങ്‌സിലെ 122ാം ഓവര്‍ വരെ അജയ്യനായി ക്രീസില്‍ തുടര്‍ന്നു.

778 മിനിട്ട് ക്രീസില്‍ തുടര്‍ന്ന് 582 പന്തുകളാണ് കരീബിയന്‍ ഇതിഹാസം നേരിട്ടത്. 43 ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു ലാറയുടെ മഹോജ്വല ഇന്നിങ്‌സ്.

ഇതിനിടെ ക്രിസ് ഗെയ്ല്‍, വിന്‍ഡീസ് ഇതിഹാസം രാംനരേഷ് സര്‍വന്‍, റിക്കാര്‍ഡോ പവല്‍, റയാന്‍ ഹിന്‍ഡ്‌സ്, റിഡ്‌ലി ജേകബ്‌സ് എന്നിവര്‍ക്കൊപ്പം വലതും ചെറുതുമായ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയാണ് ലാറ വിന്‍ഡീസിനെ മികച്ച സ്‌കോറിലേക്കെത്തിച്ചത്.

മൂന്നാം വിക്കറ്റില്‍ സര്‍വനെ കൂട്ടുപിടിച്ച് 232 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ലാറ ആറാം വിക്കറ്റില്‍ ജേകബ്‌സിനൊപ്പം 282 റണ്‍സിന്റെ അപരാജിത പാര്‍ട്ണര്‍ഷിപ്പും പടുത്തുയര്‍ത്തി. മത്സത്തില്‍ ജേകബ്‌സ് പുറത്താകാതെ 107 റണ്‍സും സര്‍വന്‍ 90 റണ്‍സുമാണ് അടിച്ചെടുത്തത്.

ഒടുവില്‍ വിന്‍ഡീസ് 751/5 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്‌സില്‍ 285 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ അടക്കമുള്ളവര്‍ പരാജയപ്പെട്ടപ്പോള്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫിന്റെ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് ജീവവായുവായത്. 224 പന്ത് നേരിട്ട താരം 102 റണ്‍സ് നേടി. 52 റണ്‍സടിച്ച മാര്‍ക് ബുച്ചറാണ് രണ്ടാമത് മികച്ച റണ്‍ഗെറ്റര്‍.

വിന്‍ഡീസിനായി പെഡ്രോ കോളിന്‍സ് നാല് വിക്കറ്റ് വീഴ്ത്തി. ടിനോ ബെസ്റ്റ് മൂന്ന് വിക്കറ്റും ഫിഡല്‍ എഡ്വാര്‍ഡ്‌സ് രണ്ട് വിക്കറ്റും നേടിയപ്പോള്‍ റയാന്‍ ഹിന്‍ഡ്‌സ് ശേഷിച്ച താരത്തെ പറഞ്ഞയച്ചു.

ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ 140 റണ്‍സും മാര്‍കസ് ട്രസ്‌കോതിക് 88 റണ്‍സും സ്വന്തമാക്കി. പിന്നാലെയെത്തിയവരില്‍ മാര്‍ക് ബുച്ചറും (61), നാസര്‍ ഹുസൈനും (56) അര്‍ധ സെഞ്ച്വറി നേടി.

എന്നാല്‍ ശേഷിച്ച ദിവസത്തില്‍ വിന്‍ഡീസിന്റെ ടോട്ടല്‍ മറികടന്ന് ലീഡ് നേടാന്‍ ഇംഗ്ലണ്ടിനോ, ഇംഗ്ലണ്ടിനെ പുറത്താക്കാന്‍ വെസ്റ്റ് ഇന്‍ഡീസിനോ സാധിക്കാതെ വന്നതോടെ മത്സരം സമനിലയില്‍ അവസാനിച്ചു.

സ്‌കോര്‍

വെസ്റ്റ് ഇന്‍ഡീസ്: 751/5d

ഇംഗ്ലണ്ട്: (fo) 285 & 422/5

രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ആരാലും തകര്‍ക്കാനോ എത്തിപ്പിടിക്കാനോ സാധിക്കാതെ ലാറയുടെ നേട്ടം ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുകയാണ്. എന്നാല്‍ ആ സിംഹാസനം ചെറുതായി ഒന്ന് വിറച്ചു, ക്യാപ്റ്റന്‍സി ഡെബ്യൂവില്‍ ചരിത്രമെഴുതിയ വലംകയ്യന്‍ ബാറ്റര്‍ വിറപ്പിച്ചു.

സിംബാബ്‌വേക്കെതിരെ മുള്‍ഡര്‍ അഞ്ച് ഓവര്‍ കൂടി അധികം കളിച്ചിരുന്നെങ്കില്‍ പോലും മത്സരത്തിന്റെ ഫലം മാറിമറിയില്ല എന്ന് പല ആരാധകരും ഉറച്ചുവിശ്വസിക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ ക്യാപ്റ്റന്‍ കൂടി ആയിരുന്നിട്ടും അദ്ദേഹം ഈ തീരുമാനമെടുത്തത് എന്തിനായിരിക്കും? ഭാവിയില്‍ ഈ നേട്ടം പല ട്രിപ്പിള്‍ സെഞ്ച്വറികളില്‍ ഒന്നായി മാത്രമേ വിലയിരുത്തപ്പെടൂ. മറിച്ചായിരുന്നെങ്കില്‍ ക്രിക്കറ്റിന്റെ ചരിത്രപുസ്തകത്തില്‍ ലാറയുടെ പേരിനൊപ്പം മുള്‍ഡറിന്റെ പേരും ഇടം പിടിക്കുമായിരുന്നു.

Content Highlight: Brian Lara’s 400 against England

We use cookies to give you the best possible experience. Learn more