| Thursday, 17th July 2025, 1:28 pm

29ാം വയസില്‍ പൂരന്‍ പടിയിറങ്ങാന്‍ കാരണം വിന്‍ഡീസ്! അവര്‍ക്കായി നിങ്ങളെന്ത് ചെയ്തു? ആഞ്ഞടിച്ച് ലാറ

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ വിന്‍ഡീസ് താരവും ക്രിക്കറ്റ് ലെജന്‍ഡുമായ ബ്രയാന്‍ ലാറ. താരങ്ങള്‍ക്കായി ക്രിക്കറ്റ് ബോര്‍ഡ് ഒന്നും തന്നെ ചെയ്യുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ലോകത്തെമ്പാടുമുള്ള ടി-20 ലീഗുകളില്‍ കളിക്കാനുള്ള ഒരു ചവിട്ടുപടി മാത്രമായിട്ടാണ് താരങ്ങള്‍ ദേശീയ ടീമിനെ കാണുന്നതെന്നും എന്നാല്‍ അത് ഒരിക്കലും അവരുടെ തെറ്റല്ല എന്നും ബ്രയാന്‍ ലാറ പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ടീം 27 റണ്‍സിന് പുറത്തായതിന്റെ പശ്ചാത്തലത്തിലാണ് ലാറയുടെ വിമര്‍ശനം.

‘മറ്റിടങ്ങളില്‍ ടി-20 കോണ്‍ട്രാക്ട് ലഭിക്കാനുള്ള ഒരു ചവിട്ടുപടിയായി, ഒരു പ്ലാറ്റ്‌ഫോമായി മാത്രമാണ് താരങ്ങള്‍ വെസ്റ്റ് ഇന്‍ഡീസിനെ കാണുന്നത്. സത്യസന്ധമായി പറയട്ടെ, ഇത് ഒരിക്കലും അവരുടെ തെറ്റല്ല.

പൂരനെ (നിക്കോളാസ് പൂരന്‍) പോലെ നിങ്ങളുടെ അഗ്രസീവായ താരങ്ങളില്‍ ഒരാള്‍ 29ാം വയസില്‍ വിരമിക്കുന്നു. തുറന്നുപറയട്ടെ, അവര്‍ എന്തിനാണ് ഈ തീരുമാനമെടുത്തത് എന്ന കാര്യം വളരെ വ്യക്തമാണ്.

ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡുകളെ പോലെ താരങ്ങളെ ടീമിനൊപ്പം ചേര്‍ത്തുനിര്‍ത്താന്‍, വിശ്വസ്തതയോടെ ഒപ്പം കൂട്ടാന്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡോ അഡ്മിനിസ്‌ട്രേഷനോ എന്തെങ്കിലും ചെയ്തിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ഇതുകൊണ്ടുതന്നെ നമ്മുടെ താരങ്ങള്‍ മറ്റുള്ള സ്ഥലങ്ങളില്‍ അവസരങ്ങള്‍ തേടി പോകുന്നു,’ ലാറ പറഞ്ഞു.

ഓസ്‌ട്രേലിയയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ മൂന്ന് ടെസ്റ്റുകളിലും ആതിഥേയര്‍ പരാജയപ്പെട്ടിരുന്നു. ആദ്യ ടെസ്റ്റ് 159 റണ്‍സിനും രണ്ടാം ടെസ്റ്റ് 133 റണ്‍സിനുമാണ് കങ്കാരുക്കള്‍ വിജയിച്ചത്.

സബീന പാര്‍ക്കില്‍ നടന്ന മൂന്നാം ടെസ്റ്റിലാണ് വെസ്റ്റ് ഇന്‍ഡീസിന് ക്രിക്കറ്റ് ലോകത്തിന് മുമ്പില്‍ നാണംകെട്ട് നില്‍ക്കേണ്ടി വന്നത്. ഒമ്പത് റണ്‍സിന് ആറ് വിക്കറ്റുമായി മിച്ചല്‍ സ്റ്റാര്‍ക്കും ഹാട്രിക്കുമായി സ്‌കോട്ട് ബോളണ്ടും അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടിയ മത്സരത്തില്‍ കേവലം 27 റണ്‍സിന് ആതിഥേയര്‍ പുറത്തായി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത് ഏറ്റവും മോശം സ്‌കോറാണിത്.

ഈ പരാജയങ്ങള്‍ക്ക് പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് വിവ് റിച്ചാര്‍ഡ്‌സ്, ക്ലൈവ് ലോയ്ഡ്, ബ്രയാന്‍ ലാറ എന്നിവരുമായി അടിയന്തര ചര്‍ച്ചകള്‍ നടത്തിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ തലവര തന്നെ തിരുത്തിയെഴുതാന്‍ പോകുന്ന ചര്‍ച്ചയായിരിക്കും ഇതെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: Brian Lara criticize West Indies cricket board

We use cookies to give you the best possible experience. Learn more