ക്രിക്കറ്റിലെ ഗോട്ട് ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഓസ്ട്രേലിയന്‍ ഇതിഹാസം ബ്രെറ്റ് ലീ. സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം ജാക് കാലിസിനെയാണ് ബ്രെറ്റ് ലീ തെരഞ്ഞെടുത്തത്. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഏറ്റവും മികച്ച ബാറ്റര്‍ എന്ന് വിശേഷിപ്പിച്ച ബ്രെറ്റ് ലീ ക്രിക്കറ്റിലെ സര്‍വ മേഖലയിലെയും താരമായി കാലിസിനെയാണ് തെരഞ്ഞെടുത്തത്. ബീര്‍ബൈസെപ്‌സ് എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഓസീസ് ഇതിഹാസം.
‘ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആണെന്ന് ഞാനെപ്പോഴും പറയാറുണ്ട്. എന്നാല്‍ ഏറ്റവും മികച്ച ക്രിക്കറ്റര്‍ ജാക് കാലിസാണ്. ലോകത്തിലെ മികച്ച സ്റ്റാറ്റസുകള്‍ അദ്ദേഹത്തിന്റെ പേരിലാണുള്ളത്. അത് ഒരിക്കലും കള്ളം പറയുകയില്ല. അദ്ദേഹം അത്രത്തോളം മികച്ചതാണ്,’ ബ്രെറ്റ് ലീ പറഞ്ഞു.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളാണ് കാലിസ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ സംഭാവനകള്‍ നല്‍കാന്‍ കാലിസിന് സാധിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 166 മത്സരങ്ങളില്‍ 280 ഇന്നിങസില്‍ നിന്ന് 13289 റണ്‍സാണ് കാലിസ് നേടിയത്.
ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ 272 ഇന്നിങ്സില്‍ നിന്ന് 292 വിക്കറ്റും മുന്‍ താരം നേടിയിട്ടുണ്ട്. ഏകദിനത്തിലെ 328 മത്സരത്തിലെ 314 ഇന്നിങ്സില്‍ നിന്ന് 11579 റണ്‍സാണ് കാലിസിന്റെ പേരിലുള്ളത്. മാത്രമല്ല 273വിക്കറ്റും ഫോര്‍മാറ്റില്‍ താരത്തിന് ഉണ്ട്.
ടി-20യില്‍ 25 മത്സരത്തിലെ 23 ഇന്നിങ്സില്‍ നിന്ന് 666 റണ്‍സും 12 വിക്കറ്റും നേടിയ കാലിസ് ഐ.പി.എല്ലില്‍ സജീവമായിരുന്നു. 98 ഐ.പി.എല്‍ മത്സരത്തിലെ 96 ഇന്നിങ്സില്‍ നിന്ന് 2427 റണ്‍സും 65 വിക്കറ്റും കാലിസ് സ്വന്തമാക്കിയിട്ടുണ്ട്.
കാലിസ് 25534 അന്താരാഷ്ട്ര റണ്‍സും എല്ലാ ഫോര്‍മാറ്റുകളിലുമായി 500 അന്താരാഷ്ട്ര വിക്കറ്റുകളും നേടി. എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് റണ്‍ സ്‌കോറര്‍മാരില്‍ മൂന്നാമതായും ഏകദിന ഇന്റര്‍നാഷണലുകളില്‍ എട്ടാമനുമായിട്ടാണ് കാലിസ് വിരമിച്ചത്.
Content Highlight: Brett Lee talks about Jacques Kallis and Sachin Tendulkar