| Saturday, 14th December 2024, 4:15 pm

ഇന്ത്യ ബൗളിങ് തെരഞ്ഞടുത്തത് വലിയ മണ്ടത്തരം, ഓസീസ് ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി: ബ്രറ്റ് ലീ

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ബ്രിസ്ബേനിലെ ഗാബയിലാണ് നടക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാല്‍ 13.2 ഓവര്‍ പിന്നിട്ട് ഓസീസ് 28 റണ്‍സ് എന്ന നിലയില്‍ ആയപ്പോള്‍ മഴ വില്ലനായി എത്തുകയായിരുന്നു. നിലവില്‍ മഴ കാരണം ആദ്യ ദിനം മത്സരം ഉപേക്ഷിച്ചിരിക്കുകയാണ്.

എന്നാല്‍ മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ സ്വന്തം കുഴി തോണ്ടിയെന്ന് പറയുകയാണ് മുന്‍ ഓസീസ് സ്റ്റാര്‍ പേസര്‍ ബ്രറ്റ് ലീ. പിച്ച് കഠിനമാകുന്നതിന് അനുസരിച്ച് വരാനിരിക്കുന്ന ഇന്നിങ്‌സ് ബാറ്റര്‍മാര്‍ക്ക് കഠിനമാകുമെന്നും നാലാം ഇന്നിങ്‌സില്‍ ഇന്ത്യ ബുദ്ധിമുട്ടുമെന്നുമാണ് ബ്രറ്റ് ലീ പറഞ്ഞത്.

‘ആദ്യം ബോള്‍ ചെയ്ത് ഇന്ത്യ വരുത്തിയ പിഴവാണെന്നും മത്സരം പുരോഗമിക്കുമ്പോള്‍ പിച്ചിന്റെ ഉപരിതലം കഠിനമാവുകയും ബാറ്റിങ് ബുദ്ധിമുട്ടാകുകയും ചെയ്യും. ശേഷിക്കുന്ന ഇന്നിങ്‌സുകളില്‍ ബാറ്റര്‍മാര്‍ ബുദ്ധിമുട്ടുന്നത് കാണും.

നാലാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നത് ഇവിടെ ഒരിക്കലും എളുപ്പമല്ല. ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ ബുദ്ധിമുട്ടുകയാണ്. ഓസീസ് പേസര്‍മാര്‍ക്ക് അവരെ പുറത്താക്കുന്നത് കൂടുതല്‍ എളുപ്പമായിരിക്കും,’ ബ്രെറ്റ് ലീ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

മൂന്നാം ടെസ്റ്റില്‍ ഓള്‍ റൗണ്ടര്‍ അശ്വിനെ പുറത്തിരുത്തി രവീന്ദ്ര ജഡേജയ്ക്ക് അവസരം ലഭിച്ചപ്പോള്‍ പേസര്‍ ഹര്‍ഷിത് റാണയ്ക്ക് പകരം ആകാശ് ദീപിനെയും ഇന്ത്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഗാബയില്‍ ഓപ്പണിങ് ബൗള്‍ ചെയ്തത് ബുംറയും സിറാജുമായിരുന്നു. എന്നാല്‍ തുടക്കത്തില്‍ ഇരുവര്‍ക്കും ഓസീസ് ബാറ്റര്‍മാരെ സമ്മര്‍ദത്തിലാക്കാന്‍ സാധിച്ചില്ലായിരുന്നു.

ഗാബ ടെസ്റ്റില്‍ കങ്കാരുക്കള്‍ക്ക് വേണ്ടി ഓപ്പണ്‍ ചെയ്തത് ഉസ്മാന്‍ ഖവാജയും നഥാന്‍ മക്‌സ്വീനിയുമാണ്. ഉസ്മാന്‍ 47 പന്തില്‍ നിന്ന് മൂന്ന് ഫോര്‍ അടക്കം 19* റണ്‍സ് നേടിയപ്പോള്‍ നഥാന്‍ 33 പന്തില്‍ നാല് റണ്‍സ് നേടി മിന്നും ഡിഫന്റാണ് കാഴ്ചവെച്ചത്.

Content Highlight: Brett Lee Talking About India’s  Decision In Toss Against Australia

We use cookies to give you the best possible experience. Learn more