| Tuesday, 25th November 2025, 7:22 am

മുമ്പ് സൗത്ത് ആഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു, പരമ്പര ജയിച്ചാണ് തിരിച്ചുവന്നത്; ഇംഗ്ലണ്ടിന് പിന്തുണയുമായി മക്കല്ലം

സ്പോര്‍ട്സ് ഡെസ്‌ക്

ആഷസ് ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു. പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ 205 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഓസ്ട്രേലിയ എട്ട് വിക്കറ്റിനായിരുന്നുവിജയിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ഓസീസ് മുന്നിലെത്തിയിരിക്കുകയാണ്.

വിജയിക്കാമായിരുന്ന മത്സരമായിട്ടും പരാജയം നേരിട്ടതിന് ത്രീ ലയണ്‍സിന് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇതോടെ ഇംഗ്ലണ്ടിന്റെ മുഖ്യ പരിശീലകന്‍ ടീമിന് പിന്തുണ നല്‍കി സംസാരിച്ചിരിക്കുകയാണ്.

ചിലപ്പോള്‍ തങ്ങള്‍ പരാജയപ്പെട്ടേക്കാമെന്നും പക്ഷേ കളിക്കാന്‍ ഇറങ്ങുമ്പോള്‍ മാനസികാവസ്ഥയിലും കഴിവിലും വിശ്വാസം നിലനിര്‍ത്തുക എന്നത് പ്രധാനമാണെന്നും മക്കല്ലം പറഞ്ഞു. കാര്യങ്ങള്‍ ആസൂത്രണം ചെയ്തതുപോലെ നടക്കാത്ത സാഹചര്യമുണ്ടാകുമെന്നും എന്നിരുന്നാലും പരമ്പരയില്‍ ഐക്യത്തോടെ നില്‍ക്കുന്നത് വിശ്വാസത്തെ ഉയര്‍ത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ചിലപ്പോള്‍, ഞങ്ങള്‍ പരാജയപ്പെട്ടേക്കാം, അത് അത്ര നല്ല കാര്യമല്ല, പക്ഷേ കളിക്കാന്‍ ഇറങ്ങുമ്പോള്‍ മാനസികാവസ്ഥയിലും കഴിവിലും വിശ്വാസം നിലനിര്‍ത്തുക എന്നത് പ്രധാനമാണ്. കാര്യങ്ങള്‍ ആസൂത്രണം ചെയ്തതുപോലെ നടക്കാത്ത സാഹചര്യമുണ്ടാകും, എന്നാലും പരമ്പരയില്‍ ഐക്യത്തോടെ നില്‍ക്കുന്നത് നമ്മുടെ വിശ്വാസത്തെ ഉയര്‍ത്തും.

നമ്മള്‍ ശാന്തത പാലിക്കുകയും ഐക്യത്തോടെ തുടരുകയും മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ പരമ്പരയിലേക്ക് തിരിച്ചുവരാനുള്ള വഴി കണ്ടെത്തുകയും വേണം, ഞങ്ങള്‍ മുമ്പ് ഈ അവസ്ഥ നേരിട്ടിരുന്നു. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് വെറും രണ്ട് ദിവസത്തിനുള്ളില്‍ ഞങ്ങള്‍ തോറ്റു, തുടര്‍ന്ന് പരമ്പര 2-1 ന് ജയിച്ചാണ് ഞങ്ങള്‍ തിരിച്ചുവന്നത്,’ ബ്രെന്‍ഡന്‍ മക്കല്ലം പറഞ്ഞു.

ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണറായി ഇറങ്ങിയ ട്രാവിസ് ഹെഡിന്റെ അമ്പരപ്പിക്കുന്ന പ്രകടനത്തിന്റെ കരുത്തിലാണ് ഓസ്ട്രേലിയ എളുപ്പം വിജയിച്ചത്. 83 പന്തില്‍ നിന്ന് നാല് സിക്സും 16 ഫോറും ഉള്‍പ്പെടെ 123 റണ്‍സ് നേടിയാണ് താരം പുറത്തായത്. രണ്ടാം മത്സരത്തിലും സ്വന്തം മണ്ണില്‍ ആധിപത്യം ഉറപ്പിക്കാനാണ് ഓസീസ് തയ്യാറെടുക്കുന്നത്.

അതേസമയം ആഷസിലെ രണ്ടാം മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും. ഡിസംബര്‍ നാല് മുതല്‍ എട്ട് വരെ ഗാബയിലാണ് മത്സരം അരങ്ങേറുന്നത്. പിങ്ക് ബോള്‍ ടെസ്റ്റില്‍ വലിയ വെല്ലുവിളിയാണ് ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നതും.

Content Highlight: Brendon McCullum Talking About England Lose Against Australia In First Test

We use cookies to give you the best possible experience. Learn more