ബെത്‌ലഹേം കുടുംബ യൂണിറ്റ് തിയേറ്ററുകളിൽ വലിയ സ്വീകാര്യത നേടുന്നതിനിടെ ചിത്രത്തിലെ ആഷ്‌ലി എന്ന കഥാപാത്രവും ശ്രദ്ധിക്കപെടുകയാണ്. പതിവ് നായിക സങ്കല്പത്തിൽ നിന്ന് വേറിട്ടുകൊണ്ടാണ് ചിത്രത്തിൽ മമിത ബൈജു അവതരിപ്പിച്ച കഥാപാത്രത്തെ ഗിരീഷ് എ.ഡി ഒരുക്കിയിരിക്കുന്നത്. സമൂഹം കല്പിച്ചിട്ടുള്ള നിരവധി ചട്ടക്കൂടുകളിൽ ഒതുങ്ങി നിൽക്കുന്ന മലയാളി സ്ത്രീ കഥാപാത്രങ്ങളെ പൊളിച്ചെഴുതുകയാണ് മമിതയുടെ ആഷ്‌ലി എന്ന കഥാപാത്രം. ഉറക്കത്തിൽ ജാഗ്രത, ഭക്ഷണത്തിന് മുന്നിൽ മിതത്വം, സ്വന്തം ആഗ്രഹങ്ങളെക്കാൾ മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം ഇത്തരം കാഴ്ചപ്പാടുകൾ പലപ്പോഴും സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ആവർത്തിക്കപെടാറുണ്ട്.
എന്നാൽ ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ ആഷ്‌ലി അത്തരം ചട്ടക്കൂടുകളിലൊന്നിലും ഒതുങ്ങുന്നില്ല. അവൾ ആർത്തിയോടെ ഭക്ഷണം കഴിക്കുന്നു, സുഖമായി ഉറങ്ങുന്നു, യാത്രകളിലും ജീവിതത്തിലെ ചെറിയ സന്തോഷങ്ങളിലും യാതൊരു പ്രയാസവുമില്ലാതെ പങ്കുചേരുന്നു. വലിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ തന്നെ, സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചുള്ള മലയാള സിനിമയുടെ പതിവ് ധാരണകളെ ആഷ്‌ലി എങ്ങനെ പൊളിച്ചെഴുതുന്നുവെന്ന് ചൂണ്ടിക്കാട്ടുകയാണ് എഴുത്തുകാരാനായ യാക്കോബ് തോമസ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് യാക്കോബ് തോമസ് ഇതേ കുറിച്ച് സംസാരിച്ചത്.
ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. IMDb
പുതിയ സ്ഥലത്തേക്ക് കാറിൽ വരുമ്പോൾ ഒരു വശത്ത് ബോധമില്ലാതെ വായപൊളിച്ച് ആഴത്തിൽ ഉറങ്ങുന്ന ആഷ്‌ലിയുടെ രംഗം മുതലാണ് യാക്കോബ് തോമസ് കഥാപാത്രത്തിന്റെ പ്രത്യേകതയെ നിരീക്ഷിക്കുന്നത്. പുതിയ സ്ഥലത്തെത്തിയിട്ടും പെട്ടെന്ന് ഉറക്കം മാറാത്ത ആഷ്‌ലിയെ പിന്നീട് രണ്ടുമൂന്ന് രംഗങ്ങളിലും ‘പോത്തുപോലെ’ ഉറങ്ങുന്നതും രാവിലെ വൈകിയുണരുന്നതും കാണിക്കുന്നുണ്ട്. മലയാള സിനിമയിലെ നായികമാരെ പലപ്പോഴും ഉറക്കത്തിലും ബോധവും അച്ചടക്കവും പ്രകടിപ്പിക്കുന്നവരായാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും, അത്തരത്തിലുള്ള പതിവ് ‘ജെൻഡർ ചേരുവകൾക്ക്’ പുറത്താണ് ആഷ്‌ലി നിൽക്കുന്നതെന്നും യാക്കോബ് തോമസ് അഭിപ്രായപ്പെടുന്നു.
ആഷ്‌ലിയുടെ ഉറക്കശീലം മാത്രമല്ല, ഭക്ഷണത്തോടുള്ള താത്പര്യവും ഈ വ്യത്യസ്തതയുടെ ഭാഗമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. നായകനുമൊത്തുള്ള പല രംഗങ്ങളിലും ഭക്ഷണം കഴിക്കുന്ന ആഷ്‌ലിയെ കാണാം. ആദ്യമായി നായകനൊപ്പം സിനിമയ്ക്ക് പോകുമ്പോൾ ഹോട്ടലിൽനിന്ന് ഭക്ഷണം ആവശ്യപ്പെട്ട് കഴിക്കുന്നതും മറ്റൊരു രംഗത്തിൽ ബിരിയാണി ആവശ്യപ്പെടുന്നതുമെല്ലാം കാണാൻ സാധിക്കും. സാധാരണ സ്ത്രീകളെ അവതരിപ്പിക്കുക കൊതിയില്ലാത്ത, തന്നാലും വേണ്ട എന്ന് പറയുന്നവരായിട്ടാണ്. പുരുഷന് വിളമ്പിക്കൊടുക്കുന്നവരെന്ന മട്ടിലും. ഇവിടെ അതെല്ലാം തകിടംമറിയുന്നുണ്ട്.
യാത്രയ്ക്കിടെ കാണുന്ന കടകളിൽനിന്ന് ജ്യൂസും മറ്റും കഴിക്കുന്നതും ഗ്രാമീണമായൊരു ഹോട്ടലിൽനിന്ന് ഉച്ചഭക്ഷണം ഏറെ ആസ്വദിച്ച് കഴിക്കുന്നതുമെല്ലാം ആഷ്‌ലിയുടെ കഥാപാത്രനിർമിതിയുടെ ഭാഗമാണെന്നും കുറിപ്പിൽ പറയുന്നു. ഭക്ഷണം കഴിക്കുന്നതിലും ഉറങ്ങുന്നതിലും യാതൊരു കൃത്രിമത്വവുമില്ലാതെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കുന്ന കഥാപാത്രമായാണ് ആഷ്‌ലിയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഇതിന്റെ മറ്റൊരു തലമായാണ് ആഷ്‌ലിയുടെ മദ്യപാനത്തെയും നമുക്ക് കാണാൻ സാധിക്കുക. മറ്റുള്ളവർ നിശ്ചയിക്കുന്ന പെരുമാറ്റച്ചട്ടങ്ങൾക്കുള്ളിൽ ഒതുങ്ങിനിൽക്കാതെ, സ്വന്തം ഇഷ്ടങ്ങൾ ആസ്വദിക്കുന്ന സ്ത്രീശരീരത്തിന്റെ സ്വാഭാവികതയാണ് ഈ കഥാപാത്രത്തിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ഉറങ്ങാനും ഭക്ഷണം കഴിക്കാനും ജീവിതം ആസ്വദിക്കാനുമുള്ള സ്വാതന്ത്ര്യം ഒരു സ്ത്രീകഥാപാത്രത്തിന് സ്വാഭാവികമായി നൽകുന്നതിലൂടെ മലയാള സിനിമയിലെ നായികാ കഥാപാത്രങ്ങളുടെ പതിവ് രൂപങ്ങളിൽനിന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ മാറിനിൽക്കുന്നുവെന്നും യാക്കോബ് തോമസ് ചൂണ്ടിക്കാട്ടുന്നു. വലിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ ഇത്തരം ചെറിയ ശീലങ്ങളിലൂടെയാണ് ആഷ്‌ലി വ്യത്യസ്തമായ സ്ത്രീകഥാപാത്രമായി മാറുന്നതെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Screen Grab/ Youtube
നിവിൻ പോളിയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായ ഗിരീഷ് എ.ഡി ചിത്രം ഓണം റിലീസായാണ് തിയേറ്ററുകളിലെത്തിയത്. പ്രണയവും നർമവും കുടുംബബന്ധങ്ങളും ചേർന്ന ചിത്രത്തിൽ ആഷ്‌ലിയായി മമിത ബൈജു അവതരിപ്പിക്കുന്ന കഥാപാത്രവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. ചിത്ര ഇതിനോടകം തന്നെ 200 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്. ചിത്രത്തിന്റെ വിജയത്തിനൊപ്പം, കഥാപാത്രങ്ങളെക്കുറിച്ചുള്ള ഇത്തരം വ്യത്യസ്ത വായനകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.
Content Highlight: Breaking the mould of the usual heroine, Mamitha’s Ashley in ‘Bethlehem Kudumba Unit’ stands apart