| Tuesday, 5th August 2025, 5:08 pm

Say My Name... തമിഴ് പാട്ടുകളില്‍ നിറഞ്ഞുനില്‍ക്കുന്ന ബ്രേക്കിങ് ബാഡ് റഫറന്‍സും ഹൈസന്‍ബെര്‍ഗ് എന്ന രചയിതാവും

അമര്‍നാഥ് എം.

ലോകേഷ് കനകരാജ്- കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വിക്രം. 2022ല്‍ റിലീസായ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയും അനിരുദ്ധ് ഈണമിട്ട പാട്ടുകളെല്ലാം ചാര്‍ട്ബസ്റ്ററാവുകയും ചെയ്തു. അതില്‍ പലരുടെയും ശ്രദ്ധയാകര്‍ഷിച്ച പാട്ടായിരുന്നു ‘വേസ്റ്റഡ്’ എന്ന റാപ്പ് മൂഡിലുള്ള ഇംഗ്ലീഷ് ഗാനം. വിക്രം പോലൊരു ആക്ഷന്‍ ചിത്രത്തില്‍ വ്യത്യസ്തമായ അനുഭവമായി ആ ഗാനം മാറി.

ലിറിക്‌സ് എഴുതിയയാളുടെ പേരും അതോടൊപ്പം ചര്‍ച്ചയായി. സീരീസ് പ്രേമികള്‍ ഒരുകാലത്തും മറക്കാത്ത ഐക്കോണിക് പേരായ ഹൈസന്‍ബെര്‍ഗ് എന്നായിരുന്നു രചയിതാവിന്റെ പേരിന്റെ സ്ഥാനത്ത്. ബ്രേക്കിങ് ബാഡ് എന്ന ക്ലാസിക് സീരീസിലെ നായക കഥാപാത്രം സ്വീകരിക്കുന്ന പേരാണ് ഹൈസന്‍ബെര്‍ഗ്. കോളേജ് അധ്യാപകനായ വാള്‍ട്ടര്‍ വൈറ്റ് മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിയുമ്പോഴാണ് ഈ പേര് സ്വീകരിക്കുന്നത്. സീരീസിലെ ഐക്കോണിക് ഡയലോഗായ Say My Name ഇന്നും രോമാഞ്ചമുണര്‍ത്തുന്നതാണ്.

ഇത്തരമൊരു പേര് തമിഴ് സിനിമയില്‍ കണ്ടതിന്റെ അത്ഭുതമായിരുന്നു പലര്‍ക്കും. വിക്രത്തില്‍ മാത്രമല്ല, വിജയ് നായകനായ ലിയോ, തെലുങ്ക് ചിത്രം ദേവര തുടങ്ങി റിലീസിന് തയാറെടുക്കുന്ന കൂലിയിലും പാട്ടെഴുത്തുകാരനായി ഹൈസന്‍ബെര്‍ഗെന്ന പേര് കാണാന്‍ സാധിക്കും. എന്നാല്‍ ഒരിക്കല്‍ പോലും ഇയാളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണാന്‍ സാധിച്ചിട്ടില്ല.

ലിയോയയിലെ ‘ഓര്‍ഡിനറി പേഴ്‌സണ്‍’, ‘ഐ ആം സ്‌കെയര്‍ഡ്’, ദേവരയിലെ ‘റെഡ് സീ’, കൂലിയിലെ ‘മോബ്‌സ്റ്റ’, ‘ഐ ആം ദ ഡേഞ്ചര്‍’ എന്നീ പാട്ടുകള്‍ പിറന്നത് ഹൈസന്‍ബെര്‍ഗിന്റെ തൂലികയില്‍ നിന്നാണ്. എല്ലാ പാട്ടിലും ബ്രേക്കിങ് ബാഡിന്റെ ഷെയ്ഡും കാണാന്‍ സാധിക്കുന്നു എന്നതും ഈ പാട്ടുകളെ വ്യത്യസ്തമാക്കി നിര്‍ത്തുന്നുണ്ട്.

തുടക്കകാലത്ത് ലോകേഷ് കനകരാജാണ് ഇതെന്ന് പലരും അനുമാനിച്ചിരുന്നു. എന്നാല്‍ ലോകേഷ് ഇത് നിരസിക്കുകയായിരുന്നു. എന്നാലും ആരാണിതെന്നറിയാതെ വിടാന്‍ പ്രേക്ഷകര്‍ ഒരുക്കമല്ലായിരുന്നു. തമിഴ് സിനിമയില്‍ ബ്രേക്കിങ് ബാഡ് സീരീസിനോട് കടുത്ത ആരാധനയുള്ള ഒരാളാകും ഇതെന്ന നിഗമനത്തിലാണ് പിന്നീട് പലരും എത്തിച്ചേര്‍ന്നത്.

ചെയ്ത സിനിമകളിലെല്ലാം ബ്രേക്കിങ് ബാഡ് റഫറന്‍സ് ഉപയോഗിക്കുന്ന നെല്‍സണാണ് ഹൈസന്‍ബെര്‍ഗെന്ന് ചിലര്‍ അനുമാനിക്കുന്നു. ഇതിന് കാരണങ്ങളുമുണ്ട്. ഹൈസന്‍ബെര്‍ഗ് എഴുതിയ പാട്ടുകള്‍ക്കെല്ലാം അനിരുദ്ധാണ് സംഗീതം നല്‍കിയത്. നെല്‍സന്റെ സിനിമകളുടെയെല്ലാം സംഗീതവും അനിരുദ്ധ് തന്നെയാണ്. കോലമാവ് കോകില മുതല്‍ ജയിലറില്‍ വരെ ബ്രേക്കിങ് ബാഡിന്റെ റഫറന്‍സ് നല്‍കുന്നതില്‍ നെല്‍സണ്‍ വിട്ടുവീഴ്ച വരുത്തിയിട്ടുമില്ല.

എല്ലാത്തിലുമുപരി ലോകേഷ് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഹൈസന്‍ബെര്‍ഗിനെക്കുറിച്ച് വലിയൊരു സൂചന നല്‍കിയിട്ടുണ്ട്. വരുമൈയിന്‍ നിറം സിഗപ്പ് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രവും ഹൈസന്‍ബെര്‍ഗും തമ്മില്‍ ബന്ധമുണ്ട് എന്നതായിരുന്നു ആ സൂചന. ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്റെ പേര് ദിലീപ് എന്നാണെന്നും നെല്‍സന്റെ മുഴുവന്‍ പേര് നെല്‍സണ്‍ ദിലീപ്കുമാര്‍ എന്നാണെന്നുമാണ് സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചിരിക്കുന്നത്.

ഹൈസന്‍ബെര്‍ഗ് ആരായാലും അയാള്‍ തമിഴ് സിനിമയില്‍ ഉണ്ടാക്കിയ ഇംപാക്ട് ചെറുതല്ല. ഇപ്പോള്‍ പല സിനിമകളിലും ബ്രേക്കിങ് ബാഡ് റഫറന്‍സ് ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. എല്‍.സി.യുവിലെ അടുത്ത ചിത്രമായ ബെന്‍സില്‍ നിവിന്‍ പോളിയുടെ കഥാപാത്രത്തിന്റെ പേര് വാള്‍ട്ടര്‍ എന്നാണ്. താരത്തിന്റെ ക്യാരക്ടര്‍ അനൗണ്‍സ്‌മെന്റ് വീഡിയോ വലിയരീതിയില്‍ ചര്‍ച്ചയായി മാറി. റിലീസ് ചെയ്ത് 12 വര്‍ഷം കഴിഞ്ഞിട്ടും ബ്രേക്കിങ് ബാഡ് സിനിമകളെ സ്വാധീനിക്കുമ്പോള്‍ ഹൈസന്‍ബെര്‍ഗിന്റെ ഡയലോഗ് തന്നെയാണ് സത്യം. ‘I Am Not in Danger, I Am the Danger’

Content Highlight: Breaking Bad reference in recent Tamil movie songs

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more