| Friday, 26th September 2025, 9:40 pm

ഇസ്രഈല്‍ അഭിനവ നാസികളെന്ന് യു.എന്നില്‍ കൊളംബിയന്‍ പ്രസിഡന്റ്; പിന്നാലെ കെട്ടിപ്പിടിച്ച് ഉമ്മവെച്ച് ബ്രസീല്‍ പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്: ഐക്യരാഷ്ട്ര സഭയില്‍ ഇസ്രഈലിനെതിരായ രൂക്ഷവിമര്‍ശനത്തില്‍ കൊളംബിയന്‍ പ്രസിഡന്റെ ഗുസ്താവോ പെട്രോയെ ചുംബിച്ച് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പെട്രോയുടെ പ്രസംഗത്തിന് പിന്നാലെയായിരുന്നു ലുലയുടെ ചുംബനം.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയെ നിശിതമായ ഭാഷയിലായിരുന്നു പെട്രോ തന്റെ പ്രസംഗത്തില്‍ വിമര്‍ശിച്ചത്. ഇസ്രഈലിനെ നവനാസികള്‍ എന്നാണ് പെട്രോ തന്റെ പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്.

ഗുസ്താവോ പെട്രോ

ഫലസ്തീന്റെ മോചനത്തിനായി ഏഷ്യന്‍ രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു അന്താരാഷ്ട്ര സൈനിക സേനയെ സൃഷ്ടിക്കണമെന്നും ഇസ്രഈലിലേക്ക് ആയുധങ്ങളുമായി പോകുന്ന ഒരു കപ്പലിനെയും കടന്നുപോകാന്‍ അനുവദിക്കരുത് എന്നും അദ്ദേഹം പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

തന്റെ പ്രസംഗത്തില്‍ പലയാവര്‍ത്തി ഇസ്രഈലിന്റെ പ്രവര്‍ത്തികളെ വംശഹത്യ എന്ന് വിശേഷിപ്പിച്ച പെട്രോ, ഫലസ്തീനില്‍ നടക്കുന്നത് ഹോളോകോസ്റ്റിന് സമാനമാണെന്നും പറഞ്ഞു.

ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ സെമറ്റിക് വിരുദ്ധ പ്രവര്‍ത്തി മനുഷ്യരാശിയുടെ, പ്രത്യേകിച്ച് ഫലസ്തീന്‍ ജനതയുടെ മേല്‍ ഹിറ്റ്‌ലറിന്റെ കൂട്ടക്കൊല ആവര്‍ത്തിക്കുകയാണെന്നും പറഞ്ഞു. 2023ല്‍ ഇസ്രഈല്‍ ഫലസ്തീന്‍ ആക്രമണമാരംഭിച്ചതുമുതല്‍ പലപ്പോഴായി അദ്ദേഹം ഈ താരതമ്യം നടത്തിയിട്ടുണ്ട്.

ഫലസ്തീന്റെ വിമോചനത്തിനായി ആഹ്വാനം ചെയ്ത പെട്രോയുടെ പ്രസ്താവനയെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നതായിരുന്നു ലുലയുടെ ചുംബനം. ഇതിലൂടെ ഫലസ്തീന്‍ വിഷയത്തിലേക്ക് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ ഒരിക്കല്‍ക്കൂടി കൊണ്ടുവരാനും ലുലയ്ക്കും പെട്രോയ്ക്കും സാധിച്ചു.

ലുല പെട്രോയെ ചുംബിക്കുന്നു

അതേസമയം, യു.എന്‍. പൊതുസമ്മേളനത്തിന്റെ നാലാം ദിവസം ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ വിവിധ രാജ്യങ്ങള്‍ തങ്ങളുടെ പരസ്യപ്രതിഷേധമറിയിച്ചിരുന്നു. പ്രസംഗിക്കാനെത്തിയ നെതന്യാഹുവിനെ കൂക്കുവിളികളോടെയാണ് വിവിധ രാജ്യത്തെ പ്രതിനിധികള്‍ സ്വീകരിച്ചത്. നൂറിലേറെ വരുന്ന പ്രതിനിധികള്‍ ഇറങ്ങിപ്പോവുകയും ചെയ്തു.

ചില യൂറോപ്യന്‍ രാഷ്ട്രങ്ങളും അറബ് – മുസ്‌ലിം രാഷ്ട്രങ്ങളും ആഫ്രിക്കന്‍ രാഷ്ട്രങ്ങളുമാണ് നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയത്.

ഇസ്രഈലിന്റെ പ്രസംഗം ബഹിഷ്‌കരിച്ച് രാജ്യപ്രതിനിധികള്‍ ഇറങ്ങിപ്പോയതോടെ സംഭവിച്ച നാണക്കേട് മറയ്ക്കാനായി ഇസ്രഈല്‍ പ്രതിനിധികള്‍ ഉള്‍പ്പടെയുള്ള നെതന്യാഹുവിനെ പിന്തുണയ്ക്കുന്നവര്‍ മിനിറ്റുകളോളം എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയും ചെയ്തിരുന്നു.

Content Highlight: Brazilian President Lula da Silva kisses Colombian President Gustavo Petro amid strong criticism of Israel at the United Nations.

We use cookies to give you the best possible experience. Learn more