ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍ പ്രതികരണവുമായി ബ്രസീലിയന്‍ മോഡല്‍ ലാരിസ. വോട്ടര്‍ പട്ടികയില്‍ തന്റെ ചിത്രം വന്നത് അവിശ്വസനീയമാണെന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ ലാരിസ പറഞ്ഞു.
തന്റെ പഴയ ചിത്രം ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ഉപയോഗിച്ചെന്നും തന്നെ ഇന്ത്യക്കാരിയായി ചിത്രീകിരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം പോരാടുകയാണെന്നും ലാരിസ പറഞ്ഞു. ഒന്നില്‍ കൂടുതല്‍ തവണ വോട്ട് ചെയ്യാന്‍ ഉപയോഗിച്ച ഫോട്ടോ ഞാന്‍ ചെറുപ്പമായിരുന്ന കാലത്ത് എടുത്തതാണെന്നും ലാരിസ പറയുന്നു. പോര്‍ച്ചുഗീസ് ഭാഷയില്‍ ലാരിസ സംസാരിക്കുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ബ്രസീലിയന്‍ മോഡലിന്റേതുള്‍പ്പെടെ വ്യാജ ചിത്രങ്ങളും മേല്‍ വിലാസങ്ങളും ഉപയോഗിച്ച് ഹരിയാനയില്‍ കള്ളവോട്ട് നടന്നെന്നായിരുന്നു കഴിഞ്ഞ ദിവസം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
ബ്രസീലിയന്‍ മോഡലിന്റെ ചിത്രമുള്ള വോട്ടര്‍ ഐ.ഡി കാര്‍ഡ് ഉപയോഗിച്ച് 22 തവണ പത്ത് ബൂത്തുകളിലായി വോട്ട് ചെയ്ത തെളിവുകള്‍ അടക്കം രാഹുല്‍ ഗാന്ധി പുറത്തുവിട്ടിരുന്നു.
അഞ്ജു, കവിത, കിരണ്‍ ദേവി, സരസ്വതി, ഗീത, സീമ, സുമന്‍ ദേവി, ബിമല, വിമല, രശ്മി, പിങ്കി, മഞ്ജീത്, കല്‍വന്തി, പൂനം, സ്വീറ്റി, സരോജ്, സത്യവതിദേവി, ഗുനിയ സുനിത, അംഗൂരി, ദര്‍ശന, മുനേഷ് തുടങ്ങിയ പേരുകളിലാണ് ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഉപയോഗിച്ച് വോട്ടെടുപ്പ് നടന്നതെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.
അതേസമയം ഹരിയാനയിലെ വോട്ടര്‍പട്ടികയില്‍ ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോയില്‍ രണ്ട് പേര്‍ വോട്ട് ചെയ്തു. പിങ്കി ജുഗീന്ദര്‍, മുനീഷ് ദേവി എന്നീ സ്ത്രീകളാണ് വോട്ട് ചെയ്തത്. 2024ല്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് വോട്ട് ചെയ്തതെന്ന് പിങ്കി പറഞ്ഞു. വോട്ടര്‍ പട്ടികയിലെ ചിത്രം മാറിയത് അച്ചടി പിശക് ആവാമെന്നാണ് ഇവരുടെ വിശദീകരണം.