പോര്‍ച്ചുഗല്‍ ദേശീയ ടീമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പരിശീലകന്‍ ജോര്‍ജ് ജീസസും തമ്മിലുള്ള തര്‍ക്കത്തില്‍ റൊണാള്‍ഡോയെ പിന്തുണച്ച് ബ്രസീല്‍ ഇതിഹാസ താരം റൊമാരിയോ.
ക്രിസ്റ്റ്യാനോ പറഞ്ഞ കാര്യങ്ങള്‍ അതേപടി സംഭവിച്ചിട്ടുണ്ടെങ്കില്‍, ദേശീയ ടീമിന്റെ ക്യാമ്പ് വിട്ടുപോയതില്‍ പോര്‍ച്ചുഗല്‍ നായകന്‍ തെറ്റുകാരനല്ലെന്നും താനും അതേ തീരുമാനം തന്നെയെടുക്കുമായിരുന്നുവെന്നും റൊമാരിയോ പറഞ്ഞു.
ക്രിസ്റ്റ്യാനോയുടെ വാക്കുകള്‍ താന്‍ വിശ്വസിക്കുന്നുവെന്നും ബ്രസീല്‍ ഇതിഹാസം കൂട്ടിച്ചേര്‍ത്തു. ചര്‍ല പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റൊമാരിയോ
അതേസമയം ജോര്‍ജ് ജീസസുമായുള്ള തന്റെ വ്യക്തിപരമായ ബന്ധത്തെക്കുറിച്ചും റൊമാരിയോ സംസാരിച്ചു. ജീസസിനെ തനിക്ക് ഇഷ്ടമാണെന്നും ഫ്‌ളമംഗോയെ പരിശീലിപ്പിച്ചിരുന്ന സമയത്ത് അദ്ദേഹവുമായി ബന്ധമുണ്ടായിരുന്നുവെന്നും റൊമാരിയോ പറഞ്ഞു.
”എനിക്ക് ജോര്‍ജ് ജീസസിനെ ഇഷ്ടമാണ്. അദ്ദേഹം ഫ്‌ളമംഗോയെ പരിശീലിപ്പിച്ചിരുന്ന സമയത്ത് എനിക്ക് അദ്ദേഹവുമായി ബന്ധമുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തെ അഞ്ചാറ് തവണ കണ്ടിട്ടുണ്ട്. അദ്ദേഹം എല്ലായ്‌പ്പോഴും മികച്ച വ്യക്തിയായിരുന്നു,” റൊമാരിയോ പറഞ്ഞു.
എന്നാല്‍ ക്രിസ്റ്റ്യാനോയും ജോര്‍ജ് ജീസസും തമ്മിലുള്ള പ്രശ്നത്തിന്റെ കാര്യത്തില്‍ റൊമാരിയോ പരിശീലകനെ പിന്തുണച്ചില്ല.
”ക്രിസ്റ്റ്യാനോ പറഞ്ഞത് പ്രകാരം പരിശീലകന്‍ തന്റെ വാക്ക് പാലിച്ചില്ല. നിങ്ങളോട് ആരെങ്കിലും വാക്ക് പാലിക്കുന്നില്ലെങ്കില്‍, അയാള്‍ മോശം വിശ്വാസത്തോടെയാണ് പെരുമാറുന്നത്. റൊണാള്‍ഡോ പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍ സംഭവിച്ചതെങ്കില്‍, ക്രിസ്റ്റ്യാനോയാണ് ശരി,” റൊമാരിയോ വ്യക്തമാക്കി.
ദേശീയ ടീമിന്റെ ക്യാമ്പ് വിട്ടുപോകാനുള്ള ക്രിസ്റ്റ്യാനോയുടെ തീരുമാനത്തെയും റൊമാരിയോ ന്യായീകരിച്ചു.
”അദ്ദേഹം ദേശീയ ടീം വിട്ടുപോയെന്നാണ് പറയുന്നത്. ഒരിക്കല്‍ അദ്ദേഹം അപമാനിക്കപ്പെട്ടതാണ്. പിന്നെ എന്തിനാണ് രണ്ടാമതും അതേ അനുഭവത്തിലേക്ക് പോകുന്നത്?” റൊമാരിയോ ചോദിച്ചു.
പരിശീലകന്റെ വാര്‍ത്താസമ്മേളനവുമായി ബന്ധപ്പെട്ട് നേരത്തെ ചില ധാരണകളുണ്ടായിരുന്നുവെന്നും അത് പാലിക്കപ്പെട്ടില്ലെന്നുമാണ് ക്രിസ്റ്റ്യാനോയുടെ വാദമെന്ന് റൊമാരിയോ ചൂണ്ടിക്കാട്ടി.
”പരിശീലകന്‍ വാര്‍ത്താസമ്മേളനത്തില്‍ പറയേണ്ട ചില കാര്യങ്ങള്‍ അവര്‍ തമ്മില്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ അദ്ദേഹം ഒന്നും പറഞ്ഞില്ല. റൊണാള്‍ഡോയുടെ വാക്കുകള്‍ പ്രകാരം, ജോര്‍ജ് ജീസസ് അഹങ്കാരത്തോടെയാണ് പെരുമാറിയത്.
ജോര്‍ജ് ജീസസ്
അത്തരം സാഹചര്യങ്ങളില്‍, താന്‍ അപമാനിക്കപ്പെട്ട വ്യക്തിയാണെന്നും ഇനി തനിക്ക് യാതൊരു പ്രസക്തിയുമില്ലെന്നും അദ്ദേഹത്തിന് തോന്നി. അതുകൊണ്ടാണ് അദ്ദേഹം പോയത്. ഞാനായിരുന്നെങ്കില്‍ കൃത്യമായി അതുതന്നെ ചെയ്യുമായിരുന്നു,” റൊമാരിയോ പറഞ്ഞു.
എന്നാല്‍ ക്രിസ്റ്റ്യാനോ ചെയ്തതിലും ഒരു പടി കൂടി മുന്നോട്ട് പോകുമായിരുന്നു താനെന്ന് റൊമാരിയോ വ്യക്തമാക്കി.
”ആദ്യം തന്നെ ഞാന്‍ വാതില്‍ കൊട്ടിയടിച്ച് അവിടെ നിന്ന് ഇറങ്ങിപ്പോകുമായിരുന്നു. എന്നാല്‍ ടീം വിട്ട് പോയി എന്നതല്ല, മറിച്ച് ആ വ്യക്തിയോട് പോയി തുലയ് (Go To Hell) എന്ന് പറയാതിരുന്നതാണ് അദ്ദേഹം ചെയ്ത ഏറ്റവും വലിയ തെറ്റ്,’ റൊമാരിയോ പ്രതികരിച്ചു.
നോര്‍വേക്കെതിരായ മത്സരത്തിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജ് ജീസസും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്. ക്രിസ്റ്റ്യാനോയെ മത്സരത്തില്‍ കളിപ്പിക്കുമെന്ന് നേരത്തെ ധാരണയുണ്ടായിരുന്നുവെന്നാണ് താരത്തിന്റെ വാദം.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
എന്നാല്‍ മത്സരത്തില്‍ ഏകദേശം അരമണിക്കൂറോളം വാം-അപ്പ് നടത്തിയിട്ടും അദ്ദേഹത്തെ കളത്തിലിറക്കിയില്ല. ഇതിന് പിന്നാലെയാണ് താരവും പരിശീലകനും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായത്.
ജോര്‍ജ് ജീസസ് പിന്നീട് ക്രിസ്റ്റ്യാനോയ്ക്ക് നോര്‍വേക്കും ഡെന്‍മാര്‍ക്കിനുമെതിരായ മത്സരങ്ങളില്‍ കളിക്കാന്‍ പദ്ധതിയില്ലായിരുന്നുവെന്നും, മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കുകയായിരുന്നു ചെയ്തതെന്നും പറഞ്ഞിരുന്നു.
അതേസമയം, ക്രിസ്റ്റ്യാനോയുടെ തിരിച്ചുവരവിനുള്ള വാതില്‍ തുറന്നുകിടക്കുകയാണെന്നും താരം ആഗ്രഹിക്കുന്നുവെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ദേശീയ ടീമിലേക്ക് മടങ്ങിവരാമെന്നും ജോര്‍ജ് ജീസസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുവരും തമ്മിലുണ്ടായത് ഒരു തെറ്റിദ്ധാരണ മാത്രമാണെന്നും അത് പരിഹരിക്കാന്‍ എളുപ്പമാണെന്നും പരിശീലകന്‍ പറഞ്ഞിരുന്നു.
Content Highlight: Brazilian legend Romario supports Cristiano Ronaldo in the Ronaldo-Jorge Jesus issue.