ബ്രസീലിയ: ഇസ്രഈല്‍ ഗസയില്‍ വംശഹത്യ നടത്തുന്നുവെന്നാരോപിച്ച് സൗത്ത് ആഫ്രിക്ക അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ നല്‍കിയ കേസിന് പിന്തുണയുമായി ബ്രസീല്‍. ബ്രസീലിലെ ഫോള്‍ഫ ഡി എസ്. പോളോ എന്ന പത്രമാണ് ഈ നീക്കത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
1948ലെ വംശഹത്യ കണ്‍വെന്‍ഷന്റെ ലംഘനം ചൂണ്ടിക്കാണിച്ചാണ് 2023ല്‍ ദക്ഷിണാഫ്രിക്ക കേസ് ആരംഭിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ വംശഹത്യയുടെ തെളിവുകള്‍ ഉള്‍ക്കൊള്ളുന്ന വിശദമായ ഒരു റിപ്പോര്‍ട്ട് പ്രിട്ടോറിയ ഹേഗ് ആസ്ഥാനമായുള്ള ട്രൈബ്യൂണലില്‍ സൗത്ത് ആഫ്രിക്ക സമര്‍പ്പിച്ചിരുന്നു.
വംശഹത്യ കേസില്‍ കക്ഷി ചേരാന്‍ സ്‌പെയ്‌നും തുര്‍ക്കിയും കൊളംബിയയും അപേക്ഷ നല്‍കിയിരുന്നു. പിന്നാലെയാണ് ബ്രസീലും പിന്തുണയുമായി എത്തുന്നത്. ബ്രസീലിന്റേത് ധീരമായ തീരുമാനമായിട്ടാണ് വിദഗ്ദര്‍ വിശേഷിപ്പിച്ചത്. ദക്ഷിണാഫ്രിക്കയെ പിന്തുണക്കുന്നതിലൂടെ ലാറ്റിനമേരിക്കന്‍ ശക്തി കേന്ദ്രമായ ബ്രസീലിയന്‍ ഭരണകൂടം അമേരിക്കയെ നേരിട്ട് എതിര്‍ക്കുകയാണെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.
ടെല്‍ അവീവിനെതിരായ ഐക്യരാഷ്ട്രസഭയുടെ നടപടിയെ അമേരിക്ക നിരന്തരം വീറ്റോ ചെയ്യുന്നതിനാല്‍ ഇസ്രഈല്‍ ശിക്ഷാനടപടികളില്‍ രക്ഷപ്പെടുന്നെന്നും വിദഗ്ദര്‍ നിരീക്ഷിച്ചു.
2023 ഒക്ടോബര്‍ ഏഴിന് നടന്ന യുദ്ധത്തിലുടനീളം ടെല്‍ അവീവിന് കോടിക്കണക്കിന് രൂപയും സൈനിക സഹായവും നല്‍കി വാഷിങ്ടണ്‍ പൂര്‍ണമായ രാഷ്ട്രീയ പിന്തുണയും കൊടുത്തിരുന്നു.
ഗസയില്‍ ഇസ്രഈലിന്റെ ആക്രമണത്തില്‍ ഇതുവരെ 59200ലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. അതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. മാത്രമല്ല കഴിഞ്ഞ ദിവസം മാത്രം ഇസ്രഈലിന്റെ ആക്രമണത്തില്‍ 90ഓളം പേരാണ് കെല്ലപ്പെട്ടത്.
Content Highlight: Brazil will support South Africa’s case at the International Court of Justice, accusing Israel of committing genocide in Gaza