2026 ഫിഫ ലോകകപ്പിലെ നിര്‍ണായക മത്സരത്തിനൊരുങ്ങുകയാണ് ബ്രസീല്‍. ഗ്രൂപ്പ് സിയില്‍ നടക്കുന്ന മത്സരത്തില്‍ ഹെയ്തിയാണ് കാനറിപ്പടയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6.00 മണിക്കാണ് മത്സരം. ഫിലാഡല്‍ഫിയയില്‍ നടക്കുന്ന മത്സരത്തില്‍ ജയം മാത്രമാവും ബ്രസീല്‍ ലക്ഷ്യം വെക്കുക.
ലോകകപ്പില്‍ ഇന്ന് ബ്രസീലിനെ നേരിടാനിറങ്ങുന്ന ഹെയ്തിക്ക് വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്.
ചരിത്രത്തില്‍ ഒരു തവണ മാത്രമാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയത്. അതില്‍ ബ്രസീല്‍ ഹെയ്തിയെ തകര്‍ത്തുവിട്ടത് 7-1 എന്ന വമ്പന്‍ സ്‌കോറിനായിരുന്നു. 2016ലെ കോപ്പ അമേരിക്ക സെന്റനാരിയോയില്‍ നടന്ന മത്സരത്തില്‍ ബ്രസീലിന്റെ ആക്രമണത്തിന് മുന്നില്‍ ഹെയ്തി പൂര്‍ണമായും കീഴടങ്ങുകയായിരുന്നു.
ബ്രസീല്‍ താരങ്ങള്‍- Photo: Goal.com
ആ മത്സരത്തില്‍ ബ്രസീലിനായി ഫിലിപ്പെ കുട്ടീഞ്ഞോ ഹാട്രിക് നേടിയപ്പോള്‍ റെനാറ്റോ അഗസ്റ്റോ ഇരട്ടഗോളും നേടി. ഓഗസ്റ്റോയും ഗബ്രിയേലും ഓരോ ഗോളുകള്‍ വീതം നേടി ബ്രസീലിന്റെ ആധിപത്യം ഉറപ്പിച്ചു. ഹെയ്തിയുടെ ആശ്വാസഗോള്‍ ജെയിംസ് മാര്‍സലിന്റെ വകയായിരുന്നു.
ഇപ്പോള്‍ ലോകകപ്പില്‍ ഗ്രൂപ്പ് സിയിലെ നിര്‍ണായക മത്സരത്തിനാണ് ഇരുടീമുകളും ഒരുങ്ങുന്നത്. ആദ്യ മത്സരത്തില്‍ മൊറോക്കോയുമായി സമനില വഴങ്ങിയ ബ്രസീലിന് ജയമല്ലാതെ മറ്റൊന്നും ചിന്തിക്കാനില്ല. മറുവശത്ത് സ്‌കോട്‌ലാന്‍ഡിനോട് തോറ്റ ഹെയ്തിക്ക് ബ്രസീലിനെതിരെ പോയിന്റ് നേടുക തന്നെ വലിയ വെല്ലുവിളിയാണ്.
മുന്‍ പോരാട്ടത്തിന്റെ ഓര്‍മകളും നിലവിലെ ശക്തിയും കണക്കിലെടുക്കുമ്പോള്‍, ബ്രസീലിനെതിരെ ഹെയ്തി വീണ്ടും വിറയ്ക്കുമെന്നാണ് ഫുട്‌ബോള്‍ ലോകത്തിന്റെ വിലയിരുത്തല്‍.
Content Highlight: Brazil VS Heiti: Haiti faces a big challenge as it takes on Brazil