| Tuesday, 29th April 2025, 6:04 pm

2026 ലോകകപ്പില്‍ ബ്രസീലിന് അടിമുടി മാറ്റം; വിവാദമായി ജേഴ്‌സിയിലെ നിറം!

സ്പോര്‍ട്സ് ഡെസ്‌ക്

2026 ഫുട്‌ബോള്‍ ലോകകപ്പിനോട് അനുബന്ധിച്ച് ചുവന്ന ജേഴ്‌സി അണിയാനുള്ള ബ്രസീല്‍ ടീമിന്റെ തീരുമാനം വിവാദത്തില്‍. പരമ്പരാഗതമായ മഞ്ഞ ജേഴ്‌സി ഒഴിവാക്കി ആദ്യമായാണ് ബ്രസീല്‍ ചുവപ്പ് നിറമുള്ള ജേഴ്‌സി ഉപയോഗിക്കാന്‍ തീരുമാനിക്കുന്നത്. ലോകകപ്പില്‍ തങ്ങളുടെ സെക്കന്റ് ജേഴ്‌സിയായിട്ടാകും ചുവപ്പ് നിറമുള്ള ജേഴ്‌സി ഉപയോഗിക്കുക.

മാത്രമല്ല 1917നും 1919നും ഇടയില്‍ ബ്രസീല്‍ ദേശീയ ടീം ഔദ്യോഗിക മത്സരങ്ങളില്‍ ചുവപ്പ് നിറം ധരിച്ചിരുന്നു. കോപ്പ അമേരിക്ക 1917 ചാമ്പ്യന്‍ഷിപ്പില്‍ ഉള്‍പ്പെടെ ബ്രസീല്‍ ചുവപ്പ് നിറം ഉപയോഗിച്ചിരുന്നു.

അതേസമയം 2026ലെ ബ്രസീല്‍ ഹോം ഫുട്‌ബോള്‍ ജേഴ്‌സിയിലെ പരമ്പരാഗത മഞ്ഞ നിറം തന്നെ തുടരും. എന്നിരുന്നാലും മുന്‍ പതിപ്പുകളെ അപേക്ഷിച്ച് കൂടുതല്‍ പുതുമയും കടുപ്പം കുറഞ്ഞതുമായ ഒരു നിറം ഉപയോഗിക്കും. ജേഴ്സിയുടെ പ്രാഥമിക നിറം ‘ യെല്ലോ കാനറി ‘ ആയിരിക്കും.

അതേസമയം 2026 ലോകകപ്പ് ക്വാളിഫൈര്‍ മത്സരത്തില്‍ നാലാം സ്ഥാനത്താണ് ബ്രസീല്‍. 14 മത്സരങ്ങളില്‍ നിന്ന് ആറ് വിജയവും മൂന്ന് സമനിലയും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 21 പോയിന്റാണ് ബ്രസീലിനുള്ളത്. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള അര്‍ജന്റീന 14 മത്സരങ്ങളില്‍ 10 വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും അടക്കം 31 പോയിന്റ് നേടിയിട്ടുണ്ട്.

രണ്ടാം സ്ഥാനത്ത് 23 പോയിന്റുമായി ഇക്വഡോറും മൂന്നാം സ്ഥാനത്ത് 21 പോയിന്റുമായി ഉറുഗ്വയുമുണ്ട്. ക്വാളിഫൈറിലെ കഴിഞ്ഞ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്രസീല്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടത്. 2025 ജൂണ്‍ നാലിന് ഇക്വഡോറിനോടാണ് ഇനി ബ്രസീലിന്റെ അടുത്ത മത്സരം.

Content Highlight: Brazil team’s decision to wear red jersey sparks controversy

We use cookies to give you the best possible experience. Learn more