ബ്രസീലിയ: രാജ്യത്തെ അട്ടിമറിക്കാനായി അമേരിക്ക ശ്രമിച്ചത് മറക്കില്ലെന്ന് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ. തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്ക ശ്രമിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഇന്നലെ (ഞായറാഴ്ച) രാജ്യ തലസ്ഥാനത്ത് നടന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലുല. അമേരിക്ക തന്റെ സര്‍ക്കാരിന് മേല്‍ സാമ്പത്തിക സമ്മര്‍ദം ചെലുത്താനായി രാഷ്ട്രീയമായ തന്ത്രങ്ങള്‍ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
തങ്ങള്‍ അമേരിക്കയുടെ ഈ പെരുമാറ്റം അംഗീകരിക്കില്ലെന്നും തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തയ്യാറാണെന്നും ലുല കൂട്ടിച്ചേര്‍ത്തു. ബ്രസീലിന്റെ അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ 50 ശതമാനം തീരുവ ചുമത്തുന്നുവെന്ന ട്രംപിന്റെ തീരുമാനത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
അതേസമയം ബ്രസീല്‍ പ്രസിഡന്റിന് പുതിയ യു.എസ് തീരുവകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എപ്പോള്‍ വേണമെങ്കിലും തന്നെ വിളിക്കാമെന്ന് കഴിഞ്ഞ ദിവസം ട്രംപ് അറിയിച്ചിരുന്നു.
വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിന്റെ ഇടയിലായിരുന്നു ഈ തുറന്ന ക്ഷണം. ബ്രസീലിയന്‍ ജനതയെ തനിക്ക് ഇഷ്ടമാണെങ്കിലും ബ്രസീല്‍ ഭരിക്കുന്ന ആളുകള്‍ തെറ്റായ കാര്യം ചെയ്തു എന്നായിരുന്നു ട്രംപ് അന്ന് പറഞ്ഞത്.
നിലവിലെ ഭരണകൂടത്തിന്റെ ഗുരുതരമായ അനീതികള്‍ തിരുത്തുന്നതിന് 50% തീരുവ അനിവാര്യമാണെന്നും യു.എസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ബ്രസീല്‍ നിയമവിരുദ്ധവുമായ സെന്‍സര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും ട്രംപ് ആരോപിച്ചിരുന്നു.
ബ്രസീലിയന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു 70ല്‍ അധികം രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് 10 ശതമാനം മുതല്‍ 41 ശതമാനം വരെ പരസ്പര തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചത്.
Content Highlight: Brazil’s President Lula says they will never forget how the US helped to stage a coup in the country