ബ്രസീലിയ: ഇസ്രഈലിന്റെ ബ്രസീലിലെ അംബാസിഡര്‍ സ്ഥാനത്തേക്കുള്ള നോമിനിയുടെ യോഗ്യതപത്രങ്ങള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച് ബ്രസീല്‍. കൊളംബിയയിലെ മുന്‍ ഇസ്രഈല്‍ അംബാസിഡറായ ഗാലി ഡാഗന്റെ നാമനിര്‍ദേശം സ്വീകരിക്കാനാണ് ബ്രസീല്‍ വിസമ്മതിച്ചത്.
പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. ഇസ്രഈല്‍ ബ്രസീലുമായുള്ള നയതന്ത്ര ബന്ധത്തെ തരംതാഴ്ത്തിയതായി ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ഡാഗന്റെ നാമനിര്‍ദേശം സ്വീകരിക്കാന്‍ ബ്രസീലിനോട് ഇസ്രഈല്‍ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ബ്രസീല്‍ അത് നിരസിക്കുകയായിരുന്നു. അതോടെ ഇസ്രഈല്‍ തങ്ങളുടെ അഭ്യര്‍ത്ഥന പിന്‍വലിച്ചു.
ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന അതിക്രമങ്ങളെ തുടര്‍ന്ന് ബ്രസീലും ഇസ്രഈലും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ വഷളായിരുന്നു. ഗസയിലെ ഇസ്രഈലിന്റെ നടപടികളെ ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ ഹോളോകോസ്റ്റിനോട് താരതമ്യം ചെയ്തിരുന്നു.
തുടര്‍ന്ന് ഇസ്രഈല്‍ വിദേശമന്ത്രാലയം ബ്രസീല്‍ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. പിന്നാലെ ഇസ്രഈലിലെ തങ്ങളുടെ അംബാസിഡറെ ബ്രസീല്‍ തിരിച്ചുവിളിക്കുകയും ചെയ്തു. ശേഷം അംബാസിഡറായി പുതിയ ആളെ അയച്ചിരുന്നില്ല.
തുടര്‍ന്ന് ഇസ്രഈല്‍ ലുലയെ പേഴ്‌സണ നോണ്‍ ഗ്രാറ്റയായി പ്രഖ്യാപിച്ചിരുന്നു. 2023 മുതല്‍ ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയില്‍ ഫലസ്തീനിനെ പിന്തുണച്ച് ശബ്ദമുയര്‍ത്തുന്ന രാജ്യമാണ് ബ്രസീല്‍.
അതേസമയം ഗസ നഗരം സമ്പൂര്‍ണമായും പിടിച്ചെടുക്കാനുള്ള ഇസ്രഈലിന്റെ നീക്കത്തിനെതിരെ ലോകാവ്യപകമായി പ്രതിഷേധം ഉയരുന്നുണ്ട്. എന്നാല്‍ ഈ പ്രതിഷേധങ്ങളെയെല്ലാം മുഖവിലക്കെടുക്കാതെയാണ് നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഗസക്കെതിരായ പദ്ധതികളിടുന്നത്.
Content Highlight: Brazil refuses to accept Israeli ambassador’s nomination