| Thursday, 7th August 2025, 8:03 am

ഇന്ത്യയെപ്പോലെ അമേരിക്കയുടെ 50 ശതമാനം തീരുവ, ലോക വ്യാപാര സംഘടനയെ സമീപിക്കാന്‍ ബ്രസീല്‍ പ്രസിഡന്റ് ലുല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസീലിയ: ബ്രസീലിന് മേല്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഏര്‍പ്പെടുത്തിയ 50 ശതമാനം തീരുവ ലഘൂകരിക്കാന്‍ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനെ സമീപിക്കാന്‍ ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ. അമേരിക്കയുടെ തീരുവ ലഘൂകരിക്കാനുള്ള കണ്‍സള്‍ട്ടേഷനുകള്‍ക്കായാണ് ലുല വ്യാപര സംഘടനയെ സമീപിച്ചതെന്ന് ബ്രസീലിയന്‍ വൃത്തങ്ങള്‍ അറിയിച്ചു.

മുന്‍ ബ്രസീല്‍ പ്രസിഡന്റും വലതുപക്ഷ പാര്‍ട്ടി നേതാവുമായ ജെയര്‍ ബോള്‍സെനാരോയെ കുറ്റവിചാരണ ചെയ്തതിന് മറുപടിയായാണ് ട്രംപ് ബ്രസീലിന് മേല്‍ തീരുവ പ്രഖ്യാപിച്ചത്. കുറ്റവിചാരണക്ക് ശേഷം വീട്ടുതടങ്കലിലാണ് ഇപ്പോള്‍ ബോള്‍സെനാരോ. ട്രംപിന്റെ ഈ തീരുമാനത്തില്‍ നിന്ന് ആശ്വാസം നേടുക എന്നതാണ് ബ്രസീലിന്റെ പ്രധാന ലക്ഷ്യം.

ഈ മാസം തുടക്കം മുതല്‍ ബ്രസീലില്‍ ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം തീരുവ എന്ന തീരുമാനം പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഈ മാസം ഒടുവില്‍ ഇന്ത്യക്ക് മേലെയും 50 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നത് തുടരുമെന്നായിരുന്നു അമേരിക്കയുടെ നീക്കത്തിനെതിരെ ഇന്ത്യ പ്രതികരിച്ചത്.

ഇരു രാജ്യങ്ങളും തമ്മില്‍ കൂടിയാലോചനക്കുള്ള അഭ്യര്‍ത്ഥന നടത്തുകയാണ് ഇത്തരം തര്‍ക്കങ്ങളില്‍ ലോക വ്യാപാര സംഘടനയുടെ ആദ്യ നടപടി. ഇത്തരം സാമ്പത്തിക തര്‍ക്കങ്ങളില്‍ അന്താരാഷ്ട്ര മദ്ധ്യസ്ഥനായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ദൈര്‍ഘ്യമേറിയതും അനിശ്ചിതത്വമുള്ളതുമാകാമെന്നും കരുതുന്നു.

യു.എസിലേക്കുള്ള രാജ്യത്തിന്റെ കയറ്റുമതിയുടെ 35.9 ശതമാനവും കര്‍ശനമായ നികുതികള്‍ക്ക് വിധേയമാകുമെന്നാണ് ബ്രസീലിയന്‍ വൈസ് പ്രസിഡന്റ് ജെറാള്‍ഡോ ആക്ക്മിന്‍ കണക്കാക്കിയത്. ലോകമെമ്പാടുമുള്ള ബ്രസീലിയന്‍ കയറ്റുമതിയുടെ നാല് ശതമാനത്തിന് തുല്യമാണ് ഇത്.

ബ്രസീല്‍ സര്‍ക്കാരിന്റെ സമീപകാല നയങ്ങളും രീതികളും നടപടികളുമെല്ലാം അമേരിക്കയുടെ ദേശീയ സുരക്ഷക്കും വിദേശനയങ്ങള്‍ക്കും ഭീഷണിയാണെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് ബ്രസീലിന് മേല്‍ 50 ശതമാനം അധിക തീരുവ ചുമത്തിയത്.

Content Highlight: Brazil President approached World Trade Organization on Trump’s tariff

We use cookies to give you the best possible experience. Learn more