| Sunday, 5th July 2026, 4:31 pm

ബ്രസീല്‍ കീഴടക്കാത്ത ഒരേയൊരു രാജ്യം; പുതിയ ചരിത്രത്തിനരികെ കാനറികള്‍

സുദേവ് എ

2026 ഫിഫ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ബ്രസീലും നോര്‍വേയും കളത്തിലിറങ്ങാനൊരുങ്ങുകയാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30നാണ് പോരാട്ടം. ജപ്പാന്റെ വെല്ലുവിളികളെ മറികടന്നാണ് ബ്രസീല്‍ പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്. ജപ്പാനെതിരെ ഒരു ഗോളിന് പുറകില്‍ നിന്ന ശേഷം രണ്ട് ഗോളടിച്ചുകൊണ്ട് കാനറിപ്പട വിജയം സ്വന്തമാക്കുകയായിരുന്നു.

മറുഭാഗത്ത് 28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ലോകകപ്പ് കളിക്കാനെത്തിയ നോര്‍വേ ഏര്‍ലിങ് ഹാലണ്ടിന്റെ ചിറകിലേറിയാണ് കുതിക്കുന്നത്. ആഫ്രിക്കന്‍ കരുത്തരായ ഐവറി കോസ്റ്റിനെ കീഴടക്കിയാണ് നോര്‍വേ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു നോര്‍വേയുടെ വിജയം.

ലോക ഫുട്‌ബോളില്‍ മറ്റൊരു ബ്രസീല്‍-നോര്‍വേ പോരാട്ടം ഒരുങ്ങുമ്പോള്‍ ചരിത്രത്തില്‍ നോര്‍വേയെന്ന കടമ്പ കടക്കാന്‍ ഇതുവരെ ബ്രസീലിന് സാധിച്ചിട്ടില്ലെന്നത് ഇപ്പോഴും കൗതുകരമായ കാര്യമാണ്.

ബ്രസീലും നോര്‍വേയും നാല് തവണയാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ രണ്ട് തവണയും വിജയം യൂറോപ്യന്‍ ടീമിനൊപ്പമായിരുന്നു. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ പിരിയുകയും ചെയ്തു. 1988, 2006 എന്നീ വര്‍ഷങ്ങളില്‍ നടന്ന സൗഹൃദ മത്സരങ്ങളില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.

1997ലെ സൗഹൃദ മത്സരത്തില്‍ 4-2 എന്ന സ്‌കോറിനായിരുന്നു കാനറിപ്പടയെ നോര്‍വേ തകര്‍ത്തത്. തൊട്ടടുത്ത വര്‍ഷം നടന്ന ലോകകപ്പിലും നോര്‍വേ ബ്രസീലിനെ വീഴ്ത്തി. 2-1നായിരുന്നു നോര്‍വെയുടെ വിജയം. എങ്കിലും ആ ലോകകപ്പില്‍ ബ്രസീല്‍ ഫൈനല്‍ വരെ മുന്നേറി. കലാശപ്പോരില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടായിരുന്നു ബ്രസീലിന് കിരീടം നഷ്ടമായത്.

ഇപ്പോള്‍ വീണ്ടും ബ്രസീലിന് മുന്നില്‍ നോര്‍വേ എത്തിയിരിക്കുകയാണ്. നോര്‍വെയെ വീഴ്ത്തി പുതിയ ചരിത്രം സൃഷ്ടിക്കാന്‍ കാര്‍ലോ അന്‍സലോട്ടിയുടെ സംഘത്തിന് സാധിക്കുമോയെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

അതേസമയം വിനീഷ്യസ് ജൂനിയറിന്റെയും മാത്യുസ് കുന്‍ഹയുടെയും മിന്നും ഫോമിലാണ് ബ്രസീല്‍ കുതിക്കുന്നത്. വിനീഷ്യസ് ഇതുവരെ നാല് ഗോളുകളും ഒരു അസിസ്റ്റും നേടി മിന്നും പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും താരമായി തെരഞ്ഞടുക്കപ്പെട്ടതും വിനീഷ്യസ് തന്നെയാണ്. കുന്‍ഹ മൂന്ന് ഗോളുകള്‍ എതിരാളികളുടെ വലയിലെത്തിച്ചാണ് ഫോം തുടരുന്നത്.

ഇവര്‍ക്ക് പുറമെ പരിക്കേറ്റ സൂപ്പര്‍താരം നെയ്മറിന്റെ തിരിച്ചുവരവും ബ്രസീലിന് ഊര്‍ജം പകരുന്നതാണ്. ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായ നെയ്മര്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരെയാണ് കളത്തിലിറങ്ങിയത്.

സ്‌കോട്ലാന്‍ഡിലിനെതിരെ നെയ്മര്‍ 75ാം മിനിട്ടിലാണ് കളത്തിലേക്ക് തിരിച്ചെത്തിയത്. വളരെ കുറച്ച് സമയം മാത്രമാണ് നെയ്മറിന് കളിക്കാന്‍ സാധിച്ചതെങ്കിലും തന്റെ പഴയ പ്രതാപത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു നെയ്മറുടെ പോരാട്ടം.

Content Highlight: Brazil prepares for first win in international football against Norway

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more