| Wednesday, 24th June 2026, 4:19 pm

സ്‌കോട്‌ലാന്‍ഡിനെ തകര്‍ത്താല്‍ കരയുന്നത് ജര്‍മനി; ലോക ചരിത്രത്തിലെത്താന്‍ കാനറിപ്പടയ്ക്ക് വേണ്ടത് ഇത്രമാത്രം

ശ്രീരാഗ് പാറക്കല്‍

2026 ഫിഫ ലോകകപ്പില്‍ സ്‌കോട്‌ലാന്‍ഡും ബ്രസീലും തമ്മിലുള്ള പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായകമായ മത്സരത്തിനാണ് ഇരു ടീമുകളും കളത്തിലെത്തുന്നത്. ലോകകപ്പ് ഓപ്പണിങ് മത്സരത്തില്‍ മൊറോക്കോയ്‌ക്കെതിരെ 1-1ന് സമനിലയില്‍ കുരുങ്ങിയ ബ്രസീല്‍ അടുത്ത മത്സരത്തില്‍ ഹെയ്തിയോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് വിജയം നേടിയത്.

അതേസമയം ആദ്യ മത്സരത്തില്‍ ഹെയ്തിയെ എതിരില്ലാത്ത ഒരു ഗോളിന് തളച്ച സ്‌കോട്‌ലാന്‍ഡ് രണ്ടാം മത്സരത്തില്‍ മൊറോക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഈ മത്സരത്തില്‍ ബ്രസീലിനെതിരെ വിജയം മാത്രം ലക്ഷ്യം വെച്ചാകും സ്‌കോട്‌ലാന്‍ഡ് ഇറങ്ങുന്നത്.

ബ്രസീല്‍

എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ വിജയത്തിനോടൊപ്പം മറ്റൊരു ലക്ഷ്യവും മുന്നില്‍ കണ്ടിട്ടുണ്ട്. മത്സരത്തില്‍ രണ്ട് ഗോളിന്റെ പിന്‍ബലമാണ് ബ്രസീല്‍ ഉന്നം വെക്കുന്നത്. കാരണം സ്‌കോട്‌ലാന്‍ഡിനെതിരെ രണ്ട് ഗോള്‍ നേടാന്‍ സാധിച്ചാല്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും കാനറിപ്പടയ്ക്ക് സാധിക്കും.

ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ടീം എന്ന നേട്ടമാണ് ബ്രസീലിനെ കാത്തിരിക്കുന്നത്. നിലവില്‍ ഈ നേട്ടത്തില്‍ കരുത്തന്‍മാരായ ജര്‍മനിയാണ് മുന്നിലുള്ളത്. വെറും രണ്ട് ഗോള്‍ നേടിയാല്‍ ഈ നേട്ടത്തില്‍ ജര്‍മനിയെ പിന്നിലാക്കി ബ്രസീലിന് വമ്പന്‍ നേട്ടത്തില്‍ മുന്നിലെത്താം.

ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ടീം

ജര്‍മനി – 241

ബ്രസീല്‍ – 241

അര്‍ജന്റീന – 157

ഫ്രാന്‍സ് – 142

ഇറ്റലി – 128

നിലവില്‍ സ്‌കോട്‌ലാന്‍ഡും ബ്രസീലും തമ്മില്‍ നാല് തവണയാണ് ലോകകപ്പില്‍ ഏറ്റുമുട്ടിയത്. അതില്‍ ബ്രസീല്‍ മൂന്ന് വിജയം നേടിയപ്പോള്‍ ഒരു മത്സരം സമനിലയില്‍ കലാശിച്ചു. അതേസമയം ഇത്തവണ ഒരിക്കല്‍ കൂടി സ്‌കോട്‌ലാന്‍ഡിനെ തകര്‍ക്കാന്‍ കെല്‍പ്പുള്ള സ്‌ക്വാഡ് തന്നെയാണ് ബ്രസീലിനുള്ളത്.

Content Highlight: Brazil Need Two Goals To Create Historical Record Achievement In FIFA World Cup

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more