| Friday, 19th June 2026, 4:29 pm

'ജര്‍മനിയുടെ സെവന്‍ അപ്പില്‍ താഴെ ഇറങ്ങി'; മറുപടിക്കൊപ്പം ലോക ചരിത്രത്തിലേക്ക് പറന്നുയരാന്‍ ബ്രസീല്‍

ശ്രീരാഗ് പാറക്കല്‍

2026 ഫിഫ ലോകകപ്പിലെ നിര്‍ണായക മത്സരത്തിനൊരുങ്ങുകയാണ് ബ്രസീല്‍. ഗ്രൂപ്പ് സി-യില്‍ നാളെ നടക്കുന്ന മത്സരത്തില്‍ ഹെയ്തിയാണ് കാനറിപ്പടയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം 6.00 മണിക്കാണ് മത്സരം. ഫിലാഡല്‍ഫിയയില്‍ നടക്കുന്ന മത്സരത്തില്‍ ജയം മാത്രമാവും ബ്രസീല്‍ ലക്ഷ്യം വെക്കുക.

ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനില പിടിച്ചാണ് ബ്രസീലിന്റെ വരവ്. മറുഭാഗത്ത് ഹെയ്തി ആദ്യ മത്സരത്തില്‍ സ്‌കോട്ലാന്‍ഡിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു. ടൂര്‍ണമെന്റില്‍ നിലനില്‍ക്കണമെങ്കില്‍ ഹെയ്തിക്കും വിജയം അനിവാര്യമാണ്.

മത്സരത്തിനിറങ്ങുമ്പോള്‍ ബ്രസീലിനെ കാത്തിരിക്കുന്നത് ഒരു ലോക റെക്കോഡാണ്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ടീം എന്ന വമ്പന്‍ റെക്കോഡാണ് കാനറികളെ കാത്തിരിക്കുന്നത്. നിലവില്‍ ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ജര്‍മനിയാണ്. 239 ഗോളുകളാണ് ജര്‍മനിയുടെ പക്കലുള്ളത്. 238 ഗോളുകളാണ് ബ്രസീല്‍ നേടിയത്. ഇനി വെറും രണ്ട് ഗോള്‍ നേടിയാല്‍ ബ്രസീലിന് ഈ നേട്ടത്തില്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കുതിക്കാന്‍ സാധിക്കും.ബ്രസീല്‍ VS മൊറോക്കൊ

2026 ലോകകപ്പ് തുടങ്ങുമ്പോള്‍ ജര്‍മനിക്ക് 232 ഗോളുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കുറാസാവേയ്‌ക്കെതിരെ ഏഴ് ഗോളുകള്‍ നേടി ജര്‍മനി ഈ നേട്ടത്തില്‍ മുന്നേറുകയായിരുന്നു. 2014ല്‍ ബ്രസീലിനെതിരെ ഏഴ് ഗോള്‍ നേടിയത് ഓര്‍മിപ്പിക്കുന്നതായിരുന്നു കുറാസാവോയ്‌ക്കെതിരായ ജര്‍മനിയുടെ പ്രകടനം.

ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ടീം

ജര്‍മനി – 239

ബ്രസീല്‍ – 238

അര്‍ജന്റീന – 152

ഫ്രാന്‍സ് -136

ഇറ്റലി – 128

അതേസമയം ജൂണ്‍ 14ന് മൊറോക്കോയോടായിരുന്നു ബ്രസീലിന്റെ ആദ്യ മത്സരം. വിനീഷ്യസ് ജൂനിയര്‍ നേടിയ ഗോളിന്റെ പിന്‍ബലത്തില്‍ 1-1ന് സമനില നേടിയാണ് ബ്രസീല്‍ ലോകകപ്പിന് തുടക്കം കുറിച്ചത്.

മറുഭാഗത്ത് ബ്രസീലിന്റെ രണ്ടാമത്തെ എതിരാളിയായ ഹെയ്തി നീണ്ട 52 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തവണ ലോകകപ്പ് കളിക്കാനെത്തുന്നത്. 1974ലായിരുന്നു ഹെയ്തി അവസാനമായി ലോകകപ്പ് കളിച്ചിരുന്നത്. ഫ്രഞ്ച് പരിശീലകന്‍ സെബാസ്റ്റ്യന്‍ മീനിയുടെ കീഴില്‍ ഹെയ്തി ബ്രസീലിനെതിരായ മത്സരത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.

Content Highlight: Brazil Need Two Goals To Achieve Great World Cup Record

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more