| Wednesday, 23rd September 2026, 10:02 pm

കൊച്ചിയിൽ അലയടിച്ച് സാംബാ താളം; ബ്രസീലിയൻ ഇതിഹാസങ്ങൾക്ക് മുമ്പിൽ പൊരുതി വീണ് ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

കേരളത്തിന്റെ മണ്ണിൽ നടന്ന ഇതിഹാസങ്ങളുടെ പോരാട്ടത്തിൽ ബ്രസീലിന് ജയം. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇന്ത്യൻ ഓൾ സ്റ്റാർസ് ഇലവനെയാണ് ബ്രസീലിയൻ ലെജൻഡ്സ് വീഴ്ത്തിയത്. മത്സരത്തിൽ 4-3 എന്ന ത്രില്ലർ സ്കോറിനായിരുന്നു ബ്രസീൽ ഇന്ത്യയെ മറികടന്നത്.

‘റിട്ടേൺ ഓഫ് ലെജൻഡ്സ്’ പ്രദർശന ഫുട്ബോൾ മത്സരത്തിൽ ഇതിഹാസ താരം റൊണാൾഡീഞ്ഞോയുടെ സംഘത്തിനെതിരെ ഇന്ത്യയുടെ കാലാൾ പട പൊരുതി വീഴുകയായിരുന്നു.

ഫെർണാണ്ടീഞ്ഞോയുടെ ഹാട്രിക് കരുത്തിലായിരുന്നു ബ്രസീലിന്റെ വിജയം. റൊണാൾഡിഞ്ഞോ ഒരു ഗോളും നേടി ടീമിന്റെ വിജയത്തിൽ നിർണായകമായി. 2002ൽ ലോകത്തിന്റെ നെറുകയിലെത്തിയ ബ്രസീലിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടവും ഏറെ ശ്രദ്ധേയമായി.

മലയാളി താരം സി.കെ വിനീത് ഇരട്ട ഗോൾ നേടി ഇന്ത്യൻ നിരയിൽ തിളങ്ങി. ആഷിം ബിസ്വാസും ഇന്ത്യക്ക് വേണ്ടി ലക്ഷ്യം കണ്ടു.

ബ്രസീലിയൻ നിരയിൽ ഇതിഹാസ താരങ്ങളായ റിവാൾഡോ, എഡ്മിൽസൻ, റൊണാൾഡിഞ്ഞോ എന്നിവർ കളത്തിലിറങ്ങിയപ്പോൾ ഇന്ത്യൻ നിരയിൽ ബൈച്ചുങ് ബൂട്ടിയ, ഐ.എം വിജയൻ തുടങ്ങിയ ഇതിഹാസങ്ങളും മത്സരത്തിന്റെ ഭാഗമായി.

സാംബാ താളം നേരിൽ കാണാൻ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലേക്ക് ആരാധകർ ഒഴുകിയെത്തിയതും മത്സരത്തിന്റെ ആവേശം ഇരട്ടിയാക്കി മാറ്റി.

അതേസമയം ഇന്ത്യ-ബ്രസീൽ മറ്റൊരു ചരിത്ര പോരാട്ടവും ഇന്ത്യൻ മണ്ണിൽ ഒരുങ്ങുകയാണ്. ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ബ്രസീൽ-ഇന്ത്യ സൗഹൃദ മത്സരം നടക്കും.

ഇന്ത്യൻ ഫുട്‌ബോളിലെ ഈറ്റില്ലമായ കൊൽക്കത്തയിൽ ഇതിന് മുമ്പും ബ്രസീലിയൻ ഫുട്‌ബോളിന്റെ കാൽപാടുകൾ പതിഞ്ഞിട്ടുണ്ട്. 1977ൽ ഈഡൻ ഗാർഡൻസിൽ ഇതിഹാസ താരം പെലെ കളത്തിലിറങ്ങിയിട്ടുണ്ട്.

ന്യൂയോർക്ക് കോസ്മോസിന് വേണ്ടി മോഹൻബഗാനെതിരെയായിരുന്നു പെലെ കൊൽക്കത്തയുടെ മണ്ണിൽ പന്തുതട്ടിയിരുന്നത്. ഇപ്പോൾ നീണ്ട വർഷങ്ങൾക്ക് ശേഷം വീണ്ടും കാനറിപ്പട കൊൽക്കത്തയിൽ ഇന്ത്യക്കെതിരെ പന്തുതട്ടുമ്പോൾ ഒരു ചരിത്ര നിമിഷത്തിന് കൂടിയാവും ഇന്ത്യൻ ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കുക.

Content Highlight: Brazil legends beat India all stars in friendly match

We use cookies to give you the best possible experience. Learn more