റൊണാള്‍ഡോ നസാരിയോ, ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റൊണാള്‍ഡീന്യോ എന്നിവരുടെ അതേ ലെവലിലുള്ള ഫുട്ബോളാറാണ് താനെന്ന് ബ്രസീലിന്റെ ഇതിഹാസ താരം റൊമാരിയോ.
ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി സ്വയം അടയാളപ്പെടുത്തിയ അദ്ദേഹം തന്നെക്കാള്‍ മികച്ചതായി രണ്ട് താരങ്ങള്‍ മാത്രമേ ഉള്ളൂവെന്നും വിശ്വസിക്കുന്നു.
നേരത്തെ കാറ്റനാച്ചിയോ ഇ കോണ്‍ട്രോപിയേഡെ (Catenaccio e Contropiede)ക്ക് നല്‍കിയ അഭിമുഖത്തിലാണ് റൊമാരിയോ ഈ തെരഞ്ഞെടുപ്പ് നടത്തിയത്.
രണ്ട് താരങ്ങളുടെ പേര് പറയുകയും അവരില്‍ നിന്നും ഒരാളെ തെരഞ്ഞെടുക്കുകയും ചെയ്യുന്ന റാപ്പിഡ് ഫയറിലാണ് റൊമാരിയോ ഇക്കാര്യം പറഞ്ഞത്.
‘റൊമാരിയോ ആണോ സീക്കോ ആണോ മികച്ചത്’, ‘റൊമാരിയോ ആണോ ബെബെറ്റോ ആണോ മികച്ചത്’ എന്നുള്ള ചോദ്യങ്ങള്‍ക്കെല്ലാം തന്റെ പേരാണ് അദ്ദേഹം പറഞ്ഞത്.
റിവാള്‍ഡോ, അഡ്രിയാനോ, സുവാരസ്, നെയ്മര്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പവും തന്റെ പേര് ചോദിച്ചപ്പോഴും റൊമാരിയോ എന്ന് തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി.
View this post on InstagramA post shared by Catenaccio e Contropiede (@catenaccioecontropiede)
ഫ്രാന്‍സിന് ലോകകപ്പ് നേടിക്കൊടുത്ത കിലിയന്‍ എംബാപ്പെ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ വണ്ടര്‍ കിഡ് എര്‍ലിങ് ഹാലണ്ട് എന്നിവരെക്കാളും മികച്ചത് താന്‍ തന്നെയാണെന്നും റൊമാരിയോ പറഞ്ഞു.
റൊമാരിയോ ആണോ റൊണാള്‍ഡോ (റൊണാള്‍ഡോ നസാരിയോ) എന്ന ചോദ്യത്തിന് രണ്ട് പേരും തുല്യരാണ് എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരും തനിക്ക് തുല്യരാണെന്ന് അദ്ദേഹം പറഞ്ഞു.
ബ്രസീലിയന്‍ സൂപ്പര്‍ താരം റൊണാള്‍ഡീന്യോയെയും തനിക്ക് തുല്യനായാണ് റൊമാരിയോ പരിഗണിച്ചത്.
തന്നെക്കാള്‍ മികച്ചതായി രണ്ട് താരങ്ങളെ മാത്രമാണ് റൊമാരിയോ തെരഞ്ഞെടുത്തത്. ഇതിഹാസ താരങ്ങളായ പെലെയും മറഡോണയുമാണ് തന്നെക്കാള്‍ മികച്ചതെന്ന് റൊമാരിയോ പറഞ്ഞു.
ബ്രസീലിനായി കളത്തിലിറങ്ങിയ 70 മത്സരത്തില്‍ നിന്നും 55 ഗോളുകളാണ് താരം തന്റെ പേരില്‍ കുറിച്ചത്. ബ്രസീല്‍ 1994ല്‍ ലോകകിരീടം ചൂടുമ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളില്‍ പ്രധാനിയായിരുന്നു റൊമാരിയോ.
ക്ലബ്ബ് തലത്തില്‍ ബാഴ്സലോണക്ക് വേണ്ടിയും ഡച്ച് ക്ലബ്ബായ പി.എസ്.വി ഐന്തോവാന് വേണ്ടിയുമാണ് താരം പന്ത് തട്ടിയത്. നിരവധി ഡച്ച് ലീഗ് കിരീടങ്ങളും ലാലിഗ കിരീടങ്ങളും റൊമാരിയോ തന്റെ കരിയറില്‍ സ്വന്തമാക്കുകയും ചെയ്തു.
ക്ലബ്ബ് തലത്തില്‍ കളിച്ച 284 മത്സരത്തില്‍ നിന്നും 213 ഗോളുകളും 35 അസിസ്റ്റുമാണ് റൊമാരിയോയുടെ സമ്പാദ്യം.
Content Highlight: Brazil legend Romario picks Pele and Maradona as better footballer than him