| Saturday, 20th September 2025, 5:52 pm

ഇസ്രാഈലിനെതിരായ വംശഹത്യ കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കക്ഷി ചേർന്ന് ബ്രസീൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹേഗ്: ഇസ്രഈലിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ വംശഹത്യ കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐ.സി.ജെ) കക്ഷി ചേർന്ന് ബ്രസീൽ. കൊളംബിയ, മെക്സിക്കോ, സ്പെയിൻ, തുർക്കി, ചിലി, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയിൽ ഇനി ബ്രസീലും ഉൾപ്പെടും.

ആർട്ടിക്കിൾ 63 പ്രകാരം ഐ.സി.ജെ നടപടിക്രമങ്ങളിൽ കക്ഷികളായ രാജ്യങ്ങൾക്ക് കേസിൽ ഇടപെടാൻ അവകാശമുണ്ട്. സെപ്റ്റംബർ 17 നാണ് ബ്രസീൽ കേസിൽ കക്ഷി ചേർന്നത്.

2023 ഡിസംബർ 29 നാണ് ദക്ഷിണാഫ്രിക്ക ഇസ്രഈലിനെതിരെ വംശഹത്യ കേസ് ഫയൽ ചെയ്തത്. തുടർന്ന് ഇസ്രഈലിനോട് വംശഹത്യ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പറഞ്ഞുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ക്രൂരമായ സൈനിക ആക്രമണങ്ങൾ വംശഹത്യ കൺവെൻഷന്റെ ലംഘനമാണെന്നും കോടതി ആരോപിച്ചു. ഹേഗ് ആസ്ഥാനമായുള്ള ഐ.സി.ജെ ഐക്യരാഷ്ട്രസഭയുടെ ഒരു പ്രധാന ജുഡീഷ്യൽ സംവിധാനമാണ്.

മെയ് മാസത്തിലെ കണക്കനുസരിച്ച് കുറഞ്ഞത് ഒമ്പത് രാജ്യങ്ങളെങ്കിലും വംശഹത്യ കേസിൽ കക്ഷി ചേരുന്നതായി പ്രഖ്യാപിച്ചിരുന്നു. ജൂണിൽ അത് 13 ആയി ഉയർന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ഗസയിൽ ഇസ്രഈൽ വംശഹത്യ നടത്തിയെന്നും അതിപ്പോഴും തുടരുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ നിയോഗിച്ച അന്വേഷണ കമ്മീഷൻ അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു.

ഗസയിൽ ഇസ്രഈൽ നടത്തിയ വംശഹത്യയിൽ ഏകദേശം 65,200 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.

അതിക്രമങ്ങൾക്ക് മുന്നിൽ അന്താരാഷ്ട്ര സമൂഹത്തിന് ഇനിയും നിഷ്ക്രിയമായി തുടരാൻ കഴിയില്ലെന്നും പാശ്ചാത്യ രാജ്യങ്ങൾ ഇസ്രഈലിനുമേൽ കൂടുതൽ സമ്മർദം ചെലുത്തണമെന്നും ബ്രസീൽ നേരത്തെ പറഞ്ഞിരുന്നു.

ഈ മാസം നടന്ന ബ്രിക്സ് യോഗത്തിൽ ഗസയിൽ ഇസ്രഈൽ നടത്തുന്നത് വംശഹത്യയാണെന്ന് പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ പറഞ്ഞിരുന്നു.

Content Highlight: Brazil joins International Court of Justice in genocide case against Israel

Latest Stories

We use cookies to give you the best possible experience. Learn more