| Monday, 6th July 2026, 9:54 pm

ബ്രസീലിന്റെ മടക്കം ലോക റെക്കോഡുമായി; കണ്ണുനീരിലും ചരിത്രമെഴുതി കാനറിപ്പട

സുദേവ് എ

2026 ഫിഫ ലോകകപ്പില്‍ നിന്നും ആറാം ലോക കിരീടമെന്ന സ്വപ്നം ബാക്കിയാക്കി ബ്രസീല്‍ മടങ്ങിയിരിക്കുകയാണ്. പ്രീക്വാര്‍ട്ടറില്‍ നോര്‍വേയോട് പരാജയപ്പെട്ടാണ് കാനറിപട ഈ ലോകകപ്പിലെ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്.

ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നോര്‍വേ വിജയിച്ചുകയറിയത്. തുടര്‍ച്ചയായ ആറാം ലോകകപ്പിലും യൂറോപ്യന്‍ ടീമിനോട് തോറ്റാണ് ബ്രസീലിന്റെ മടക്കം. 1990ന് ശേഷം ഇതാദ്യമായാണ് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍ വീഴുന്നത്.

ലോകകപ്പിന്റെ ചരിത്രത്തില്‍ ഒന്നാമതയാണ് ബ്രസീല്‍ മടങ്ങുന്നത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രാജ്യമെന്ന തലയെടുപ്പോട് കൂടിയാണ് ബ്രസീല്‍ ഈ ലോകകപ്പിലെ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്. 248 ഗോളുകളാണ് ഇതുവരെ ബ്രസീല്‍ എതിര്‍ ടീമുകളുടെ പോസ്റ്റിലെത്തിച്ചത്. ഈ ലോകകപ്പില്‍ 10 ഗോളുകളാണ് ബ്രസീല്‍ സ്‌കോര്‍ ചെയ്തത്.

243 ഗോളുകള്‍ നേടിയ ജര്‍മനിയാണ് രണ്ടാം സ്ഥാനത്തുള്ളത്. ജര്‍മനി റൗണ്ട് ഓഫ് 32ല്‍ തന്നെ പുറത്തായതിനാല്‍ നിലവില്‍ മറ്റൊരു ടീമും കാനറികളുടെ ഈ റെക്കോഡിന് ഭീഷണിയായി നിലനില്‍ക്കുന്നില്ല.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ രാജ്യം, ഗോളുകളുടെ എണ്ണം

ബ്രസീല്‍-248

ജര്‍മനി-243

അര്‍ജന്റീന-162

ഫ്രാന്‍സ്-150

ഇറ്റലി-128

സ്‌പെയ്ന്‍-116

ഇംഗ്ലണ്ട്-115

അതേസമയം മത്സരത്തില്‍ എര്‍ലിങ് ഹാലണ്ടിന്റെ ഇരട്ട ഗോളിന്റെ കരുത്തിലാണ് നോര്‍വേ ബ്രസീലിനെ തകര്‍ത്തത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ തുടക്കത്തില്‍ തന്നെ ബ്രസീലിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ബ്രൂണോ ഗുയിമാറാസ് പാഴാക്കിയിരുന്നു. മാത്യു കുന്‍ഹയെ ഫൗള്‍ ചെയ്തതിനായിരുന്നു ബ്രസീലിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചത്. എന്നാല്‍ പെനാല്‍റ്റിയെടുത്ത ബ്രൂണോ ഗുയിമാറാസിന് പിഴക്കുകയായിരുന്നു. താരത്തിന്റെ കിക്ക് നോര്‍വീജിയന്‍ ഗോള്‍കീപ്പര്‍ ഓര്‍ജാന്‍ നൈലാന്‍ഡ് അനായാസമായി രക്ഷപ്പെടുത്തുകയായിരുന്നു.

മത്സരത്തിന്റെ 79ാം മിനിട്ടിലായിരുന്നു ഹാലണ്ടിന്റെ ആദ്യ ഗോള്‍ പിറന്നത്. ആന്‍ഡിയാസ് ഷെല്‍ഡെറപ്പ്ന്റെ ക്രോസില്‍ തലവെച്ചുകൊണ്ടായിരുന്നു നോര്‍വേക്ക് വേണ്ടി ഹാലണ്ട് എതിരാളിയുടെ വല കുലുക്കിയത്.

90ാം മിനിട്ടില്‍ ഗോള്‍ നേടി ഹാലണ്ട് വീണ്ടും ഗോള്‍ നേടി നോര്‍വേയെ വിജയതീരത്തെത്തിച്ചു. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ നെയ്മര്‍ ബ്രസീലിനായി ആശ്വാസ ഗോള്‍ നേടുകയും ചെയ്തു.

Content Highlight: Brazil is the country that has scored the most goals in the FIFA World Cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more