| Tuesday, 10th March 2026, 8:30 am

ലോകകപ്പില്‍ ബ്രസീലിന്റെ പത്താം നമ്പര്‍ അണിയാന്‍ നെയ്മര്‍! ഫ്രാന്‍സിനെതിരെ ടീമില്‍, കാര്‍ലെറ്റോ ഞെട്ടിക്കുമോ?

ആദര്‍ശ് എം.കെ.

ലോകം ഒരു ഫുട്‌ബോളിലേക്ക് ചുരുങ്ങുന്ന ഫിഫ ലോകകപ്പിന് ഇനി മൂന്ന് മാസത്തിന്റെ മാത്രം കാത്തിരിപ്പ് ശേഷിക്കെ ബ്രസീല്‍ ലെജന്‍ഡ് നെയ്മറിനെ ടീമിലേക്ക് തിരിച്ചുവിളിച്ച് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന സൗഹൃദ മത്സരത്തിനുള്ള പ്രാഥമിക സ്‌ക്വാഡില്‍ നെയ്മറിനെ ഉള്‍പ്പെടുത്തി.

പരിക്കിന് പിന്നാലെ ഏറെ നാളുകളായി വിട്ടുനിന്ന താരം ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങുകയാണ്. ഫ്രാന്‍സ്, ക്രൊയേഷ്യ ടീമുകള്‍ക്കെതിരെ നടക്കുന്ന മത്സരങ്ങളിലാണ് നെയ്മര്‍ കാനറിപ്പടയുടെ ഭാഗമാവുക.

നെയ്മര്‍

മാര്‍ച്ച് 16ന് കാര്‍ലെറ്റോ അന്തിമ ടീമിനെ പ്രഖ്യാപിക്കും. മാര്‍ച്ച് 26നാണ് ബ്രസീല്‍ ഫ്രാന്‍സിനെതിരെ കളത്തിലിറങ്ങുന്നത്. ബോസ്റ്റണാണ് വേദി. മാര്‍ച്ച് 31ന് ഓര്‍ലാന്‍ഡോയില്‍ ക്രൊയേഷ്യയെയും മഞ്ഞക്കുപ്പായക്കാര്‍ നേരിടും.

പരിക്കില്‍ നിന്ന് മോചിതനായി ഫെബ്രുവരി 15-നാണ് നെയ്മര്‍ മത്സരരംഗത്തേക്ക് തിരിച്ചെത്തിയത്. തിരിച്ചുവരവില്‍ തന്റെ ബോയ്ഹുഡ് ക്ലബ്ബായ സാന്റോസ് എഫ്.സിക്കായി മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്.

വാസ്‌കോ ഡ ഗാമയ്‌ക്കെതിരായ മത്സരത്തില്‍ താരം ഇരട്ട ഗോളുമായി തിളങ്ങിയിരുന്നു. സാന്റോസ് ഒന്നിനെതിരെ രണ്ട് ഗോളിന് വിജയിച്ചപ്പോള്‍ രണ്ട് ഗോളും നെയ്മറിന്റെ വകയായിരുന്നു.

നിലവില്‍ കൂടുതല്‍ പരിക്കുകള്‍ ഒഴിവാക്കുന്നതിനായുള്ള വര്‍ക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി പ്രത്യേക പരിശീലനത്തിലാണ് താരം.

മാര്‍ച്ച് 16നാണ് സാന്റോസിന്റെ അടുത്ത മത്സരം. സാന്റോസിന്റെ തട്ടകമായ എസ്റ്റാഡിയോ അര്‍ബനോ കാല്‍ഡെറിയയില്‍ നടക്കുന്ന മത്സരത്തില്‍ നിലവില്‍ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ കോറിന്തിയന്‍സാണ് എതിരാളികള്‍. നാല് മത്സരത്തില്‍ നിന്നും നാല് പോയിന്റുമായി 13ാം സ്ഥാനത്താണ് സാന്റോസ്.

കോറിന്തിയന്‍സിനെതിരായ മത്സരത്തിലെ നെയ്മറിന്റെ പ്രകടം ആന്‍സലോട്ടി നേരിട്ട് വിലയിരുത്തിയേക്കും.

2026 ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള ബ്രസീലിന്റെ പ്രധാന തയ്യാറെടുപ്പുകളായാണ് ഈ മത്സരങ്ങളെ കാണുന്നത്. ലോകകപ്പ് ടീമിനെ അന്തിമമായി നിശ്ചയിക്കുന്നതിന് മുന്‍പുള്ള ബ്രസീലിന്റെ അവസാന സൗഹൃദ മത്സരങ്ങളായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലോകകപ്പില്‍ ഗ്രൂപ്പ് സി-യിലാണ് ബ്രസില്‍ ഇടം നേടിയിരിക്കുന്നത്. ഹെയ്തി, മൊറാക്കോ, സ്‌കോട്‌ലാന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

Content Highlight: Brazil include Neymar in preliminary squad for friendlies ahead of World Cup

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more